Untitled design 20250112 193040 0000

 

 

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 7 മണി വരെയുള്ള കണക്ക് അനുസരിച്ച് പോളിംഗ് 71 ശതമാനം രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.55%). തിരുവനന്തപുരം (67.1%), കൊല്ലം (70%), ആലപ്പുഴ (73.58%), കോട്ടയം (70.68%), ഇടുക്കി (71.28%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്.

 

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിനിടെ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ അടക്കം കെ റെയിൽ വരെ യുഡിഎഫ് എതിര്‍ത്ത പദ്ധതികളിലെ ഇപ്പോഴത്തെ നിലപാട് തുറന്ന് പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്‍കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്‍കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ? എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോ? മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ നീളുന്നു.

 

തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്. രാവിലെ മോക്പോള്‍ ആരംഭിച്ചപ്പോള്‍തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. രാഷ്ട്രീയ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു.

 

പോളിംഗ് ബൂത്തിൽ വച്ച് വോട്ടർ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. പോളിം​ഗ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

നടിയെ അതിക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണെന്നും ചുരുക്കം ചില ആളുകൾ മാത്രം അയാൾക്കൊപ്പം നിന്നു, അവൾക്കൊപ്പമുണ്ടായിരുന്നു ഈ ദിവസങ്ങളില്‍ വലിയ പ്രയാസത്തിലാണ് അവൾ എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. ഇപ്പോൾ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ് എന്നും അവർ പറഞ്ഞു.

 

നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിനെ അനുകൂലിച്ച യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് കേസില്‍ സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ടി സിദ്ദിഖിന്‍റെ പ്രതികരണം. നീതിക്കൊപ്പം മാത്രം നിന്ന പി ടിയാണ് ഞങ്ങൾ കോൺഗ്രസുകാരുടെ വഴികാട്ടിയെന്ന് കല്‍പ്പറ്റ എംഎൽഎ ടി സിദ്ദിഖ് വ്യക്തമാക്കി.

 

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. സിനിമ കാണാറില്ല. ദിലീപ് നല്ല നടനാണ്. അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

 

പത്ത് ശതമാനം ഇൻഡി​ഗോ സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡി​ഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇൻഡി​ഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുന്നിൽ കൈകൂപ്പുന്ന ചിത്രം അടക്കമാണ് കേന്ദ്രനമന്ത്രിയുടെ ട്വീറ്റ്. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളില്‍ ഒരിളവും ഇൻഡിഗോയ്ക്ക് നല്കില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

സ്ത്രീകൾ പരാതിക്കാരായി വരുന്ന കേസുകളിലെ യു‍ഡിഎഫ് നിലപാടിലെ വിമർശിച്ച് സിനിമ താരവും അഭിഭാഷകനുമായ സി ഷുക്കൂർ. നിങ്ങൾ എന്തു കൊണ്ടാണ് ഒരു പിണറായി ഫാൻ ആകുന്നത്? എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് വലതുപക്ഷ നിലപാടുകളെ ഷുക്കൂര്‍ വക്കീൽ തള്ളിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ കൂടാതെ പി ടി കുഞ്ഞുമുഹമ്മദിന് എതിരെയുള്ള പരാതിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം ഏർപ്പെടുത്തുന്നത്.

 

ശബരിമല പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നും കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചാലക്കയത്താണ് അപകടമുണ്ടായത്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ യാത്രക്കാരായ 51 അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു.

 

ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് ആഖ മണി വരെ ദർശനം നടത്തിയത് 75463 ഭക്തരാണ്. ഇന്ന് ഇതുവരെ ഏഴായിരത്തിന് മുകളിൽ ആളുകൾക്ക് സ്പോട്ട് ബുക്കിംഗ് വഴി പ്രവേശനം നൽകിയിട്ടുണ്ട്. തിരക്ക് അനുസരിച്ച് പമ്പയിൽ നിന്നും നിലയ്ക്കൽ നിന്നും ബച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്. എത്തുന്നവർക്കെല്ലാം സുഗമമായ ദർശനം ലഭിക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് ആശ്വാസം ആണ്.

 

പത്ത് ശതമാനം ഇൻഡി​ഗോ സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡി​ഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇൻഡി​ഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുന്നിൽ കൈകൂപ്പുന്ന ചിത്രം അടക്കമാണ് കേന്ദ്രനമന്ത്രിയുടെ ട്വീറ്റ്. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളില്‍ ഒരിളവും ഇൻഡിഗോയ്ക്ക് നല്കില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയില്‍ വന്‍ വാക്കേറ്റം. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ രാജ്യദ്രോഹം വോട്ട് മോഷണമാണെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. സര്‍വകാശാലകളെയും അന്വേഷണ ഏജന്‍സികളെയും നിയന്ത്രണത്തിലാക്കിയ ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരുതിയിലാക്കി കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അടുപ്പക്കാരായിരുന്നു യുപിഎ ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പെത്തെന്നും, സര്‍ദാര്‍ പട്ടേലിനെ വെട്ടി നെഹ്റു പ്രധാനമന്ത്രിയായതാണ് രാജ്യത്തെ ആദ്യ വോട്ട് ചോരിയെന്നും ബിജെപി തിരിച്ചടിച്ചു.

 

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശേഷി വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ഈ സോഫ്റ്റ്‌വെയർ ഭീമൻ ഏഷ്യയിലെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചു. 17.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) ആണ് കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക.

 

മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി പ്രതിപക്ഷ നേതാക്കൾ. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്ത്വത്തിലാണ് എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് നൽകിയത്. പ്രിയങ്കാ ഗാന്ധിയും, അഖിലേഷ് യാദവും നോട്ടീസ് നല്കുമ്പോൾ കനിമൊഴിക്കൊപ്പം ഉണ്ടായിരുന്നു. ആകെ 107 എംപിമാരാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജഡ്ജിയാണ് ജി ആർ സ്വാമിനാഥൻ.

 

കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. 50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും ഏകദേശം 69 ലക്ഷം പെൻഷൻകാരും കമ്മീഷന്‍റെ പരിധിയിൽ വരും. എന്നാൽ, കമ്മീഷൻ നടപ്പാക്കുന്ന തീയതിയും അതിനുവേണ്ട ഫണ്ടിംഗ് എങ്ങനെ കണ്ടെത്തുമെന്നുമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

 

വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നല്കാനാണ്സർക്കാർ തീരുമാനം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കാനും നിർദ്ദേശം നല്കും. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു ലോക്സഭയില്‍ പറഞ്ഞു

 

അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ. ജയ് അൻമോൽ അനിൽ അംബാനിക്കെതിരെയാണ് കേസ്. അംബാനിയുടെ കമ്പനിയായ റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. കമ്പനിയെയും കമ്പനി സിഇഒയെയും സർക്കാർ ഉദ്യോ​ഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. തട്ടിപ്പിലൂടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി.

 

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം. ദില്ലിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാൾ ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ അഞ്ചിനാണ് രാകേഷ് കിഷോർ ജസ്റ്റിസ് ഗവായ്ക്കെതിരെ ഷൂ എറിഞ്ഞത്. ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ഗവായ് ആദ്യ കേസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്.

 

ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലാണ് സംഭവം. സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവസമയത്ത് നിരവധി പേർ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *