തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള സമയം ഇനിയും നീട്ടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തിൽ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ച നീട്ടിയതു പോരെന്ന് സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞു. ഇനിയും ഫോം സ്വീകരിക്കാത്ത 20.75 ലക്ഷം പേരെക്കുറിച്ചുള്ള പരിശോധന നടത്താൻ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞാൽ ആവശ്യത്തിന് സമയമുണ്ടെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.
കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് കൽപ്പിച്ച കേന്ദ്രം, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും തുടങ്ങി. കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇന്നലെയാണ് തകർന്നത്. സംഭവത്തിൽ ദേശീയ പാത നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസടക്കം കേന്ദ്രം ഇതിനകം നൽകിക്കഴിഞ്ഞു.
കൊല്ലം കൊട്ടിയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ന്നതില്‍ നടപടിയുമായി കേന്ദ്രം. കരാര്‍ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനെ ഒരു മാസത്തേക്ക് വിലക്കി. വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. നിര്‍മ്മാണത്തിലെ വീഴ്ചയില്‍ സംസ്ഥാനത്തിനും ഉത്തരവാദിത്തമുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ വിമര്‍ശത്തോട് സര്‍ക്കാരിന്‍റെ പെടലിക്ക് ഇടാന്‍ നോക്കണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണ്. തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും ദേശീയപാതയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും സണ്ണി ജോസഫ് വയനാട് നടവയലിൽ പ്രതികരിച്ചു.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കായി ഞങ്ങൾ പണം ചെലവഴിച്ചിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് വേണ്ടി തന്നെയാണ് പണം ചിലവഴിച്ചത്. അത് റിസർവ്വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ്. കിഫ്ബി പ്രവർത്തിക്കുന്നതിൽ റിസർവ്വ് ബാങ്കിന് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വർ വാദിച്ചിരുന്നു. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
രാഹുൽ ഈശ്വറിന്റെ ജാമ്യം തള്ളിയ കോടതി വിധിയിൽ സുപ്രധാന നിരീക്ഷണങ്ങൾ. പരാതിക്കാരിയെ വീഡിയോയിലൂടെ ലൈംഗികമായി അതിക്ഷേപിച്ചിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും ഏതെങ്കിലും ഒരു വാക്കോ വാചകമോ എടുത്ത് മാത്രമല്ല ഇക്കാര്യം പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.കസ്റ്റഡിയിൽ കഴിയുമ്പോഴും പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ സമാനമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതി ജയിലിൽ തന്നെ കിടക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം നിഷേധിച്ചത്.
ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ. ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി.ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വറിൻ്റെ പിന്മാറ്റം. അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു.
കേരളത്തിൽ വലിയ ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു. ബിജെപി പ്രചാരണത്തിന് തൃശൂരിൽ എത്തിയതായിരുന്നു ഖുശ്ബു. എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്. അബ്ദുൽ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെന്ന് പറഞ്ഞ ഖുശ്ബു ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നും പരിഹസിച്ചു.
നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്. ഈ മാസം ഒന്നിന് പുലർച്ചെയാണ് പ്രതികൾ കാർ കത്തിച്ചത്. വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന് നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
ശബരിമലയിൽ ഇതുവരെ എത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്ന് ഉച്ചവരെ ദർശനം നടത്തിയത് അര ലക്ഷത്തിൽ അധികം ഭക്തർ. അവധി ദിവസമായതിനാൽ ഇന്ന് കൂടുതൽ വിശ്വാസികൾ സന്നിധാനത്ത് എത്തിയേക്കും. ഇന്നലെ ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ് ദർശനം നടത്തിയത്.
പാലക്കാട് തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. ഇന്ന് വൈകിട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം. കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം വ്യവസായിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇന്നോവ കാറിലാണ് കൊണ്ടുപോയത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വയനാട് മുത്തങ്ങയില്‍ വൻ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്താൻ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. എക്സൈസ് ഇന്നലെ രാത്രിയില്‍ അതിർത്തിയില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശി സി കെ മുനീർ ആണ് പണവുമായി പിടിയലായത്. അതിർത്തിയില്‍ നടന്ന പരിശോധനയില്‍ ആണ് ചുവന്ന ഹ്യൂണ്ടായി കാറില്‍ നിന്ന് പണം കണ്ടെടുത്തത്.
പാലക്കാട് മലമ്പുഴയിൽ സർക്കാർ സ്കൂളിന് സമീപം പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. പിന്നാലെ വനം, ആർ ആർ ടി സംഘങ്ങളുടെ മുഴുവൻ സമയ നിരീക്ഷണവും ക്യാമറയും സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് ഉന്നതതല യോഗം ചേർന്ന് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്.
ക്ഷേത്രത്തിന് ദാനം നൽകിയ ഭൂമി ദേവസ്വം ഉദ്യോഗസ്ഥൻ കൈക്കലാക്കിയെന്ന് പരാതി. കൊച്ചിൻ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ സുനിൽകുമാറിനെതിരെ നെട്ടിശ്ശേരി സ്വദേശിയാണ് പരാതി നൽകിയത്. ഇഷ്ടദാനമായി പെരിങ്ങോട്ടുകുറിശി സ്വദേശിനി എഴുതി നൽകിയ 70 സെന്റ് സ്ഥലം ഉദ്യോഗസ്ഥൻ തട്ടിയെടുത്തെന്നും ക്ഷേത്രത്തിലേക്ക് ഭൂമി എഴുതി വെച്ച കാര്യം ബോർഡിനെ അറിയിച്ചിരുന്നില്ലെന്നും വിജിലൻസിൽ നൽകിയ പരാതിയിൽ പറയുന്നു.
സിപിഎമ്മിനൊപ്പം ചേര്‍ന്നാല്‍ മതേതര പാര്‍ട്ടിയെന്നും കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വര്‍ഗീയ പാര്‍ട്ടിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നയം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നാലു പതിറ്റാണ്ടിലധികം ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കയ്യിട്ട് നടന്ന സിപിഎമ്മാണ് യുഡിഎഫിനെ വിമര്‍ശിക്കുന്നതെന്നും ലീഗിന്റെ പിന്നാലെ നടന്നപ്പോള്‍ ‘ലീഗ് വര്‍ഗീയ ശക്തിയല്ല മതേതര പാര്‍ട്ടിയാണ്’ എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ലീഗിനെ തള്ളിപ്പറയുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ഇൻഡിഗോ വിമാനത്തിന്റെ സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യത്തുടനീളം എണ്ണൂറിലധികം സർവീസുകൾ തടസപ്പെട്ടതോടെ ഇന്നും വിമാന യാത്രക്കാർ വലഞ്ഞു. ഇൻഡിഗോയുടെ നിരുത്തരവാദിത്തപരമായ രീതിയെ വിമർശിച്ച് കേന്ദ്രവും രംഗത്തെത്തി. അതിനിടെ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇൻഡിഗോ കാല താമസമില്ലാതെ മുഴുവൻ പണവും തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് കേന്ദ്ര സർക്കാർ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ രാഷ്ട്രപതി പ്രസിഡന്റ് പുടിന് ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതിന് ശശി തരൂരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ വിമർശനം കടുപ്പിക്കുകയാണ്.
തമിഴകം വെട്രി കഴകം പുതുച്ചേരിയിൽ നടത്തുന്ന പൊതുയോഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നൽകിയത്. അതേസമയം, പൊതുയോഗം നടത്തുന്നതിന് പൊലീസ് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. പൊതുയോഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബാബറി മസ്ജിദിന്റെ മാതൃകയിൽ നിർമ്മിക്കുന്ന പള്ളിക്ക് ശനിയാഴ്ച തറക്കല്ലിട്ടു. 1992-ൽ ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിലാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് (ടിഎംസി) നിയമസഭാംഗം ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച തറക്കല്ലിട്ടത്. ശിലാസ്ഥാപന ചടങ്ങ് പ്രഖ്യാപിച്ച കബീർ, പുരോഹിതന്മാർക്കൊപ്പം റിബൺ മുറിച്ച് കർമം നിർവഹിച്ചു. രാവിലെ മുതൽ ആയിരക്കണക്കിന് ആളുകൾ അവിടെ ഒത്തുകൂടിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം പരിധി നിശ്ചയിച്ചു.
മുംബൈക്ക് സമീപത്തെ സിയോണിൽ ഏകദേശം 4 ഏക്കർ സ്ഥലം വിഎച്ച്പിക്ക് അനുവദിക്കാനുള്ള നിർദേശത്തിന് മഹായുതി സർക്കാർ അംഗീകാരം നൽകി. ബിഎംസിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സംസ്ഥാനത്തിന്റെ അംഗീകാരത്തോടെ വിഎച്ച്പിക്ക് അനുവദിച്ചു.ഒക്ടോബറിലാണ് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള നഗരവികസന വകുപ്പിന് (യുഡിഡി) ബിഎംസിയുടെ നിർദ്ദേശം സമർപ്പിച്ചത്.
പാക്കിസ്ഥാൻ വ്യേമാതിർത്തിക്ക് തൊട്ടടുത്ത്, അറബിക്കടലിനു മുകളിൽ വമ്പൻ വ്യോമാഭ്യാസം നടത്താൻ തീരുമാനിച്ച് ഇന്ത്യൻ വ്യോമസേന. ഈ വരുന്ന ഡിസംബർ 10, 11 തീയതികളിലായിരിക്കും പാക്കിസ്ഥാനെ വിറപ്പിക്കുന്ന വ്യോമാഭ്യാസം നടക്കുക. കറാച്ചിയിൽ നിന്ന് വെറും 200 നോട്ടിക്കൽ മൈലും പാക്കിസ്ഥാൻ നിയന്ത്രിത വ്യോമാതിർത്തിയിൽ നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ മാത്രം അകലെയുമാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത്.
ടെസ്റ്റ് പരമ്പരയിലേറ്റ തിരിച്ചടിയുടെ ആഘാതത്തില്‍നിന്ന് ഉയർത്തെഴുന്നേറ്റ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കൈവശപ്പെടുത്തി ഇന്ത്യ. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ പ്രോട്ടീസിനെ ഒമ്പത് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ആദ്യ ഏകദിന സെഞ്ചുറി നേട്ടത്തോടെ യശസ്വി ജയ്‌സ്വാളും അര്‍ദ്ധ സെഞ്ചുറികളോടെ രോഹിതും കോലിയും ബാറ്റുമായി നിലയുറപ്പിച്ചപ്പോള്‍ 271 എന്ന ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ലോകത്ത് ഇന്ത്യ തിളങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുവരികയാണെന്നും രാജ്യം എന്നതിനാണ്.മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയെയും റഷ്യയെയും കൂടുതല്‍ അടുപ്പിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെയാണ് മൈക്കിള്‍ റൂബിന്റെ പരിഹാസം.
