പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം ഡിജിറ്റൽ തെളിവുകള്‍ കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.

 

മുഖ്യമന്ത്രിക്ക് യുവതി ലൈം​ഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.

 

യുവതിയുടെ ലൈം​ഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.

 

രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിൽ. രാഹുലിനെതിരെ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തലിന്റെ എംഎൽഎ ഓഫീസ് പൂട്ടിയതെന്നാണ് വിവരം. പാലക്കാട്ട് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നു രാഹുൽ. എന്നാൽ നിലവിൽ രാഹുൽ എവിടെയാണെന്ന് വിവരങ്ങളൊന്നുമില്ല. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

 

യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം സജീവമാക്കി. പരാതി സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ചർച്ച ചെയ്തു. യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

 

രഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ല. കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങൾ നിയമപരമായി നടക്കട്ടെ എന്നാണ് ഷാഫി മറുപടി പറഞ്ഞത്.

 

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ അതിജീവിത ലൈംഗികപീഡന പരാതി നൽകിയ വിഷയത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരാതി നിയമാനുസൃതമായ നടപടികള്‍ക്ക് വിധേയമാകട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകട്ടെയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

 

യുവതിയുടെ ലൈം​ഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നും പരാതികൾ ഇനിയും വരുമെന്നും എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. ഒരാളും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി അംഗീകരിക്കില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

 

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. ‘പ്രിയപ്പെട്ട സഹോദരി തളരരുത്… കേരളം നിനക്കൊപ്പം…’ എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്. പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. വളരെയധികം സന്തോഷമുണ്ടെന്നും എത്ര അസത്യ പ്രചാരണങ്ങൾ നടത്തിയാലും സത്യം വിജയിക്കും എന്നുള്ളതിന്‍റെ തെളിവാണിത്. അതിജീവിതകൾ ആരുമില്ല ഇത് വെറുമൊരു കെട്ടുകഥമാത്രമാണെന്ന് പ്രചരിപ്പിച്ചവർക്ക് നൽകുന്ന മുന്നറിയിപ്പാണ്. ഒരു അതിജീവിത മാത്രമല്ല, ഒരുപാട് അതിജീവിതകളുണ്ട്. ബുദ്ധിമുട്ടുകൾ നേരിട്ട മറ്റു പെണ്‍കുട്ടികൾ മുന്നോട്ട് വരണം. നിയമപരമായി നേരിടണം. പ്രതിയും കൂടെ നില്‍ക്കുന്നവരും യുവതിക്ക് മേല്‍ നടത്തുന്ന സമ്മർദ്ദമാണ് പരാതി നല്‍കാൻ ഇത്രയും വൈകാൻ കാരണം എന്നും റിനി പറഞ്ഞു.

 

യുവതിയുടെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘പീഡന വീരന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഇവരെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ ലൈം​ഗിക പീഡനപരാതിയിൽ പ്രതികരിച്ച് മുൻ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. രാഹുലിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം. ആ പെൺകുട്ടികളുടെ മൊഴി എടുക്കണം. രാഹുലിനെതിരെ പല പരാതികളും വിഡി സതീശൻ്റെ മുന്നിൽ എത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു..

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പരാതിക്കനുസരിച്ച് ഇനി സർക്കാറിന് നിലപാട് എടുക്കാമെന്നും കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണെന്നും കെ മുരളീധരൻ പറഞ്ഞു. തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ ചെയ്യാം. എംഎൽഎ സ്ഥാനം രാജിവെക്കാത്തവർ അസംബ്ലിയിലുണ്ട്. കൂടുതൽ കടുത്ത നടപടി ഉണ്ടായാൽ അതനുസരിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

 

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്യുകയായിരുന്നു. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടു പോയി.

 

ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്‍റെ നിരീക്ഷണത്തിൽ. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇന്‍റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്‍റെ സന്നിധാനത്തെ പ്രവര്‍ത്തനം.

 

യുവതിയുടെ ലൈം​ഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശ്. തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം. നവംബർ 24 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യുയായ 9.29 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. സെപ്റ്റംബര്‍ എട്ടിന് ലഭിച്ച 10.19 കോടി രൂപയാണ് ഒന്നാമത്. രണ്ടാമത് 9.41 കോടി രൂപ ഒക്ടോബർ ആറിന് ലഭിച്ചതാണ്. അസാധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കര്‍ പറഞ്ഞു.

 

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ 9 ന് വൈകുന്നേരം ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകുന്നേരം ആറ് മുതൽ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും.

 

വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന് എം പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പിൽ നിരവധി തടസ്സങ്ങളുണ്ട്. ഈ തടസ്സങ്ങൾ ലഘൂകരിക്കുന്ന നിയമഭേദഗതി 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുവാൻ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

 

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശ‌നമാക്കാനൊരുങ്ങി എംവിഡി. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം. സീബ്ര ലൈനിൽ വാഹനം പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് റോഡപകടത്തിൽ മരിച്ചതെന്ന് ​ഗതാ​ഗത കമ്മീഷണർ വ്യക്തമാക്കി.

 

വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുരിയാടി സ്വദേശിയാണ് ഇയാൾ. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

 

ഡിവൈഎസ്‍പിയെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ്. രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ചെർപ്പുളശേരി എസ്എച്ച്ഓ ബിനു തോമസിൻ്റെ ആത്മഹത്യക്കുറിപ്പിലാണ് നിലവില്‍ കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഡിവൈഎസ്‍പി എ.ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളുളളത്. ആത്മഹത്യ കുറിപ്പ് കസ്റ്റഡിയിലുണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പാലക്കാട് എസ് പി പറഞ്ഞു.

 

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം ‘ഡിറ്റ് വാ’ ( Ditwah ) ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. തമിഴ്നാട് – ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

 

തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്ക്. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിൻ്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്. കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. നായക്കൂട്ടം കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ. വ്യവസായ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നൽകിയത്. കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരനെയും എംഡിയായിരുന്ന കെ എ രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് സർക്കാർ ആവർത്തിച്ചു.

 

ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ആരോഗ്യ വിഭാഗം പരിശോധന നടത്തി പത്തുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ക്ഷേത്രത്തിനുള്ളിലെയും പരിസരത്തെയും ശുചിത്വം സംബന്ധിച്ച നിലവിലെ സാഹചര്യവും അറിയിക്കണമെന്നാണ് നിര്‍ദേശം.

 

ആമയിഴഞ്ചാൻ തോട്ടിൽ വീണ വയോധികനെ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് 65 വയസ്സ് തോന്നിക്കുന്ന വയോധികൻ ആമയിഴഞ്ചാൻ തോട്ടിൽ വീണത്. മാലിന്യത്തിൽ മുങ്ങി കിടന്നിരുന്ന ആളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.

 

കോൺഗ്രസ് ശക്തികേന്ദ്രത്തിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ, എൽഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷൻ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന എൽസി ജോർജിൻ്റെ പത്രിക തള്ളിയതോടെ ഡിവിഷനിൽ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലായി.

 

വായുമലി നീകരണത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോടതിയിൽ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ രണ്ടുമണിക്ക് കോടതി വാദം കേൾക്കും. എന്നാല്‍ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വീണ്ടും പ്രതിഷേധക്കാർ ആരോപിച്ചു.

 

 

തദ്ദേശ തെരഞ്ഞെടുപ്പിൽ തെറ്റിപ്പിരിഞ്ഞ് ബിജെപിയും ശിവസേനയും (ഏക്നാഥ് ഷിൻഡെ വിഭാഗം). വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മഹാരാഷ്ട്രയിലെ മഹായുതി ഭരണ സഖ്യത്തിൽ വിള്ളലുകളുണ്ടായത്. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് പോരാടിയതിന് ശേഷം പാൽഘർ, ദഹാനു മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ഇരു പാർട്ടികളും പരസ്പരം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

 

ദേശീയ മെഡിക്കൽ കമ്മീഷൻ കോഴക്കേസ് അന്വേഷിക്കാൻ ഇഡിയും രംഗത്ത്. ആന്ധ്രാപ്രദേശ് മുതൽ ദില്ലി വരെയുള്ള സംസ്ഥാനങ്ങളിലെ പതിനഞ്ച് സ്ഥലങ്ങളിൽ ഇഡി പരിശോധന തുടങ്ങി. 200 കോടിയിലധികം രൂപയുടെ ഇടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും മനസിലാക്കുന്നത്.രാജ്യത്തെ ഏഴ് മെഡിക്കൽ കോളേജുകളിലും ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്.

 

 

രാജ്യത്തിന്റെ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ‘ജെൻ-സീ’ തലമുറയുടെ പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ഇൻഫിനിറ്റി കാമ്പസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സായി (CDF) സ്ഥാനമേറ്റെടുത്തിരിക്കുകയാണ്. സൈന്യം അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി സൈന്യം മാറുകയാണ് പാക്കിസ്ഥാനിൽ. പാക് ഭരണഘടനയിലെ വിവാദമായ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിച്ച ഈ പദവി, കര-വ്യോമ-നാവിക സേനകളുടെയെല്ലാം തലവനായി അസിം മുനീറിനെ നിയമിക്കുന്നു.

 

ഇന്ത്യൻ പക്കലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടിക്കെതിരേ ഇന്ത്യ. ഈ നീക്കം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *