തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണർ പറഞ്ഞു

 

 

ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശം ആണിത് . അവധി എടുക്കാൻ പാടില്ല, ടാർഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്. എസ്ഐആർ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം.

 

പ്രാദേശിക നേതാക്കൾ അധിക്ഷേപിച്ചെന്നാരോപിച്ച് ആത്മഹത്യാശ്രമം നടത്തിയ ശാലിനി സനിലിനെ, ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ പനങ്ങോട്ടേല വാർഡിലാണ് ശാലിനി സനിൽ ജനവിധി തേടുക. ഇന്നലെയാണ് മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയായ ശാലിനി സനിൽ ആത്മഹത്യക്ക് ശ്രമിച്ചത്. പ്രാദേശിക നേതാക്കളുടെ വ്യക്തിഹത്യയും അധിക്ഷേപവുമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നായിരുന്നു ശാലിനി പറഞ്ഞത്.

 

വർക്കല കസ്റ്റഡി മർദ്ദനത്തില്‍ പരാതിക്കാരന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവിറക്കിയത്. വർക്കല സ്റ്റേഷൻ എസ്ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി.

 

 

തൃശ്ശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി സിപിഐയിൽ നിന്ന് രാജി വെച്ചു. പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചു. സിപിഐ തൃശ്ശൂർ മണ്ഡലം കമ്മിറ്റി അംഗമാണ്. ഇനി കൃഷ്ണാപുരം ഡിവിഷനിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ബീന മുരളി മാധ്യമങ്ങളെ അറിയിച്ചു.

 

ശബരിമലയിൽ വൃശ്ചിക പുലരിയിൽ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ. സന്നിധാനത്ത് രാഷ്ട്രപതി എത്തിയിരുന്നത് തുലാമാസ പൂജ വേളയിലാണ്. അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നാണ് നെയ്യഭിഷേകം നടത്തിയത്. ഇന്ന് മണ്ഡലകാലത്തിൻ്റെ ആരംഭത്തെ തുടർന്ന് ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്.

 

ആലപ്പുഴയിലും വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി. ആലപ്പുഴ നഗരസഭ വലിയമരം വാർഡിലെ ഗൗരി പാർവതി രാജാണ് പരാതിയുമായി രംഗത്തെത്തിയത്. പുനഃപ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഗൗരിയുടെ പേരില്ല. ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് ഗൗരിയുടെ പേരുള്ളത്. വലിയമരം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ള ആളായിരുന്നു ഗൗരി.

 

മാനന്തവാടി നഗരസഭയിൽ യുഡിഎഫിൽ തർക്കം. തുടർന്ന് കോൺഗ്രസിന്റെ പയ്യമ്പള്ളി മണ്ഡലം സെക്രട്ടറി സ്ഥാനം പുത്തൻതറ നൗഷാദ് രാജി വെച്ചു. വരടി മൂല ഡിവിഷനിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആണ് നടപടി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പുത്തൻതറ നൗഷാദ് അറിയിച്ചു.

 

തിരുവനന്തപുരം കോർ‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

 

ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശിയായ ബിഎൽഒ അനീഷ് ജോർജിൻ്റെ മൃതദേഹം സംസ്ക്കരിച്ചു. പള്ളിമുക്ക് ലൂർദ് മാതാ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ ആയിരുന്നു ചടങ്ങുകൾ. രാജ് മോഹൻ ഉണ്ണിത്താൻ എംപി, പയ്യന്നൂർ എംഎൽഎ മധുസൂദനൻ, സിപിഎം നേതാവ് ഇ പി ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

 

പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് അതികഠിനമായ ജോലി ഭാരമുണ്ടെന്നും ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുത്, സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാടാടത്തിലാണ്. ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധമാണ്, ഈ ആരോപണം ബിജെപിയെ സഹായിക്കാനാണ്. പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമാണ് എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ നിര്‍ണായക ശബ്ദസന്ദേശം പുറത്തുവിട്ട് ജില്ലാ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. അനീഷും കോണ്‍ഗ്രസ് ബിഎല്‍എ വൈശാഖും തമ്മിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്. വീടുകള്‍ തോറുമുള്ള എസ്‌ഐആര്‍ ഫോം വിതരണത്തില്‍ വൈശാഖിനെ ഒപ്പം കൂട്ടരുതെന്ന് സിപിഎം ഭീഷണിപ്പെടുത്തിയതായി ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.

 

സിപിഐ വിട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാകും. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിലാണ് മത്സരിക്കുക. ഇന്നാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐയിൽ നിന്ന് കോൺ​ഗ്രസിലേക്ക് എത്തിയത്.

 

45 വർഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി വി എം വിനു. ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. കല്ലായിയിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും വിനു കൂട്ടിച്ചേർത്തു.

 

കടുത്ത ജോലി സമ്മർദത്തിൽ പ്രതിഷേധിച്ചു ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പണിമുടക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്കും കളക്ടറേറ്റ്കളിലേക്കും മാർച്ച്‌ നടത്തി. ഏറ്റുകുടുക്കയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിച്ചത്. അനീഷ് ജോർജിന്‍റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി.

 

 

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒരു ഗുണഭോക്താവിന് ഇത്തവണ 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നിൽക്കുന്ന 1600 രൂപയും (അവസാന ഗഡു) നവംബർ മാസം മുതല്‍ വർധിപ്പിച്ച 2000 രൂപയും ചേർന്നാണ് ഈ തുക.

 

ആലപ്പുഴ വണ്ടാനം ഗവൺമെൻ്റ് ഡെൻ്റൽ ആശുപത്രിയിൽ സീലിങ് അടർന്ന് രോഗിയുടെ ദേഹത്ത് വീണു. എക്സ് റേ റൂമിന് മുന്നിലെ ജി ബോർഡ് കൊണ്ട് നിർമിച്ച സീലിങ് ആണ് 12 മണിയോടെ അടർന്നു വീണത്. എക്സ്റേ എടുക്കാൻ എത്തിയ ആറാട്ടുപുഴ തറയിൽ കടവ് സ്വദേശി ഹരിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

 

യുവാവിനെ നടുറോഡിൽ കുത്തികൊലപ്പെടുത്തി.രാജാജിനഗർ സ്വദേശി അലനാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്. സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് കുത്തിയത്.19 കാരൻ ആണ് കുത്തേറ്റ് മരിച്ച അലൻ.

 

ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായത്. ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു.

 

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അല്‍ഫലാ സർവകലാശാലയുടെ ചെയർമാന് ദില്ലി പൊലീസ് നോട്ടീസ്. ചെയർമാൻ ജാവേദ് അഹമ്മദിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലുമാണ് നടപടി. സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാർത്ഥികളും ഇവർക്ക് വീട് വാടകയ്ക്ക് നൽകിയവരും ഉൾപ്പെടെ 2000 പേരിൽ നിന്ന് വിവരങ്ങൾ തേടിയെന്ന് ഫരീദാബാദ് പൊലീസ് വ്യക്തമാക്കി.

 

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരായ ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂർ കൊണ്ട് അവസാനിച്ച ഒരു ട്രെയിലർ മാത്രമായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭാവിയിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ്. അവസരം നൽകിയാൽ, ഒരു അയൽ രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ പഠിപ്പിക്കുമെന്നും ജനറൽ ദ്വിവേദി ദില്ലിയിൽ നടന്ന ‘ചാണക്യ ഡിഫൻസ് ഡയലോഗ്‌സ്’ എന്ന പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.

 

എസ്ഐആറിനെ ചൊല്ലിയുള്ള വാക്പോരിൽ നാടകീയ നീക്കങ്ങളുമായി പശ്ചിമ ബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസ്. രാജ്ഭവനിൽ അക്രമികളെ പാർപ്പിച്ചെന്ന തൃണമൂൽ കോൺ​ഗ്രസ് എംപി കല്യാൺ ബാനർജിയുടെ ആരോപണത്തിന് പിന്നാലെ ​ഗവർണറുടെ നേതൃത്ത്വത്തിൽ രാജ്ഭവൻ മുഴുവൻ വിവിധ സേനകളെ കൊണ്ട് പരിശോധിപ്പിച്ചു. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ​ഗവർണർ മുന്നറിയിപ്പ് നല്കി.

 

സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ രക്ഷപ്പെട്ടത് ഒരേ ഒരാൾ മാത്രമെന്ന് റിപ്പോര്‍ട്ട്. ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മദീനയ്ക്കടുത്ത് വെച്ച് ഡീസൽ ടാങ്കറുമായി ഇടിച്ച് കത്തി 45 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 54 തീർത്ഥടകരാണ് സംഘത്തിൽ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 4 പേർ കാറിൽ യാത്ര ചെയ്തു. നാല് പേർ മക്കയിൽ തന്നെ തങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് ബസിൽ അധികമുണ്ടായിരുന്നത്. 46 പേരില്‍ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം.

 

ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്ക് ആശ്വാസം. ധ‍ർമസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താനുള്ള ഉത്തരവ് റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് പൊലീസ് ഉത്തരവ് റദ്ദാക്കിയത്. നാടുകടത്തൽ നിർബന്ധമെങ്കിൽ പുതിയ ഉത്തരവിറക്കാനാണ് കോടതിയുടെ നിർദേശം.

 

ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുമായി ബിബിസി. ഇന്ത്യയിലെ വന്ധ്യത, പ്രസവ ചികിത്സാ രംഗത്ത് പ്രസിദ്ധമായ ഒരു ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. സിസിടിവി ക്യാമറകൾ സാധാരണമായ ഒരു രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് പുറത്ത് വരുന്ന വിവരം.

 

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ. ബംഗ്ലാദേശിൽ കഴിഞ്ഞ വർഷം അരങ്ങേറിയ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിലാണ് നടപടി. മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങള‍ തെളിഞ്ഞെന്നാണ് കോടതി നിരീക്ഷണം.

 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപെട്ടു എന്ന് പ്രതികരിച്ച് ഇന്ത്യ. ബം​ഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ബം​ഗ്ലാദേശിൻ്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരും എന്നും ഇന്ത്യ വ്യക്തമാക്കി.രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

 

തനിക്ക് വധശിക്ഷ നൽകിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ (ഐസിടി) വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചതെന്നും ഡൽഹിയിൽ ഇന്ത്യാ ടുഡേ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഹസീന പ്രതികരിച്ചു.

 

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യ ഉടൻ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കും എന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

 

എത്യോപ്യയിൽ അതിമാരക മാർബ​ഗ് വൈറസ് സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടന. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഒമോ മേഖലയിൽ ഒമ്പത് പേരിൽ വൈറസ് ബാധ കണ്ടെത്തി. വൈറസ് വ്യാപനം തടയുന്നതിനായി ലോകാരോ​ഗ്യ സംഘടന പ്രത്യേക സംഘത്തെ എത്യോപ്യയിൽ നിയോ​ഗിച്ചു. എബോ​ഗളയുടെ ​ഗണത്തിൽ പെടുന്ന ഫിലോ വൈറസാണ് മാർബ​ഗ്.

 

 

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വലിയ തോതില്‍ കുറച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടുളകണക്കുകള്‍ പുറത്ത്. അമേരിക്ക അധിക ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചെന്നായിരുന്നു ട്രംപിന്റെ വാദം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *