Untitled design 20250112 193040 0000 1

 

 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ​ഗൂഢാലോചന വാദവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. യുഡിഎഫിനെ ഉന്നമിട്ടാണ് മന്ത്രി വാസവന്റെ പ്രതികരണം. അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തെന്ന് മന്ത്രി വാസവൻ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന. കാരേറ്റുള്ള പോറ്റിയുടെ കുടുംബവീട്ടിലാണ് പരിശോധന. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.

 

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം വിവിധ രേഖകൾ പിടിച്ചെടുത്തു. പുളിമാത്ത് വില്ലജ് ഓഫീസർ, വാർഡ്‌ അംഗം എന്നിവരുടെ സന്നിധ്യത്തിലായിരുന്നു പരിശോധന. കാരേറ്റുള്ള വീട്ടിൽ പരിശോധന തുടരുകയാണ്. അന്വേഷണത്തിലൂടെ എല്ലാം തെളിയും എന്നാണ് വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.

 

പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്‍റെ സമാപന സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാർ നടത്തിയ കളവ് ആരും അറിഞ്ഞില്ല എങ്കിൽ അവർ വീണ്ടും കക്കാൻ പോകും. ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

 

നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി യുവാക്കള്‍ക്കായി പ്രാര്‍ഥനയോടെ നാട്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

 

പുഴയിൽ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവിൽ നിന്ന് കയ്യോടെ പൊക്കി കേരള പൊലീസ്.പഞ്ചാബി ഹൗസ് സിനിമാ സ്റ്റൈലിൽ നാടുവിട്ട ഗുജറാത്ത് സ്വദേശി ഗുഹാനി സിറാജ് അഹമ്മദ് ഭായിയെയാണ് പാലക്കാട് ഷൊർണൂർ പൊലീസ് കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് സിനിമ തിരക്കഥയെ വെല്ലും രീതിയിൽ സ്വന്തം മരണത്തെ ബന്ധുക്കളെ അറിയിച്ചശേഷം സ്ഥലം വിട്ടത്.

 

തിരുവനന്തപുരം പോത്തൻകോട് പാഴ്സൽ നൽകാത്തതിന് പായസക്കട തകർത്തതായി പരാതി. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകർത്തത്. വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു.

 

കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് കൗണ്‍സിലര്‍ പിപി രാജേഷിനെ സിപിഎം പുറത്താക്കി. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് രാജേഷ്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്.

 

പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലിൽ വയസുള്ള അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാൻ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അതിശക്തമായ മിന്നലേറ്റത്. സംഭവത്തില്‍ അശ്വതിയുടെ കൈക്കാണ് പൊള്ളലേറ്റത്. അൽപ്പ സമയം ചലനശേഷി നഷ്ടമായ ഇവരെ ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ കുട്ടികൾ അടക്കമുള്ള കുടുംബാഗങ്ങൾ ഇടിമിന്നലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

 

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയപടെ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. പുതുപ്പാടി,കണ്ണപ്പന്‍കുണ്ട്,കോടഞ്ചേരി ,അടിവാരം മേഖലകളിലാണ് കനത്ത മഴ പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുതുപ്പാടി മണല്‍ വയല്‍ പാലത്തിന്‍റെ മുകളില്‍ വെള്ളം കയറി. പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും മഴ ശക്തമാണ്.

 

പുഴയിൽ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവിൽ നിന്ന് കയ്യോടെ പൊക്കി കേരള പൊലീസ്.പഞ്ചാബി ഹൗസ് സിനിമാ സ്റ്റൈലിൽ നാടുവിട്ട ഗുജറാത്ത് സ്വദേശി ഗുഹാനി സിറാജ് അഹമ്മദ് ഭായിയെയാണ് പാലക്കാട് ഷൊർണൂർ പൊലീസ് കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് സിനിമ തിരക്കഥയെ വെല്ലും രീതിയിൽ സ്വന്തം മരണത്തെ ബന്ധുക്കളെ അറിയിച്ചശേഷം സ്ഥലം വിട്ടത്.

 

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ വടക്കൻ ജില്ലയിൽ ഓറഞ്ച് അലർട്ട്; മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

 

മഹാരാഷ്ട്രയിൽ ഒരു വീട്ടിൽ 800 വോട്ടർമാർ രജിസ്റ്റർ ചെയ്തെന്ന ​ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര നവനിർമാണ സേന. നാസിക് സെൻട്രൽ നിയമസഭാ മണ്ഡലത്തിലെ നനാവലി പ്രദേശത്തെ 3892-ാം നമ്പർ വീട്ടിൽ നിന്ന് 800 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകരും ശിവസേന (യുബിടി) പ്രവർത്തകരും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിലവിലെ വോട്ടർ പട്ടിക അവലോകനം നടത്തിയപ്പോഴാണ് നാനാവലി പ്രദേശത്തെ 3892-ാം നമ്പർ വീട്ടിൽ 800 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് എംഎൻഎസ് നേതാക്കൾ പറഞ്ഞു.

 

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ആദ്യം പ്രതികരിക്കാതിരുന്നത് ഛിദ്രശക്തികളുടെ ഇടപെടൽ തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾ കേരളത്തിൽ വിജയിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ ധനസഹായം നൽകി. 20 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. 39 പേരുടെ കുടുംബത്തിന് പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി ഈ വർഷം ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ജില്ലാ സെക്രട്ടറിമാരോടും അണികളോടും നിർദേശിച്ചു.

 

വെള്ളിയാഴ്ച ഇറ്റലിയിലെ മിലാനിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് റദ്ദാക്കി. ഇതോടെ ദീപാവലി ആഘോഷത്തിനായി നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന 256 യാത്രക്കാരുടെയും 10-ലധികം ക്രൂ അംഗങ്ങളുടെയും യാത്ര മുടങ്ങി. വിമാനം റദ്ദായതിനെ തുടർന്ന് ഒക്ടോബർ 20-ന് ഷെങ്കൻ വിസ കാലാവധി അവസാനിക്കുന്ന ഒരു യാത്രക്കാരനെ ദീപാവലിക്ക് മുമ്പ് ഇവിടെ എത്തേണ്ട മറ്റൊരു വിമാനക്കമ്പനിയിൽ വീണ്ടും ബുക്ക് ചെയ്തു. മറ്റുള്ളവരെ തിങ്കളാഴ്ചയ്ക്ക് ശേഷം ഇതര വിമാനങ്ങളിൽ നാട്ടിലേക്ക് അയയ്ക്കും.

 

പാകിസ്ഥാനിലെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്മോസ് മിസൈലിന്‍റെ പ്രഹര ശേഷിയുടെ പരിധിയിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്മോസ് മിസൈൽ സാങ്കേതിക മേന്മ തെളിയിക്കുകയും ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിരോധ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്‌തെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് യൂണിറ്റിൽ നിർമ്മിച്ച സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് രാജ്‌നാഥ് സിങും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

 

വിവാഹമോചന സമയത്ത് സാമ്പത്തിക ഭദ്രതയുള്ള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ജീവനാംശം അനുവദിക്കുന്നത് ‘ഓട്ടോമാറ്റിക്’ ആയ പ്രക്രിയ അല്ലെന്നും പങ്കാളി “സാമ്പത്തികമായി സ്വയംപര്യാപ്തയാണെങ്കിൽ” അനുവദിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ഗ്രൂപ്പ് ‘എ’ ഓഫീസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി.

 

ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ്. പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ 30 ലധികം വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തുവെന്ന് സബർകാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) അതുൽ പട്ടേൽ പറഞ്ഞു.

 

വടക്കൻ ഗാസയിൽ ഇസ്രായേൽ ടാങ്ക് ഷെല്ലാക്രമണത്തിൽ ബസ് യാത്രികരായ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒകു കുടുംബത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ഹമാസ് സുരക്ഷാ സേന വിശദമാക്കുന്നത്. വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ ആക്രമണം നടന്ന സെയ്തൂൺ മേഖലയിലെ തങ്ങളുടെ വീട് പരിശോധിക്കാനായി പുറപ്പെട്ട കുടുംബമാണ് കൊല്ലപ്പെട്ടതെന്നാണ് സിവിൽ ഡിഫൻസ് വൃത്തങ്ങൾ വിശദമാക്കുന്നത്.

 

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ വിവാദങ്ങളിലേക്ക് എത്തിയതിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സുപ്രധാന പദവികൾ ഉപേക്ഷിച്ച് ആൻഡ്രൂ രാജകുമാരൻ. ഡ്യൂക്ക് ഓഫ് യോർക്ക് ഉൾപ്പെടെയുള്ള പദവികൾ ഉപേക്ഷിക്കുകയാണെന്ന് ആൻഡ്രൂ രാജകുമാരൻ വെള്ളിയാഴ്ച വ്യക്തമാക്കിയത്.

 

പൊതുവിടങ്ങളിൽ ബുർഖ അടക്കം മുഖം മൂടുന്ന വസ്ത്രങ്ങൾക്ക് വിലക്കുമായി പോർച്ചുഗൽ. ലിംഗപരമോ, മതപരമോ ആയ കാരണങ്ങളാൽ പൊതുസ്ഥലത്ത് മുഖംമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനാണ് വിലക്ക്. ഇത്തരത്തിലുള്ള വസ്ത്രധാരണവുമായി എത്തുന്നവരിൽ നിന്ന് വൻതുക പിഴയീടാക്കാനും നി‍ർദ്ദേശിക്കുന്ന നിയമത്തിനാണ് പോർച്ചുഗൽ പാർലമെന്റ് അംഗീകാരം നൽകിയിട്ടുള്ളത്. തീവ്ര വലതുപക്ഷ പാർട്ടിയായ ചെഗയാണ് ഈ ബിൽ പാർലമെന്റിൽ നിർദ്ദേശിച്ചത്.

 

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തമെന്ന് വിവരം. വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാര്‍ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ബെംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ ഇന്‍റര്‍നാഷണൽ എയര്‍പോര്‍ട്ടിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 28 ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്

 

 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന വാദം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നത് ഇന്ത്യ യുഎസ് ബന്ധത്തിൽ കല്ലുകടിയാകുന്നു. ട്രംപിനോട് എന്നും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് നിലവില്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. വ്യാപാര കരാറിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാ സഖ്യത്തിൽ വിള്ളൽ. സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചു.

 

വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാകിസ്താന്‍ വീണ്ടും അഫ്ഗാനിസ്താന് നേരേ ആക്രമണം നടത്തിയതില്‍ വ്യാപക പ്രതിഷേധം. പാകിസ്താന്റെ നടപടി ഭീരുത്വംനിറഞ്ഞതും പ്രാകൃതവുമാണെന്ന് അഫ്ഗാന്‍ മുന്‍ പാര്‍ലമെന്റ് അംഗം മറിയം സുലൈമാന്‍ഖില്‍ ദേശീയമാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിച്ചു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *