ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് 2025 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ 991.94 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍വര്‍ഷം സമാനപാദത്തിലെ 1,096.25 കോടി രൂപയുമായി നോക്കുമ്പോള്‍ ലാഭം 9.51 ശതമാനം ഇടിഞ്ഞു. ബാങ്കിന്റെ പലിശ വരുമാനം 5.4 ശതമാനം ഉയര്‍ന്ന് 2,495 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1,644 കോടി രൂപയായി. തൊട്ട് മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 1,565 കോടി രൂപയായിരുന്നു. മൊത്തവരുമാനം 3.75 ശതമാനം വര്‍ധനയോടെ 7824.33 കോടി രൂപയിലെത്തി. ഫീ വരുമാനം 13 ശതമാനം വര്‍ധനവോടെ 885.54 കോടി രൂപയായി. ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവില്‍ 5,33,576.64 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 2,69,106.59 കോടി രൂപയില്‍ നിന്ന് 2,88,919.58 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,30,312.24 കോടി രൂപയില്‍ നിന്ന് 2,44,657.06 കോടി രൂപയായി വര്‍ധിച്ചു. 4532.01 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി.
