കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കിയാണ് കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി വന്നത്.
സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആരോപിച്ചു. ദേശീയ പണിമുടക്കിൻ്റെ പേരിൽ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലല്ലാതെ രാജ്യത്ത് മറ്റൊരിടത്തും ജനജീവിതത്തെ “ദേശീയ” പണിമുടക്ക് യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലെ സ്ത്രീ മരിച്ചു. പരപ്പനങ്ങാടി സ്വദേശിയായ 74 കാരിയാണ് മരിച്ചത്. മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് പൊലീസ് മുഖേന നിർദേശം നൽകി. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീയാണ് ഇന്ന് മരിച്ചത്.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മതവും ജാതിയുമില്ലാതെ വളരുന്ന കുട്ടികൾ നാളയുടെ വാഗ്ദാനമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കാൻ കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പരുപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം ചേര്‍ക്കാതെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനും പഠിപ്പിക്കാനും തയ്യാറായ ഓരോരുത്തരേയും അനുമോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ നിലപാട് തള്ളി കെ സുധാകരൻ. സർക്കാറിനെ കുറ്റപ്പെടുത്താനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കടകവിരുദ്ധമായാണ് കെ സുധാകരൻ്റെ പ്രതികരണം. വിഷയം ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലാണ് സുധാകരൻ്റെ പ്രതികരണം.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ (11/07/2025) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം വടക്കൻ കേരളത്തിൽ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിൻ്റെ പേരിൽ കേരള സർവകലാശാലയിൽ തുടങ്ങിയ പോര് പുതിയ തലത്തിൽ. അനിശ്ചിതകാല അവധിക്കായി അപേക്ഷിച്ച റജിസ്ട്രാർ അനിൽകുമാറിന് സസ്പെൻഷനിലിരിക്കുമ്പോൾ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി മോഹൻ കുന്നുമ്മൽ മറുപടി നൽകിയത്. ജൂലൈ 9 മുതൽ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷിച്ചത്. തൻ്റെ ചുമതല പരീക്ഷ കൺട്രോളർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു വിസിയുടെ മറുപടി.
സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിർദേശത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.
അഖിലേന്ത്യാ പണിമുടക്കിനിടെ സ്‌കൂൾ തുറന്ന അധ്യാപകരെ പൂട്ടിയിട്ടു. അരുവിക്കര എൽപി സ്‌കൂളിലാണ് സംഭവം. ഇവിടുത്തെ അഞ്ച് അധ്യാപകരെയാണ് പുറത്ത് നിന്ന് എത്തിയ സമരക്കാർ മുറിക്കകത്ത് പൂട്ടിയിട്ടത്. ഏറെ നേരം മുറിക്കകത്ത് നിന്ന അധ്യാപകരെ സ്‌കൂൾ സമയം കഴിഞ്ഞിട്ടും തുറന്നുവിടാൻ സമരക്കാർ തയ്യാറായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് പൂട്ട് തല്ലിപ്പൊളിച്ച് അധ്യാപകരെ പുറത്തിറക്കിയത്.
പത്തനാപുരത്ത് പണിമുടക്കിനെ അവഗണിച്ച് ബാങ്ക് തുറക്കാനെത്തിയ ജീവനക്കാർക്ക് നേരെ പണിമുടക്ക് അനുകൂലികളുടെ ഭീഷണി. ‘നട്ടെല്ല് ചവിട്ടിയൊടിക്കുമെന്ന്’ ആക്രോശിച്ചാണ് സമരക്കാർ ബാങ്ക് ജീവനക്കാരെ തടഞ്ഞത്. പത്തനാപുരത്ത് പ്രവർത്തിക്കുന്ന ഇസാഫ് ബാങ്കിന് മുന്നിലാണ് സംഭവം.
പിഎം കുസും പദ്ധതി പ്രകാരം സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ 240 കോടി രൂപയുടെ ടെൻഡറിൽ വൻ ക്രമക്കേടുകൾ നടന്നതായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും പുറത്തുവിട്ടായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യും. സെന്‍സര്‍ ബോര്‍ഡാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചത്.
കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് തയ്യാറെടുത്ത് ഇഡി യും. എൻ സി ബിയിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ലഹരി ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയം. എഡിസനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കോടികളാണ് ലഹരി ഇടപാടിലൂടെ എഡിസൺ സമ്പാദിച്ചത്.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എൻ പ്രശാന്ത് ഐഎഎസ്. വിവരാവകാശ രേഖപ്രകാരം എൻ പ്രശാന്ത് നൽകിയ അപേക്ഷകൾ സംബന്ധിച്ച് നിയമ വിരുദ്ധമായ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി നൽകിയെന്നാണ് ആരോപണം. മറുപടികൾ പരമാവധി താമസിപ്പിക്കാനും മുട്ടാപ്പോക്ക് പറഞ്ഞ് വിവരങ്ങൾ നിഷേധിക്കാനും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയെന്നും എൻ പ്രശാന്ത് ആരോപിക്കുന്നത്. നിയമം വിട്ട് സ്റ്റേറ്റ് പബ്ലിക് ഇൻഫൊർമ്മേഷൻ ഓഫീസർമാർ പ്രവർത്തിച്ചാൽ അത് ക്രിമിനൽ ഗൂഡാലോചനയാവുമെന്ന മുന്നറിയിപ്പാണ് എൻ പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍റേത് കൊലപാതകമല്ലെന്ന് പോലീസിനോട് ആവര്‍ത്തിച്ച് മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍ ജീവനൊടുക്കിയതാണെന്നും മറ്റു വഴികളില്ലാതിരുന്നതിനാല്‍ മൃതദേഹം കാട്ടില്‍ കൊണ്ടു പോയി കുഴിച്ചിടുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. സാമൂഹ്യമാധ്യമം വഴി നേരത്തെ ഇതേ വാദം പ്രതി ഉന്നയിച്ചിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ നൗഷാദിനെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം പാളയം പൊലീസ് ക്വാർട്ടേഴ്സിനുള്ളിൽ 13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് സിബിഐ റിപ്പോർട്ട്. കുട്ടി ലൈഗിംകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിച്ച ഫൊറൻസിക് ഡോക്ടറുടെ സംശയം തള്ളിയാണ് പോക്സോ കോടതിയിൽ സിബിഐ നൽകിയ റിപ്പോർട്ട്.
മതവും ജാതിയുമില്ലാതെ വളരുന്ന കുട്ടികൾ നാളയുടെ വാഗ്ദാനമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കാൻ കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പരുപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം ചേര്‍ക്കാതെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനും പഠിപ്പിക്കാനും തയ്യാറായ ഓരോരുത്തരേയും അനുമോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നത് മാത്രം, കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ മതിയായ കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദേശിച്ച കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആർഎംജോഷിയുടെ നാഗ്പൂർ ബെഞ്ച് ഇത് പറഞ്ഞത്. അസാധാരണമായ കേസുകളിൽ മാത്രമേ ഇത്തരം ജനിതക പരിശോധനകൾക്ക് ഉത്തരവിടാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവെ ഫലം പങ്കുവെച്ച് തരൂർ. സ്വകാര്യ സർവെ ഫലം സംബന്ധിച്ച് എക്സിൽ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു. കൂപ്പുകൈ ഇമോജിയോടെയാണ് തരൂർ ഇത് പങ്കുവെച്ചത്. 28.3 ശതമാനം പേർ തരൂർ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സർവേ ഫലം.
കെഎസ്ആര്‍ടിസി ബസുകളിലേതു പോലെ കണ്‍സഷനുവേണ്ടി സ്വകാര്യബസുകളിലും ആപ്പ് വരുമെന്ന് ഗതാഗതമന്ത്രി. വിദ്യാര്‍ഥികളല്ലാത്തവര്‍ കണ്‍സഷന്‍ യാത്ര നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യിച്ചശേഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് കാര്‍ഡ് നല്‍കും. അതോടെ കണ്‍സഷന്‍ പ്രയോജനപ്പെടുത്തുന്നവരുടെ യഥാര്‍ഥ കണക്കെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സുഹൃത്തായ യുവാവ് ഇൻ്റർനെറ്റിൽ പങ്കുവച്ച യുവ അഭിഭാഷകയുടെ സ്വകാര്യ ചിത്രങ്ങൾ നീക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ വാദം കേൾക്കെ വികാരാധീനനായ ജഡ്‌ജ്, ‘എന്റെ മകൾക്കായിരുന്നു ഇങ്ങനെ വന്നതെങ്കിൽ സഹിക്കാനാകുമോ’ എന്ന് ചോദിച്ചു. അഭിഭാഷകയുടെ സുഹൃത്തായ യുവാവ് അപ്‌ലോഡ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും 48 മണിക്കൂറിൽ നീക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന് നിർദേശം നൽകി.
തീവ്രവാദിയെ സാധാരണക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച് ചാനൽ ചർച്ചയിൽ വെളളം കുടിച്ച് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ. ഹിന പറഞ്ഞത് കള്ളമാണെന്ന് അവതാരകൻ തത്സമയം തെളിയിച്ചു. അൽ ജസീറയിലെ അഭിമുഖത്തിലാണ് സംഭവം.
യാത്ര പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവെ യുവാവ് റൺവേയിലേക്ക് അവിചാരിതമായി എത്തുകയായിരുന്നു. 35 വയസുകാരനാണ് മരണപ്പെട്ടതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും പുറത്തായി ബിൽ ഗേറ്റ്‌സ്. ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോൾ ബിൽ ഗേറ്റ്‌സ്. 124 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി. കൂടാതെ, തന്റെ മുൻ സഹായിയും മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒയുമായ സ്റ്റീവ് ബാൽമറിനേക്കാൾ വളരെ താഴെയാണ് ബിൽ ഗേറ്റ്‌സിന്റെ സ്ഥാനം.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി. പസഫിക് മേഖലയിലെ വന്യജീവിസങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളിയില്‍ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യോമസേന പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുഎസ് സേനയുടെ സ്വതന്ത്രപ്രസിദ്ധീകരണമായ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സ് റിപ്പോര്‍ട്ട് ചെയ്തു.