Untitled design 20250112 193040 0000

 

ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. നെതന്യാഹുവിനോട് ഇന്ത്യയുടെ ആശങ്ക നരേന്ദ്രമോദി അറിയിച്ചു. നിലവിലെ സാഹചര്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് നരേന്ദ്രമോദി ആവർത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

 

അഹമ്മദാബാദ്അപകടത്തിൽ പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. അനിതരസാധാരണമായി താപനില ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.അഗ്നിപര്‍വ്വതങ്ങളിലെ ലാവ സാധാരണയായി 1140 മുതല്‍ 1170 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍വരെ എത്താറുണ്ട്. ഇതിനോട് സമാനമാണ് അപകടത്തിന് പിന്നാലെ രൂപപ്പെട്ട സാഹഹചര്യമെന്നാണ് പുറത്തുവരുന്ന വിവരം.

അഹമ്മദാബാദ് വിമാനത്താവളത്തിലെ വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബോയിം​ഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം. ട്രാൻസിറ്റിലും പരിശോധന ഉറപ്പാക്കണമെന്നും ‌ഹൈഡ്രോളിക് സംവിധാനം അടക്കം പരിശോധിക്കണമെന്നും നിർദേശമുണ്ട്. പവർ സിസ്റ്റവും ടേക്ക് ഓഫിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്ഥിരം വിലയിരുത്തണം. കൂടാതെ കണ്ടെത്തിയ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും ഡിജിസിഎ നിർദേശം നൽകി. 294 പേരാണ് ഇന്നലെ ഉച്ചയോടെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചത്. എന്താണ് അപകടകാരണമെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല.

 

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുന്നു. സംഭവസ്ഥലത്ത് നിന്ന് തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തിയെന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തില്‍ പിന്തുണക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്തെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു വ്യക്തമാക്കി.

രണ്ടില്‍ ഒരു ബ്ലാക്ക് ബോക്സ് വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് കണ്ടെത്തിയെന്ന് വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു. ഫ്ലെറ്റ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ശേഖരിക്കുകയാണ്. തല്‍ക്കാലം സാങ്കേതിക തകരാര്‍ എന്നാണ് നിഗമനമെങ്കിലും അട്ടിമറി സാധ്യതയടക്കം എല്ലാ വശങ്ങളും അന്വേഷണ പരിധിയില്‍ വരും. എന്‍ഐഎ സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്നുള്ള അപകടം എന്ന നിഗമനത്തിലാണ് തല്‍ക്കാലം കേന്ദ്രസര്‍ക്കാര്‍.

അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​നു​ശോ​ചിച്ചു. ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കുമാണ് അമീർ അനുശോചന സ​ന്ദേ​ശം അയച്ചത്.

 

ഇറാനെ ആക്രമിച്ച ഇസ്രായൽ നിലപാട് അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന് മുസ്ലിം ലീഗ്. ഇസ്രായേൽ ഉയർത്തുന്നത് ഭീഷണിയാണെന്നും ഇറാൻ്റേത് പ്രതിരോധമാണെന്നും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇസ്രായേൽ വിഷയം ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രായേൽ ചെയ്യുന്നത് അന്താരാഷ്ട്ര മര്യാദയ്ക്ക് എതിരാണെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി. അക്രമത്തിന് തുടക്കമിടുന്നത് ഇസ്രായേലാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

 

നിലമ്പൂരില്‍ സി പി എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് തേടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും സതീശൻ വെല്ലുവിളിച്ചു. വര്‍ഗീയത പറഞ്ഞ് തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രിയും സി പി എമ്മും ശ്രമിക്കേണ്ട. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള അതിശക്തമായ എതിര്‍പ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും, p ഹിന്ദുമഹാസഭയെയും പി ഡി പിയെയും കെട്ടിപ്പിടിക്കുന്നവര്‍ യു ഡി എഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ടെന്നും സതീശൻ പറഞ്ഞു.

 

അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കാസ‍‍ർകോട് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജൂൺ 14, 15 തീയതികളി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചാണ് ഉത്തരവിട്ടത്.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന – റായലസീമയ്ക്ക്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ടൂറിസത്തിന് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. നിലവിൽ ഇടുക്കിയിലും കാസർകോടുമാണ് നിയന്ത്രണം. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ റാണിപുരം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ ജൂൺ 14 ,15 തീയതികളിൽ തുറന്നു പ്രവർത്തിക്കുകയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു‌.

 

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്‍റെ ശമ്പളം കൂട്ടി. 12 അംഗ സംഘത്തിന്‍റെ ശമ്പള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയത്. സോഷ്യൽ മീഡിയ ടീം ലീഡിൻ്റെ ശമ്പളം 75000ത്തിൽ നിന്ന് 78750 രൂപയാക്കി. കണ്ടന്റ് മാനേജറുടെ ശമ്പളം 70000 രൂപയായിരുന്നത് 73500 ആക്കി ഉയര്‍ത്തി. മറ്റെല്ലാ തസ്തികകളിലും ആനുപാതിക വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്.

 

നിലമ്പൂർ‌ ഉപതെര‍ഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി- യുഡിഎഫ് ബന്ധത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അയാള് കാണിച്ച വഞ്ചനയുടെ ഭാഗമായി തെരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്ന് പിണറായി പറഞ്ഞു.എൽഡിഫിന് ഒരു വഞ്ചകനെ കൂടെ നടത്തേണ്ടി വന്നു എന്നും പറഞ്ഞു. ചുങ്കത്തറ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് പേരെടുത്തു പറയാതെ പിവി അൻവറിനേയും യുഡിഎഫിനേയും മുഖ്യമന്ത്രി വിമർശിച്ചത്.

 

പത്തനാപുരത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പത്തനാപുരം സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പത്തനാപുരം കടയ്ക്കാമൺ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. കനത്തമഴയിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേ‍ർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.

മലപ്പുറം കാളികാവ് അടക്കാക്കുണ്ടിൽ യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവ കരുവാരക്കുണ്ടിൽ തന്നെ ഉണ്ടെന്ന് സ്ഥിരീകരണം. കടുവയുടെ ദൃശ്യങ്ങൾ വീണ്ടും ക്യാമറയിൽ പതിഞ്ഞു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് ഒരു കൂട് കൂടി സ്ഥാപിച്ചു.

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പരമാവധി 2500 രൂപ എന്ന നിലവിലെ പരിധി എടുത്തുകളയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുറ്റക്കാർക്ക് ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്ന് തുക വിവരം നൽകുന്നവർക്ക് ഇനി ലഭിക്കും.

 

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാർ നൽകിയ കീഴശ്ശ സ്വദേശി മുഹമ്മദ് ഷെരീഫും കാറിന്‍റെ ഉടമകളായ മൊറയൂ‍ർ സ്വദേശി അബ്ദുൾ ഹക്കീം, മുനീർ എന്നിവരു‌മാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ ആളുകളുടെ എണ്ണം എട്ടായി. അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്.തട്ടിക്കൊണ്ടു പോയ മറ്റ് ആറ് പേർക്കായി അന്വേഷണം തുടരുകയാണ്.

 

ഇടുക്കി ജില്ലയിൽ പീരുമേടിനു സമീപം വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആദിവാസി സ്ത്രീയാണ് മരിച്ചത്. മലമ്പണ്ടാര വിഭാഗത്തിൽ പെട്ട സീത (54) ആണ് മരിച്ചത്. ഇന്ന് വന വിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

 

അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ കസ്റ്റ‍ഡിയിലെടുത്ത് പൊലീസ്. വെള്ളരിക്കുണ്ട് പൊലീസാണ് എ പവിത്രനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹോസ്ദുർഗ് പൊലീസാണ് എ പവിത്രനെതിരെ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രൻ സസ്പെൻഷനിലാകുന്നത് ഒരു വർഷത്തിനിടെ രണ്ടാം തവണ. ജാതി അധിക്ഷേപം സംബന്ധിച്ച് ഇതിന് മുൻപും പവിത്രനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ എംഎൽഎയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെയായിരുന്നു ജാതി അധിക്ഷേപം. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാനാണ് ജില്ലാ കളക്ടറുടെ ശുപാർശ.

 

വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ കഠിനമായ നടപടിയുണ്ടാകും. ഒരു മനുഷ്യനും ചെയ്യാൻ പാടില്ലാത്ത നടപടിയാണ് പവിത്രൻ്റേതെന്നും മന്ത്രി വിമർശിച്ചു.

 

ചാലക്കുടി വ്യാജ ലഹരി കേസിൽ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമെന്ന് ഷീലാ സണ്ണി. ലിവിയയും നാരായണദാസും മാത്രമല്ല കേസിലെ പ്രതിയെന്നും തൻ്റെ മരുമകൾക്കും കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല സണ്ണി പറഞ്ഞു.ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ലിവിയ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ കുടുക്കിയ മുഖ്യ കണ്ണിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

 

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളലിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയത് ആശ്വാസകരമെന്നും മന്ത്രി കെ രാജൻ. ചൂരൽമല പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കേന്ദ്ര സർക്കാരിൻ്റെ നാടകമായി കണ്ടതുകൊണ്ടാകാം സത്യവാങ്മൂലത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.ഒറ്റ യോഗം കൂടിയാൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാമായിരുന്നുവെന്നും മന്ത്രി രാജൻ പറഞ്ഞു.

 

ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതികളുമായി ഗുരുവായൂർ ടെമ്പിൾ പൊലീസ് തെളിവെടുപ്പ് നടത്തി. ഫാം ഫെഡ് ചെയർമാൻ സി. രാജേഷ് പിള്ള, എം.ഡി. അഖില്‍ ഫ്രാൻസിസ് എന്നിവരുമായാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കിഴക്കേ നടയിലുള്ള സ്ഥാപനത്തിൽ തെളിവെടുപ്പിന് എത്തിയത്.ഗുരുവായൂരിൽ ഫാം ഫെഡ് തട്ടിപ്പ് കേസിൽ 68 പരാതികളാണുള്ളത് . ഇതുവരെ 19 കോടിയുടെ തട്ടിപ്പ് നടന്നതായി ടെമ്പിൾ എസ്.എച്ച്.ഒ. ജി. അജയകുമാർ പറഞ്ഞു.

ട്രെയിൻ തട്ടി അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. അസ്സാം ഗോലാഹട്ട് ജില്ലയിൽ സമുക്ക്ജാൻ ബുക്കിയാൽ ഗ്രാമത്തിൽ ദിഗന്തോ (25) ആണ് മരിച്ചത്. അരൂർ വ്യവസായ മേഖലയിലെ അലുമിനിയം ഫേബ്രിക്കേഷൻ മെറ്റൽ കോട്ടിംഗ് കമ്പിനിയായ സൺ മെറ്റൽ കോട്ടിലെ ജീവനക്കാരനായിരുന്നു. തീരദേശ റെയിൽപാതയിൽ അരൂർ സെന്റ് ആഗസ്റ്റിൻസ് പള്ളി സിമിത്തേരിക്ക് സമീപം വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ചവരിൽ തീരാനോവായി നവവധുവും. രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അറബ സ്വദേശിനിയായ ഖുശ്ബു (21)വാണ് വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ രാജ്യത്തെ നടുക്കിയ വിമാന അപകടത്തിൽ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ലണ്ടനിലേക്ക് പോയ ഭർത്താവ് വിപുലിനെ കാണാനുള്ള യാത്രയിലാണ് ഖുശ്ബുവിന്‍റെ ജീവൻ പൊലിഞ്ഞത്.

 

ഇറാന്‍ ആണവ പദ്ധതികളുടെ തലച്ചോറായ നഥാന്‍സില്‍ ഉള്‍പ്പടെ ഇന്നലെ രാത്രി വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍റെ ഉറക്കംകെടുത്തി കഴിഞ്ഞ രാത്രിയില്‍ നൂറിലേറെ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് അതിശക്തമായ ബോംബ് വര്‍ഷമാണ് ഇസ്രയേല്‍ നടത്തിയത്.

 

ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. രണ്ട് രാജ്യങ്ങളും സുഹൃത്തുക്കളെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയ വിദേശകാര്യമന്ത്രാലയം നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. ഇറാൻ വഴിയുള്ള വിമാനസർവ്വീസുകൾ റദ്ദാക്കേണ്ടി വന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാകുകയാണ്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ താറുമാറായ അവസ്ഥയിലാണ്.

 

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ വിമർശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുർക്കി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

 

ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തെ തുടര്‍ന്ന് സംഘർഷം ഉള്ള റൂട്ടുകൾ മാറ്റി ഒമാൻ എയർ. ഇന്നത്തെ അമ്മാൻ-മസ്കറ്റ്, മസ്കറ്റ്-അമ്മാൻ സർവീസുകൾ റദ്ദാക്കി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഒമാന്‍ എയറിന്‍റെ യൂറോപ്യന്‍ സര്‍വീസുകളും വഴിതിരിച്ചു വിട്ടിട്ടുണ്ട്.

ഇറാനിൽ ഇസ്രയേൽ നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ മിന്നൽ പ്രവർത്തനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കറൻസി വിപണിയിൽ ഡോളർ വിറ്റഴിച്ചാണ് ആർബിഐ രൂപയുടെ മൂല്യത്തകർച്ച് നിയന്ത്രിച്ചത്. ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 86.20 ആയി കുറഞ്ഞിരുന്നു. ഇതോടെ വലിയ തകർച്ച് മുന്നിൽ കണ്ട ആർബിഐ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം 86.04 ആയി ഉയർന്നു.

രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ വിവാഹം ചെയ്യേണ്ടിവന്നതെന്നും സോനം രഘുവംശി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. രാജയെ കൊലപ്പെടുത്താനായി നടത്തിയ മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ നാലാം ശ്രമത്തിലാണ് സോനവും കൂട്ടാളികളും ചേര്‍ന്ന് രാജാ രഘുവംശിയെ കൊലപ്പെടുത്തിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *