വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. സര്‍ക്കാര്‍ പരിഹാരം കാണണം.ഒന്നും ചെയ്യില്ലെന്ന നിലപാട് തിരുത്തണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടാൻ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. കടുവ പ്രദേശത്ത് തന്നെ തുടരാൻ സാധ്യതയുള്ളിനാൽ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനിൽ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കടുവയെ തെരയുന്നതിനായി ക്യാമറ ട്രാപ്പുകളും വനംവകുപ്പ് സ്ഥാപിച്ചു. സ്ഥലത്ത് കൂടും സ്ഥാപിച്ചു.ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5,00,000 കൈമാറി. മന്ത്രി ഒആര്‍ കേളുവാണ് മരിച്ച രാധയുടെ കുടുംബാംഗങ്ങള്‍ക്ക് തുക കൈമാറിയത്.കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. രാധയുടെ വേർപാടിൽ കുടംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക എന്നതടക്കമുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ജനുവരി 25 ന് ആരംഭിക്കും . സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് കരുവഞ്ചാലില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും.കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മലയോര സമര യാത്ര നടത്തുന്നത്.
മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഹർത്താൽ ആചരിക്കും.
കാവിലക്കാട് പൂരത്തിനെത്തിച്ച ആന കൊമ്പൻ കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞു . പരിഭ്രാന്തരായി ആനപ്പുറത്തു നിന്ന് ചാടിയവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു. പരുക്കേറ്റവരെ കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് കൊണ്ടാണ് കഠിനംകുളം സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺസൻറെ മൊഴി. പോലീസ് പിടിയിലാകുമെന്നുറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിന് ജോൺസൺ മൊഴി നൽകി.എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജോൺസൺ. കഠിനംകുളം പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത് വന്നത്.
സി പി എം നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പാർട്ടിക്ക് ശക്തമായ വേരുള്ള കേരളത്തിൽ നിലവിൽ ഒരു വനിത ജില്ല സെക്രട്ടറി പോലും ഇല്ല എന്നത് വാസ്തവമാണെന്ന് പറഞ്ഞ വൃന്ദ, മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ പങ്കെടുത്ത് സംസാരിക്കവെയാണ് വൃന്ദ കാരാട്ട് ഇക്കാര്യങ്ങൾ പറഞ്ഞത്.
അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് മാപ്പു നല്‍കി ദയാബായി. പത്തു വര്‍ഷം മുമ്പ് തൃശൂരില്‍ നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ നേരിട്ട അപമാനവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നേരിട്ടെത്തിയാണ് ദയാബായി ബസ് ജീവനക്കാര്‍ക്ക് മാപ്പ് നല്‍കിയത്. 2015ലെ ഒരു രാത്രിയിൽ വസ്ത്രത്തിന്‍റെയും നിറത്തിന്‍റെയും പേരില്‍ ബസ് ജീവനക്കാര്‍ തന്നെ അസഭ്യം പറഞ്ഞ് നടുറോഡില്‍ ഇറക്കിവിട്ടെന്നായിരുന്നു ദയാബായിയുടെ പരാതി.
കടയച്ചുള്ള സമരവുമായി റേഷൻ കട ഉടമകൾ . കട ഉടമകളുമായി ധനമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കര പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.
മഹാരാജസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നടപടികൾ ഇന്നും തുടങ്ങിയില്ല. വിചാരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജി തീർപ്പാക്കിയ ശേഷം കേസ് പരിഗണിക്കുമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു.
വൈദ്യുതി വാങ്ങാനും സര്‍ക്കാരിന് ഇടനിലക്കാര്‍ എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്ഇബി. കുറഞ്ഞ വിലയിൽ വൈദ്യുതി വാങ്ങാനും പകൽ സമയങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി വിൽക്കാനുമായി കെ എസ് ഇ ബിക്ക് സ്വന്തമായ ഒരു മാർക്കറ്റിംഗ് സംവിധാനം ആലോചിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു വാര്‍ത്തയെന്നും കെഎസ്ഇബി വിശദീകരിക്ച്ചു.
അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികമാണെന്ന് കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. കൂടുതൽ ആരോപണങ്ങളുമായി കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് രംഗത്ത് വന്ന സാഹചര്യത്തിലാണ് പി പി ദിവ്യയുടെ മറുപടി.കോടതിയിൽ കാണാമെന്നും പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിന്‍റെ നിയമസാധുതയാരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ മറുപടി അറിയിക്കാൻ സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മീഷന്‍റെ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമുയര്‍ന്ന എംഎഫ് ഹുസൈന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ദില്ലി ആര്‍ട്ട് ഗാലറിക്കെതിരെ കേസെടുക്കേണ്ടെന്ന് കോടതി. പരാതി ഉയർന്ന രണ്ട് ചിത്രങ്ങൾ ആര്‍ട്ട് ഗാലറിയില്‍ നിന്ന് മാറ്റിയെന്ന് പൊലീസ് റിപ്പോര്ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കണമെന്ന ഹർജി കോടതി തള്ളിയത്.
നടൻ വിജയ്ക്കും പാർട്ടിക്കുമെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചിലർ പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെയാണ് ഇപ്പോഴേ പറയുന്നത്. ജനസേവനം ആയിരുന്നു അവരുടെ ലക്ഷ്യം എങ്കിൽ അംഗീകരിച്ചേനെയെന്നും നാടകം കളിക്കുന്നവരെ കുറിച്ച് പറഞ്ഞ് വില കളയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാരാഷ്ട്ര പൂനെയില്‍ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 64 വയസുള്ള സ്ത്രീ ആണ് മരിച്ചത്. ഇതുവരെ പൂനെ മേഖലയിൽ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.പൂനെയിൽ വ്യാപകമായി രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതിൽ വലിയ ആശങ്കയാണ് ഉയരുന്നത്.
ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിൽ കാരണം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സർക്കാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. എന്നാൽ വിഷാംശം ഏതാണെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ബാക്ടീരിയ വൈറൽ ബാധകൊണ്ടല്ല മരണമെന്നും ഇതുസംബന്ധിച്ച് കൂടൂതൽ പരിശോധനകൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. ബിഡ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്‍റെ ആയുധ നിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരാണ്. അപകട കാരണത്തെകുറിച്ച് മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 10.30നാണ് സ്‌ഫോടനമുണ്ടായത്.
യു.എസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും, ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്, അനധികൃതകുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരേ കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്. 160 റൺസ് എന്ന മധ്യപ്രദേശിന്റെ ഒന്നാമിന്നിങ്സ് സ്കോറിനെതിരേ കേരളം 167 റൺസാണ് നേടിയത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിലാണ്. കളി അവസാനിക്കുമ്പോൾ 133 റൺസിന്റെ നിർണായക ലീഡുണ്ട് മധ്യപ്രദേശിന്.