പ്രിയങ്ക ഗാന്ധി വയനാട്സന്ദർശിച്ചു. വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ അധികാരത്തിൽ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക വ്യക്തമാക്കി. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് എനിക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീഷ് തുടരന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് തിരൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.രണ്ടു മണിക്കൂറലധികം മൊഴിയെടുക്കല്‍ നീണ്ടു. കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു . അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്നാം തീയതി മുതൽ ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാൻസിലർ പിരിച്ചുവിടൽ ഉത്തരവിറക്കി.കലാമണ്ഡലം ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്.
ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും . തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ചത്തിൽ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റെ നിർദേശ പ്രകാശം മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളുടെ ആൾട്രാ സൗണ്ട് സ്കാനിന്‍റെ പ്രവർത്തനം സീൽ ചെയ്തു. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, റെക്കോര്‍ഡുകള്‍ ഒന്നും തന്നെ സ്ഥാപനങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
സംസ്ഥാന സെക്രട്ടറിയേറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി. ബയോ മെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എന്നാൽ ബയോ മെട്രിക്കിൽ നിന്നും ഒഴിവാക്കിയ ജീവനക്കാർക്ക് മാത്രം ഹാജർ ബുക്കിൽ ഒപ്പിടാമെന്നും ഇവർക്ക് മാത്രമായി ഹാജർ ബുക്ക് ഉപയോഗിക്കാമെന്നും പൊതു ഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.
കൊഴിഞ്ഞാമ്പാറയിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യത്തിന് ജനസേവന കേന്ദ്രമായി പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത മൂലമല്ല ബിബിൻ സി ബാബു ബിജെപിയിൽ ചേർന്നത് എന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. പാർട്ടി നടപടി നേരിട്ടത് കൊണ്ടാണ് ബിബിൻ ബിജെപിയിലേക്ക് പോയത്. ബിബിൻ കൈക്കൊണ്ടത് തെറ്റായ തീരുമാനമാണ്. സിപിഎമ്മിൽ മതനിരപേക്ഷത തകർന്നുവെന്ന് പറഞ്ഞ ബിബിൻ തെരഞ്ഞെടുത്തത് ആർഎസ്എസിൻ്റെ രാഷ്ട്രീയമല്ലേയെന്നും നാസർ ചോദിച്ചു.
മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരനെ സി.പി.എം അമ്പലപ്പുഴ ഏരിയാസമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്ന് .ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍. അദ്ദേഹത്തോട് ഒരു വിരോധവുമില്ല. ഒഴിവാക്കി നിര്‍ത്തയതുമല്ല. അതിന്റെ ആവശ്യമില്ലെന്നും ആര്‍.നാസര്‍ പറഞ്ഞു.
കൊടുവള്ളിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വർണം കവർന്ന സംഭവത്തിൽ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരൻ കടയുടമയുടെ സുഹൃത്തായ രമേശ് ആണെന്ന് പൊലീസ്. കേസിലെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വലിയൊരു സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് രമേശ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 29-മത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമ്മാതാവും നടിയുമായ ആൻ ഹുയിക്ക്. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. ഇന്ന് ദില്ലിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്ത് പ്രവര്‍ത്തകര്‍ക്കും മറ്റു നേതാക്കള്‍ക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം ഉണ്ടായത്. പദയാത്ര നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കെജ്രിവാളിനുനേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു.ഉടൻ തന്നെ അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.
ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടാനായതോടെ വിവിധ മേഖലകളിൽ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തിൽ മുങ്ങി. അതിശക്ത മഴയാണ് പലയിടത്തും. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളിൽ ചുഴലിക്കാറ്റ് റെഡ് മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ ഫിൻജാൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ വാരാണസി റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം. 200ലേറെ വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭീഷണി സന്ദേശം നല്‍കി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍. ഡിസംബര്‍ ഒന്ന് ഡി- ഡേ ആണെന്നും അന്ന് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്ര ഒഴിവാക്കണമെന്നും യാത്രക്കാരോട് നിർദേശിച്ചുകൊണ്ടുള്ളതായിരുന്നു ഭീഷണി സന്ദേശം..
നൈജീരിയയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 27 പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേരെ കാണാതായി. കോഗി സംസ്ഥാനത്തെ ഡാംബോയ്ക്ക് സമീപം നൈജര്‍ നദിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ തിരക്കേറിയ നദീജലപാതയാണിത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് നടക്കുമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെ. എക്‌സിലെ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെന്നും ബാവന്‍കുലെ കുറിപ്പില്‍ പറയുന്നു.