മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ബിലാസ്പുർ എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്.
ജാമ്യ ഉത്തരവ് പറയുന്ന ബിലാസ്പുരിലെ എന്‍ഐഎ കോടതിക്ക് മുന്നിൽ കേരളത്തിൽ നിന്നുള്ള എംപിമാരും ബിജെപി പ്രതിനിധികളടക്കമുള്ളവരും എത്തിയിരുന്നു. അനൂപ് ആന്‍റണി, ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരും കോടതിക്ക് മുന്നിലെത്തിയിരുന്നു. ജാമ്യ അനുവദിച്ചുള്ള വിധി വന്നതോടെ കെട്ടിപിടിച്ചുകൊണ്ടാണ് സന്തോഷവും ആശ്വാസവും പങ്കുവെച്ചത്.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ, അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അത് റദ്ദാക്കണമെന്നും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്ത സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. അവര്‍ക്കെതിരായ കള്ളക്കേസ് റദ്ദാക്കിയാലെ നീതി ലഭിക്കുകയുള്ളുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും പറഞ്ഞു.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമ പ്രവർത്തകരും ഇടപെട്ടിരുന്നു. ഈ ഒരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്. ഒരുപാട് പ്രാർത്ഥിച്ചു. വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പോയത്. കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി അർത്ഥവത്തും ഫലപ്രദവുമായ രീതിയിലാണ് ബിജെപി നേതാക്കൾ ഇടപെട്ടതെന്ന് ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. നീതി വാങ്ങി നൽകേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ ഇടപെടൽ.രാജീവ് ചന്ദ്രശേഖർ നിരന്തരം ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ നിന്ന് ഓസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തും. ആരോഗ്യമന്ത്രി വീണ ജോർജാണ് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ഓസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായിട്ടുണ്ടെന്നും ബോധപൂർവ്വം ഉപകരണങ്ങൾ കേടാക്കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടെന്ന് പറഞ്ഞത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ. എല്ലാ വർഷവും ഓഡിറ്റ് നടത്തുന്നതാണ് ഉപയോഗ പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് ഓസിലോസ്കോപ്പ് നിലവിൽ ഉപയോഗിക്കുന്നില്ല നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.
തിരുവനന്തപുരത്ത് സിനിമ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഉയർന്ന ദൃശ്യ സാക്ഷരതയുടേയും ഉയർന്ന ചലച്ചിത്ര ആസ്വാദനത്തിന്റെയും നാടാണ് പ്രബുദ്ധ കേരളം പടുത്തുയർത്താനായി മലയാള സിനിമ നിർവഹിച്ചത് വലിയ പങ്കാണ് മറ്റ് സംസ്ഥാനങ്ങൾ പുരാണങ്ങൾ സിനിമയാക്കിയപ്പോൾ മലയാളം വേറിട്ട് നിന്നു മലയാളത്തിന്റെ വിഗതകുമാരനും ബാലനും സാമൂഹ്യ പ്രസക്തമായ പ്രമേയങ്ങൾ സിനിമയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ വീണ്ടും അദ്ദേഹം വിമർശനം ഉന്നയിച്ചു.
കലാഭവൻ നവാസിന് ആദരാഞ്ജലികളുമായി ചലച്ചിത്ര ലോകം. മമ്മൂട്ടി,ഷമ്മി തിലകൻ, ടൊവിനോ തോമസ്, നിവിൻ പോളി, ദിലീപ് അനന്യ, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര, യുവതാര, സംവിധാന, അണിയറ പ്രവർത്തകരെല്ലാം തന്നെ കലാഭവൻ നവാസിന് അനുശോചനം അറിയിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്റെ വാദവും കോടതിയിൽ നടക്കും. ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ പൂർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷ.
2023-ലെ റായ്പൂർ എ.ഐ.സി.സി പ്ലീനറി സമ്മേളന തീരുമാനം കെ.പി.സി.സി-ഡി.സി.സി പുന:സംഘടനയിൽ കർശനമായി പ്രാവത്തികമാക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്. 25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എ.ഐ.സി.സി നിബന്ധന പൂർണ്ണമായും പാലിക്കണമെന്നും പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിലെ സംഘടനാ ദൗർബല്യത്തിന് മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാലയിലെ തര്‍ക്കത്തിൽ അസാധാരണ നടപടിയുമായി വൈസ് ചാന്‍സിലര്‍. സിന്‍ഡിക്കേറ്റ് ഹാള്‍ വൈസ് ചാന്‍സിലര്‍ അടച്ചുപൂട്ടി. താക്കോലും വിസി കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നാണ് വിസിയുടെ നിര്‍ദേശം. സിൻഡിക്കേറ്റ് അംഗങ്ങൾ ജീവനക്കാരെ ഹാളിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ അടക്കം പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം. ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണമെന്ന ആക്ഷൻ കൗൺസിൽ നിർദ്ദേശമാണ് കേന്ദ്ര സർക്കാര്‍ തള്ളിയത്. ചർച്ച കുടുംബങ്ങൾക്കിടയിലാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാറിന്‍റെ വാദം.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാന മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷെ ഇനിയുള്ള ദിവസങ്ങളിൽ മൂന്ന് മുതൽ പത്ത് ജില്ലകളിൽ വരെ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. ഇന്ന് മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ആറന്മുള ക്ഷേത്രത്തിനുള്ളിലെ പള്ളിയോട സേവാ സംഘത്തിന്റെ എതിർപ്പിന് പിന്നാലെ പെയ്ഡ് വള്ളസദ്യ നടത്തിപ്പിൽ നിന്ന് പിന്മാറി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നാളത്തെ വള്ള സദ്യ റദ്ദാക്കിയിട്ടുണ്ട്. 250 രൂപ നൽകി ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
പത്തനംതിട്ട ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെ പാഴ്സൽ പൊട്ടിത്തെറിച്ചു. പോസ്റ്റ് ഓഫീസിൽ കവര്‍ സീൽ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്. ഗുജറാത്തിൽ നിന്ന് സ്വകാര്യ കൊറിയർ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാക്കറ്റ് ആണ് പൊട്ടിത്തെറിച്ചത്. പാക്കറ്റിനുള്ളിൽ പെല്ലറ്റുകളാണെന്ന് കണ്ടെത്തി. എയര്‍ഗണ്ണുകളിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. പാക്കറ്റുകൾ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയി.
മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറിന്റെ മുഖത്തടിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് സ്ഥലം മാറ്റിയത്. മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്കാണ് മാറ്റിയത്. ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്.
നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയ വിനീതയെയും, രാധാകുമാരിയെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇനി പിടികൂടാനുള്ള ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
ഒന്നരക്കോടി രൂപ വിലവരുന്ന വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമലം സ്വദേശി സയ്യിദ് അബ്ദുൾ ഖാദറിൻ്റെ മകൻ അൻവർ എന്ന സയ്യിദ് അലി (47) യെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലെ ഒന്നാം പ്രതിയായ മണികണ്ഠന്, കേസിൽ ഉൾപ്പെട്ട മെറിൻ ജേക്കബിനെ പരിചയപ്പെടുത്തിയത് അൻവർ ആണെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ ചേർത്തല വാരനാട് സ്വദേശി ഐഷ തിരോധാനത്തിലും ജൈനമ്മ കൊലക്കേസ് പ്രതി സെബാസ്റ്റ്യന് പങ്കെന്ന് സംശയം. പള്ളിപ്പുറത്ത് നിന്ന് ലഭിച്ച അസ്ഥികൾ ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടേത് അല്ലെങ്കിൽ ഐയിഷയുടെ ബന്ധുക്കളുടെ ഡിഎൻഎ കൂടി പരിശോധിക്കും. സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് ചേർത്തലയിലെത്തി തെളിവെടുപ്പ് നടത്തി.
ധർമ്മസ്ഥല കേസിൽ എസ്ഐടി സംഘത്തിലെ ഉദ്യോഗസ്ഥനായ മഞ്ജുനാഥ ഗൗഡയ്ക്കെതിരെയുള്ള ഗുരുതര ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് എസ്ഐടിയിലെ മുതിർന്ന ഉദ്യോഗസ്ഥർ. സാക്ഷിയെ പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിച്ചു എന്നാണ് പരാതി. സാക്ഷിയുടെ അഭിഭാഷകരിൽ ഒരാളാണ് പരാതി നൽകിയത്.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ മൂന്ന് ശതമാനം ഡിയർനെസ് അലവൻസ് (ഡി എ) വർധനവ് ലഭിക്കും. ദേശീയ വിലസൂചികയിൽ ഉണ്ടായ ഉയർച്ചയാണ് ഈ വർധനവിന് കാരണം. ഇതോടെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമാകും. അതോടൊപ്പം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി എയിൽ രണ്ട് ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്.
വിദ്വേഷ പ്രചാരണം ആരോപിച്ച് രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് രാജസ്ഥാൻ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 15നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെയാണ് കേസ്. ഹനുമാൻ സേന പ്രവര്‍ത്തകര്‍ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് പറഞ്ഞു.
ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. ഷാർജ വ്യവസായ മേഖല 10ലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോ സ്പെയർ പാർട്സിന്‍റെ വെയർഹൗസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്.
തമിഴ്നാട്ടിലെ സമഗ്ര ആരോഗ്യ പരിശോധന പദ്ധതിയായ ‘നലം കാക്കും സ്റ്റാലിൻ’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സർക്കാർ പദ്ധതികൾക്ക് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പേര് നൽകരുത് എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണിത്. സർക്കാരിന്റെ ഈ നടപടി കോടതിയലക്ഷ്യമാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.
പ്രതിമാസ ഓണറേറിയം 10,000 രൂപയാക്കി വർധിപ്പാക്കാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ആശ പ്രവർത്തകർ ഓഗസ്റ്റ് 12 മുതൽ സംസ്ഥാനവ്യാപകമായി മൂന്ന് ദിവസത്തെ കുത്തിയിരിപ്പ് സമരം നടത്തും. സംസ്ഥാനത്തെ ആശ തൊഴിലാളികൾ ന്യായമായ ഓണറേറിയമാണ് ആവശ്യപ്പെടുന്നത്. നിലവിൽ കേന്ദ്ര വിഹിതമായ 3000 രൂപയടക്കം പ്രതിമാസം 8,000 രൂപയാണ് ലഭിക്കുന്നത്.
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന റോഡപകടത്തിൽ കാർ യാത്രികരായ അഞ്ചുപേർ മരിച്ചു. ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കനൗജിലെ ചിബ്രമൗവിൽ താമസിക്കുന്ന ദീപക് (36), ഭാര്യ പൂജ (34), ഇവരുടെ മകൾ ആഷി (9), ദീപക്കിന്റെ സഹോദരി സുജാത (35), സുജാതയുടെ മകൾ ആര്യ (4) എന്നിവരാണ് മരിച്ചത്. ദീപക്കിൻ്റെ മകൾ ആരാധ്യയെ (11) ഗുരുതര പരിക്കുകളോടെ സൈഫായ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തെലങ്കാനയിൽ തൊഴുത്ത് പൊളിച്ചതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി കോൺഗ്രസ് എംഎൽഎയുടെ ഓഫീസിന് പുറത്ത് ക്ഷീര കർഷകരായ ദമ്പതികൾ എരുമകളെ കെട്ടി. കോൺഗ്രസ് എംഎൽഎ ഗണ്ട്ര സത്യനാരായണയുടെ ക്യാംപ് ഓഫീസിന് പുറത്താണ് സംഭവം.പുതിയ തൊഴുത്ത് നിർമിച്ചുതരാതെ എംഎൽഎ ഓഫീസിൽ നിന്ന് എരുമകളെ കൊണ്ടുപോകില്ലെന്ന നിലപാടിലാണ് കർഷകർ.
മനുഷ്യകടത്ത് നടത്തുന്നവരെയും മതപരിവർത്തകരെയും പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ് എന്നാണ് ഛത്തീസ്ഗഡ് ബി ജെ പിയുടെ പരിഹാസം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഭൂപേഷ് ബാഗലും കന്യാസ്ത്രീകളുടെ കാലിൽ വീണുകിടക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചാണ് പരിഹാസം. ഇത് വിവാദമായതോടെ പോസ്റ്റ് പിന്നീട് പിൻവലിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്.
അമേരിക്ക ഉയർന്ന താരിഫുകൾ ഇന്ത്യക്ക് ചുമത്തിയപ്പോൾ പാകിസ്ഥാന് കുറച്ച് നൽകി. ഇന്ത്യക്ക് ചുമത്തിയ താരിഫ് 25 ശതമാനമാക്കിയപ്പോൾ പാകിസ്ഥാന് നേരത്തെ നിശ്ചിയിച്ചതിൽ നിന്ന് കുറച്ചു. ഇന്ത്യയുടെ കാർഷിക മേഖലയിലേക്കുള്ള പ്രവേശനം സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന് അനിശ്ചിതമായ പിഴ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും അമേരിക്കയുടെയും താരിഫ് ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരയുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതേണ്ടെന്ന് ട്രംപിനോട് മോദി വ്യക്തമാക്കി. രാജ്യ താൽപര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാ ൻ എല്ലാ
നടപടികളും സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
