Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

ആതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾചടങ്ങിൽ പങ്കെടുത്തു. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു.ദില്ലിയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴി നൽകി കേരളം.സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ ആയിരുന്നു സംസ്കാര ചടങ്ങുകൾ. സൂപ്പർ താരങ്ങളടക്കം മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്.

തിരച്ചിലിൽ ഗംഗാവലിപ്പുഴയിൽ നിന്ന് ലഭിച്ച ക്യാബിനും ടയറുകളും അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. കണ്ടെത്തിയത് തന്‍റെ ലോറിയുടെ ഭാഗങ്ങള്‍ അല്ലെന്ന് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്‍റെ ഉടമ മനാഫ് സ്ഥിരീകരിച്ചു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെയും തെരച്ചില്‍ തുടരുമെന്ന് മാൽപെ അറിയിച്ചു.

 

ഗം​ഗാവലി പുഴയിൽ സിപി 4 കേന്ദ്രീകരിച്ചു തന്നെ പരിശോധന നടത്തണമെന്ന് അർജുന്റെ സഹോദരി അഞ്ജു. സമയം ഇനിയും പാഴാക്കരുതെന്നും, റഡാർ, സോണാർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയ സ്ഥലത്ത് എന്താണ് ഉള്ളതെന്ന് നോക്കിയിട്ട് മതി മറ്റ് ഇടങ്ങളിൽ പരിശോധനയെന്നും അഞ്ജു പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമർശനത്തോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറ‌ഞ്ഞു. ഫോൺ ചോർത്തൽ പുറത്തുവിട്ടത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. തൻ്റെ ആരോപണത്തിൽ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവര്‍ എംഎല്‍എ. താൻ മാത്രമല്ല, ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിവി അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസിൽ നിന്നാണ് വന്നതെന്നുമുള്ള പിണറായി വിജയന്‍റെ ആരോപണത്തിനുള്ള മറുപടിയായാണ് പിവി അൻവറിന്‍റെ മറുപടി.

മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം തൃപ്തികരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇതൊക്കെ ഒരു വിശദീകരണം കൊണ്ടോ, പത്രസമ്മേളനം കൊണ്ടോ തീരുന്ന വിഷയങ്ങൾ അല്ല. എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം. പിവി അൻവറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ എല്ലാ കൊള്ളക്കാരെയും സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കുന്ന നിലയിലേക്ക് പിണറായി വിജയന്‍ ഭരണകൂടം മാറിയതായി മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനം വ്യക്തമാക്കുന്നതായി രമേശ് ചെന്നിത്തല. രണ്ടു കാര്യങ്ങള്‍ ഇതിലൂടെ വ്യക്തമാകുന്നു. ഒന്ന്, പി. വി അന്‍വര്‍ തെറിക്കും. രണ്ട്, അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി അജിത് കുമാറിന് അനുകൂലമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

കടയിൽ കയറി അതിക്രമം കാണിച്ചതിന് സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ. സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ആര്യനാട് പൊലീസ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ഉൾപ്പെട്ട കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

സഖാവ് എം എം ലോറൻസിന്‍റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സ്വാതന്ത്ര്യ സമര, നവോത്ഥാന കാലഘട്ടത്തിൽ ജീവിച്ചിരുന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള ലോറൻസിന്റെ ജീവിതവും രാഷ്ട്രീയവും പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

 

ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച അന്ന സെബാസ്റ്റ്യന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നത്. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ പാർലമെന്റിൽ ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കുടുംബത്തിന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം വൈകിട്ടാകും മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുക.

വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കീഴിലാണ് 150 കിലോമീറ്റര്‍ വരെ പരിധിയില്‍ സിഗ്‌നല്‍ ലഭിക്കാന്‍ ശേഷിയുള്ള എസ് ബാന്‍ഡ് റഡാര്‍ സ്ഥാപിക്കുന്നത്.

 

ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം. വിദേശത്തു നിന്ന് എത്തിയ ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്.

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപട്ടികയിലുള്ള ആറു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയി. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കല്ലൂർ സ്വദേശി ഷംജാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി. നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയുടെ പരാതിയിൽ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സോണിയാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.

ആലപ്പുഴ ഹരിപ്പാട് മധ്യവയസ്കൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിലാണ് ദാരുണ സംഭവം ഉണ്ടായത്. ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കനാണ് ജീവനൊടുക്കിയത്.

ഉത്തർപ്രദേശിൽ 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ഛത പൊലീസ് മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും ഇവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്നാമത്തെ പ്രതിയെ കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കോളേജിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പക‍ർത്തിയെന്ന ആരോപണത്തിൽ ഒരു വിദ്യാർത്ഥി അറസ്റ്റിലായി. ബംഗളുരുവിന് സമീപം കുംബൽഗോഡുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം.

 

ഇന്ത്യയുടെ വളർച്ച ശ്രീലങ്കയ്ക്ക് നൽകുന്നത് വലിയ സാധ്യതകളാണെന്ന് ശ്രീലങ്കൻ എയർലൈൻസ് സി.ഇ.ഒ. റിച്ചാർഡ് നട്ടൽ. ഇന്ത്യയിൽ നിന്ന് കൊളംബോയിൽ എത്തിയ മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം.

എയർ മാർഷൽ അമർ പ്രീത് സിങ് ഇന്ത്യൻ വ്യോമസേന മേധാവിയായി ചുമതലയേൽക്കും. എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി സെപ്റ്റംബർ 30-ന് വിരമിക്കുന്നതിനെ തുടർന്നാണ് നിലവിൽ വ്യോമസേനാ ഉപമേധാവിയായ അമർ പ്രീത് സിങ് വ്യോമസേന മേധാവി പദവിയിലേക്കെത്തുന്നത്.

കശ്മീർ, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ നാല് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല എന്ന് ഡോ. ശശി തരൂർ . 2025-ൽ  75 വയസ്സ് പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനം ഒഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചതായി കണ്ടെത്തൽ. 32 കഷണങ്ങളാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *