Screenshot 2024 02 27 20 21 14 990 com.android.chrome edit 4

രാഹുൽ ​ഗാന്ധി റായ്ബറേലി എംപിയായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചൊല്ലിയത്. രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ പ്രതിപക്ഷത്തിന് വലിയ ഊർജ്ജമാണ് നൽകിയത്. രാഹുൽ ഗാന്ധി സത്യപ്രതിജ്ഞയ്ക്കായി വന്നപ്പോൾ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങി. രാഹുലിന് ശേഷം അമേഠിയിൽ നിന്നുള്ള കിഷോരിലാൽ ശർമ്മയാണ് സത്യപ്രതിജ്ഞ ചെയ്തത്. കനൌജ് എംപിയായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു.

ലോക്സഭയിൽ ബിജെപി എംപി ഛത്രപാൽ സിം​ഗ് സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദുരാഷ്ട്രം എന്നു വിളിച്ചതും, അസദുദീൻ ഒവൈസി ജയ് പലസ്തീൻ എന്ന് പറഞ്ഞതും വലിയ ബഹ​ളത്തിനിടയാക്കി. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്നും വിജയിച്ച സമാജ് വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദിന്റെ സത്യപ്രതിജ്ഞ ജയ് ശ്രീറാം വിളിച്ചാണ് പ്രതിപക്ഷം ആഘോഷിച്ചത്.ഗാസിയാബാദ് എംപി അതുൽ ഗാർഗ് സത്യവാചകത്തിന് ശേഷം നരേന്ദ്രമോദിക്കും, ഹെഡ്ഗേവാറിനും ജയ് വിളിച്ചതും പ്രതിപക്ഷ ബഹളത്തിനിടയാക്കി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തു. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇന്നു കേസ് പരിഗണിച്ച കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിലാണ് കെജ്രിവാളിന് തിരിച്ചടി. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമ‍ര്‍പ്പിക്കാനാണ് നോട്ടീസിൽ പറയുന്നത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ കേരളത്തിൽ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. ഏഴ് ദിവസത്തിനുള്ളിൽ വിഷയം പരിഹരിക്കാൻ സ്വീകരിച്ച നടപടികളടക്കം വിശദീകരിക്കണമെന്നും നോട്ടീസിൽ പറയുന്നു.

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തെഴുതി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിച്ച് നല്‍കണമെന്ന് മന്ത്രി കത്തിൽ അഭ്യര്‍ത്ഥിച്ചു.എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍,പാലിയേറ്റീവ് കെയര്‍, ഡയാലിസിസ്, തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടുന്നതിനാൽ എത്രയും വേഗം തുക അനുവദിച്ചു നൽകണമെന്ന് മന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.

ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ ആണ്  രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടത്. ഇന്ന് രാത്രി 7 മുതൽ നാളെ രാവിലെ 6 വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.

അർഹതയുള്ളവർക്ക് തന്നെയാണ് മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ  കിട്ടിയതെന്ന് സർക്കാർ ഹൈക്കോടതിയിൽ.അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ വ്യാജമല്ലെന്നും, അർഹർക്ക് തന്നെയാണെന്നാണ്  ഇത് ലഭിച്ചതെന്നും ആണ്  സർക്കാർ നിലപാട്. നടപടി ക്രമങ്ങൾ പാലിക്കാതെ പട്ടയമേളയിലാണ് ഈ പട്ടയങ്ങൾ വിതരണം ചെയ്തത്. അർഹർ ഉൾപ്പെട്ടതിനാലാണ് പട്ടയം റദ്ദാക്കാത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. മൂന്നാറിലെ കയ്യേറ്റങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സി ക്ലാസ് പട്ടികയിലേക്ക്  കേരളാ ബാങ്കിനെ  തരം താഴ്ത്തി  റിസർവ് ബാങ്ക്. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.  കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.ഇടപാടിൽ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.

മനു തോമസിനെ പാർട്ടി പുറത്താക്കിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ . പാർട്ടി യോഗങ്ങളിൽ മനു തോമസ് ഒന്നര വർഷമായി പങ്കെടുക്കാറില്ല. പാര്‍ട്ടി അംഗത്വം പുതുക്കിയതുമില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ബോധപൂര്‍വ്വം മനു തോമസിനെ പാര്‍ട്ടി തഴഞ്ഞിട്ടില്ല. മനസ് മടുത്ത് രാഷ്ട്രീയം വിടണമെങ്കിൽ ഒരാൾ കമ്യൂണിസ്റ്റ് അല്ലാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞതാണെന്നും എം ഷാജറിനെതിരെ മനു തോമസ് നൽകിയ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് പേർ അടങ്ങുന്ന സമിതിയെ നിശ്ചയിക്കുകയാണ്. ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ അക്കാദമിക്‌സ്, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങൾ. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സമിതി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണ് തീരുമാനമെന്ന് മന്ത്രി വീശിവൻകുട്ടി. നിലവിൽ ജൂലൈ 31 നകം അഡ്മിഷൻ അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ . പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഈ മാസം 10 ന് ആരംഭിച്ച സംസ്ഥാന നിയമസഭാ സമ്മേളനം ജൂലൈ 11 ന്   അവസാനിക്കും. നടപടിക്രമങ്ങൾ ജൂലൈ 11 നുള്ളിൽ തന്നെ തീരുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. ധനാഭ്യര്‍ത്ഥനകളും ബില്ലുകളും ജൂലൈ 11 ന് മുൻപ് അവതരിപ്പിക്കാനാവുന്ന സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗം സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി ” അതിജീവിതയായ നടിക്കൊപ്പം” എന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ. കോടതി ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആണ് ഇവർ കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയിൽ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി വേണമെന്നും, കുറ്റവാളികളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം. കെ കെ രമ, കെ ആർ മീര, സാറാ ജോസഫ് എന്നു തുടങ്ങി 100-ലേറെ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ ചേർന്നാണ് നിവേദനം നൽകിയിരിക്കുന്നത്.

മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്നും സർക്കാ‍ർ വ്യക്തമാക്കി. മൂന്നാറിൽ വ്യാജ പട്ടയങ്ങൾ ഇല്ലെന്നും പട്ടയങ്ങൾ നൽകിയതിൽ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതെന്നും എ ജി വിശദീകരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും സർക്കാ‍ർ കോടതിയെ അറിയിച്ചു. ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി സർക്കാരിനോട് നിർ‍ദേശിച്ചു.

ഇടതുപക്ഷം തിരുത്തലുകൾക്ക് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം . തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവണം. ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്. നേതാവിനെക്കാളും അധികാരികളേക്കാളും കമ്മിറ്റികളേക്കാളും വലിയവർ ജനങ്ങളാണ്. ജനങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ഇടതുപക്ഷ മൂല്യമെന്നും ഗൗരിയമ്മയുടെ 105 ആം ജന്മദിനാഘോഷ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം . പത്തനംതിട്ട   നാറാണംമൂഴി കുരുമ്പന്‍മൂഴി കോസ് വേ മുങ്ങി. കാറ്റിലും മഴയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു. ഫയർഫോഴ്സ് എത്തി റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി.കൊച്ചി വടുതല റെയിൽവേ ഗേറ്റിന് സമീപം കാറിലേക്ക് മരം  വീണു. യാത്രക്കാർക്ക് പരിക്കില്ല. കോഴിക്കോട് വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്‍റെ മേല്‍ക്കൂര മഴയിൽ തകർന്നു വീണു,ആളപായമില്ല.

സംസ്ഥാനത്ത് രൂപീകരിച്ച ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ പ്രവര്‍ത്തക സമിതി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനായി മുമ്പ് നിലവിലുണ്ടായിരുന്ന 12 അംഗ പ്രവര്‍ത്തക സമിതി 15 അംഗങ്ങളാക്കിയാണ് വിപുലീകരിച്ചത്. ആന്റിബയോട്ടിക് പ്രതിരോധത്തിന് സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ വിപുലീകരണത്തോടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജർമൻ റെയിൽവേ സംരംഭത്തിൽ, മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ജർമ്മൻ പ്രതിനിധി സംഘം കേരളത്തിലെത്തി  മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ഡോയ്ച് ബാൻ എന്ന  ജർമ്മൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള റെയിൽവേ സംരംഭത്തിന്രെ പ്രതിനിധികളാണ് കേരളത്തിലെത്തിയത്. നിലവിൽ  9,000 കിലോമീറ്ററോളം റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഡോയ്ച് ബാനിന് അനുയോജ്യമായ ഉദ്യോഗാർത്ഥികളെ കണ്ടത്തി, നൈപുണ്യ വികസനവും, ഓൺ ദ ജോബ് ട്രെയിനിങ് എന്നിവ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്‌സ് വഴി നടപ്പിലാക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച ചർച്ചയ്ക്കായാണ് മന്ത്രി വി ശിവൻകുട്ടിയെ കണ്ടത്.

പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. കൊടുമണ്ണിൽ മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിന്റെ മുന്നിലെ ഓടയുടെ തർക്കത്തിൽ നിർമ്മാണം മുടങ്ങിയിരുന്നു. വിവാദ ഓടയുടെ ഭാഗം ഒഴിച്ചുള്ള നിർമ്മാണം തുടരാനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കത്ത് നൽകിയതിനെ തുടർന്നാണ് നിർദ്ദേശം.

കനത്ത മഴയില്‍ മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ചു. എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ ഭാര്യ മാല (38)യാണ് മരിച്ചത്. മണ്ണിനിടയില്‍ കുടുങ്ങിയ മാലയെ മണ്ണ് നീക്കം ചെയ്തശേഷം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ മൂന്നാർ  ഹെഡ് വർക്ക്സ് ഡാമിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.

 

ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച വിഷ്ണുവിന് യാത്രാമൊഴി നൽകി ജന്മനാട്. തിരുവനന്തപുരം പാലോട്ടെ വീട്ടിലും ജൻമ ഗ്രാമമായ നന്ദിയോട്ടും എസ്കെവി സ്കൂളിലും  പൊതു ദര്‍ശനത്തിന് ശേഷം ശാന്തിതീരം സ്മശാനത്തിൽ സംസ്കരിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം വൻ ജനാവലി വിഷ്ണുവിന്‍റെ വീട്ടിലെത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വര്‍ഷത്തെ മാധ്യമജീവിതം അദ്ദേഹം അവസാനിപ്പിച്ചത്. പുതിയൊരു കര്‍മരംഗം തേടിയാണ് പോകുന്നതെന്നും സി.പി.എം. അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്. മക്കിമല മേഖലയിൽ ഫെൻസിങ്ങിനോട് ചേർന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്. തണ്ടർബോൾട്ടിന്റെ പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. പിന്നീട് ഇത് നിർവീര്യമാക്കി.

കർണാടകയിൽ ഒരു പാക്കറ്റ് പാലിന് രണ്ട് രൂപ വില വർദ്ധന. വില കൂട്ടിയതിനു പകരമായി അര ലിറ്റർ, ഒരു ലിറ്റർ പാൽ പാക്കറ്റുകളിൽ 50 മില്ലി ലിറ്റർ പാൽ അധികമായി നൽകും. നന്ദിനി പുറത്തിറക്കുന്ന എല്ലാ പാൽ പായ്ക്കറ്റുകൾക്കും വിലവർധന ബാധകമണ്. കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാൻ ഭിമ നായിക്കാണ് ഇക്കാര്യം അറിയിച്ചത്.

പൂനെയിൽ പോർഷെ കാർ ഇടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ ഉടൻ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. മെയ് 19ന് 17 വയസുകാരൻ ഓടിച്ച കാറിടിച്ച്  രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാർ കൊല്ലപ്പെടുകയും വ്യാപക പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പരി​ഗണിക്കണമെന്നും, കുറ്റകൃത്യം ​ഗൗരവമാണെങ്കിലും നിയമപരമായി ഏതൊരു കുട്ടിയെയും മുതിർന്നവരിൽ നിന്ന് വേറിട്ട് പരിഗണിക്കണമെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

 

റെയിൽവേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഐഡിയിൽനിന്ന് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്, യൂസറിനും കുടുംബാം​ഗങ്ങൾക്കും മാത്രമാക്കി നിയന്ത്രിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഐആർസിടിസി. അത്തരത്തിൽ ഒരു നടപടി റെയിൽവേയെ ഐആർസിടിസിയോ സ്വീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും വാർത്താകുറിപ്പിലൂടെ അറിയിച്ചു.റെയിൽവേ ബോർഡ് ​ഗൈഡ്ലൈനുസരിച്ച് ആരുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഐആർസിടിസി അറിയിച്ചു.

നികുതി വർധന നിർദേശങ്ങളിൽ പ്രതിഷേധിച്ച് കെനിയയിൽ തുടരുന്ന പ്രക്ഷോഭങ്ങൾക്കിടെ പാർലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം. മന്ദിരത്തിന്റെ ഒരു ഭാ​ഗത്ത് തീയിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. നികുതി വർധനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ പ്രതിഷേധക്കാർ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിൽ പ്രവേശിക്കുകയായിരുന്നു.

പരീക്ഷാ ക്രമക്കേട് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. നിയമസഭാ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെയും ആര്‍.ഒ.-എ.ആര്‍.ഒ. പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചോര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. വ്യാജ ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നതും വ്യാജ തൊഴില്‍ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്നതും കുറ്റകരമാണ്. രണ്ടുവര്‍ഷം മുതല്‍ ജീവപര്യന്തം തടവും ഒരു കോടിരൂപ വരെ പിഴയുമാണ് കുറ്റക്കാര്‍ക്ക് ലഭിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *