യുവാക്കള്‍ക്കിടയില്‍ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം മുന്പത്തെക്കാള് വര്‍ധിച്ചു വരികയാണ്. അതിനൊരു പ്രധാന കാരണം കുടലിന്റെ ആരോഗ്യം മോശമാകുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര പറയുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുന്നത് ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കാമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലതരം കുടല് ബാക്ടീരിയകളിലെ മാറ്റങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനോ രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനോ കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടലിലെ നല്ല ബാക്ടീരിയയുടെ കുറവ് ഹൈപ്പര്ടെന്ഷന്, ഹൃദയസ്തംഭനം, തീവ്ര വൃക്കരോഗം, അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണശേഷം ആമാശയത്തില്‍ ഉണ്ടാകുന്ന ബ്ലോട്ടിങ് കുടലിന്റെ ആരോഗ്യത്തെ മോശമാക്കുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരുന്നത് ബ്ലോട്ടിങ് ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും. ബ്ലോട്ടിങ് ഒഴിവാക്കാനായി ദഹനത്തെ സഹായിക്കുന്നതിന് ഭക്ഷണം നന്നായി ചവച്ചു കഴിക്കണം. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. അവ ബ്ലോട്ടിങ് വര്‍ധിപ്പിക്കാനും ഗ്യാസ് രൂപപ്പെടാനും കാരണമാകുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് കുടലില്‍ സമ്മര്‍ദം ചെലുത്തും. ബീന്‍സ്, പയര്‍, ക്രൂസിഫറസ് പച്ചക്കറികള്‍ (ബ്രോക്കോളി, കാബേജ്) പോലുള്ള ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഭക്ഷണത്തിനുശേഷം നടക്കുക. ഇത് വാതകം അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ജലാംശം നിലനിര്‍ത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനം സുഗമമായി നിലനിര്‍ത്തും.
കുടലിന്റെ ആരോഗ്യം ഹൃദയത്തെയും ബാധിക്കും
