night news hd 13

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും പങ്കാളിയാകും. ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണ് . 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍, വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക.ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കവെ മാസപ്പടിക്കേസിലെ കേന്ദ്ര അന്വേഷണത്തെ എതിർക്കുന്നതെന്തിനാണെന്ന് പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസിയോട് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കൊച്ചിയിലെ കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ നിന്ന് പണം നൽകിയത് അറിഞ്ഞില്ലെന്ന കെ എസ് ഐ ഡി സി നിലപാടാണ് കോടതി ചോദ്യം ചെയ്തത്.

ഇന്ന് നടക്കേണ്ടിയിരുന്ന ഐഎസ് സി പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാർച്ച് 21 ലേക്ക് മാറ്റി. പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് മാറ്റാനുളള തീരുമാനം അറിയിച്ചത്. കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പുറമെ ചില അവിചാരിതമായ കാരണങ്ങൾ കൊണ്ട് പരീക്ഷ മാറ്റിയെന്ന് ബോർഡ് സ്ക്കൂളുകളിലേക്ക് അറിയിപ്പ് നൽകുകയായിരുന്നു.

പാഠ്യപദ്ധതി കേന്ദ്ര സർക്കാർ മാറ്റുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ചരിത്രം പഠിക്കേണ്ടെന്ന് ബിജെപി സർക്കാർ പറയുന്നു. വ്യത്യസ്ത നയം സ്വീകരിച്ച്, പാoഭാഗംപരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ കെ.സി വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോട് സന്നദ്ധത അറിയിച്ചെന്ന് സൂചന. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടായേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും വിമർശിച്ചും എൻകെ പ്രേമചന്ദ്രൻ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ കൃത്യമായി അവലോകനം ചെയ്യുo. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. അതോടൊപ്പം തന്നെ മോദി സർക്കാർ മാറി മതേതര ജനാധിപത്യ ബദൽ സർക്കാർ വരുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെ.കെ. രമ എം.എല്‍.എ. അപൂര്‍വ്വമായ കൊലപാതകമാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്, അതിനനുസരിച്ചുള്ള ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ആഗ്രഹിച്ചത്. ഇത്തരം കാര്യങ്ങളൊക്കെ കോടതി വിശദമായി പരിശോധിക്കുന്നുണ്ടെന്നും രമ വ്യക്തമാക്കി.

വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് മുംബൈയില്‍ അന്തരിച്ചു. 72 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നവരെയാണ് സി പി ഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്.

ജനപ്രതിനിധി എന്ന നിലയിൽ എപ്പോഴും വയനാട്ടിൽ ഉണ്ടാകും എന്നതാണ് സ്ഥാനാർത്ഥി എന്ന നിലയിൽ നൽകുന്ന ഉറപ്പെന്ന് സിപിഐ സ്ഥാനാർത്ഥി ആനി രാജ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും, വയനാട് തനിക്ക് സുപരിചിതമായ സ്ഥലമാണ്, താൻ രാഷ്ട്രീയം പഠിച്ചത് വയനാട്ടിൽ നിന്നാണ്, മൽസരിക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും ആനി രാജ പറഞ്ഞു.

താൻ അസഭ്യ പ്രയോഗം നടത്തിയിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് മര്യാദകേട് കാണിക്കരുത് എന്നാണ് പറഞ്ഞത് എന്നും വിശദമാക്കി കെ സുധാകരൻ രംഗത്ത്. മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്. പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തിൽ എവിടെയും താൻ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചരണം ഏറെ വേദനിപ്പിച്ചുവെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിന് വേണ്ടി ഇടപെടൽ നടത്തിയെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് പിണറായി വിജയൻ ഇടപെട്ടുവെന്നാണ് ആരോപണം. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത്, 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചു കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.

ആദായനികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച്ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി. ഹോംസ് ജനറൽ എൽ.എൽ.സി ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ആദായ നികുതി വകുപ്പ് തേടിയിരുന്നു. ഇതിനെതിരെയാണ് ബിനോയ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഈ വർഷത്തെ സി. കേശവൻ പുരസ്ക്കാരം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്‌ക്ക്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം നൽകി. മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നടത്തിയ സേവനങ്ങൾക്കാണ്അവാർഡ് .

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമ്പോള്‍ ജോലി ചെയ്തിരുന്ന അതേ പാര്‍ലമെന്റ് മണ്ഡലത്തിന്റെ് പരിധിയില്‍ നിയമിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നിര്‍ദേശം നൽകി.തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് എം. കൗള്‍ അറിയിച്ചു.

ആലപ്പുഴ കെഎസ്എഫ്ഇ ഓഫിസിൽ കളക്ഷൻ ഏജന്‍റ് മായാദേവിയെ വെട്ടികൊല്ലാൻ ശ്രമം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത്. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. ക്രോസ് വോട്ടിംഗ് ഒഴിവാക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണിത്. നാളത്തെ തെരഞ്ഞെടുപ്പിനായി എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്

മഹാരാഷ്ട്രയിൽ  മറാഠാ സംവരണ പ്രക്ഷോഭം ശക്തമാകുന്നു. ജൽനയിൽ പ്രക്ഷോഭകാരികൾ ട്രാൻസ്പോർട്ട് ബസ് കത്തിച്ചു.  പ്രതിഷേധങ്ങൾക്കു പിന്നിൽ മഹാ വികാസ് അഘാഡി സഖ്യമെന്നും സർക്കാരിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും  മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡെ തിരിച്ചടിച്ചു.

ഗ്യാൻവാപി പള്ളിയിൽ ആരാധനയ്ക്ക് അനുവാദം തേടിയുള്ള ഹിന്ദു വിഭാഗത്തിന്‍റെ ഹർജി നിലനിൽക്കുമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ ഹർജി നൽകി. അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ ഹർജി നൽകിയത്.

ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി ഗീത കോഡ ബിജെപിയിൽ. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീതാ കോഡ.തിങ്കളാഴ്ച റാഞ്ചിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ഗീത ബിജെപി അംഗത്വം സ്വീകരിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. റാഞ്ചിയിൽ നടന്ന നാലാം മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ മിന്നും ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ച്വറി നേടി.17 ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി ജയിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *