ജി 20 ഉല്‍സവം. 21 അംഗ രാജ്യങ്ങള്‍ അടക്കം മുപ്പതു രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന ഉച്ചകോടിക്കു ഡല്‍ഹിയില്‍ തുടക്കം. രാഷ്ട്രത്തലവന്മാര് ഇന്നു വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു അവധി പ്രഖ്യാപിച്ചതിനു പുറമേ, ആരോടും പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പല പ്രധാന റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുമുണ്ട്.
പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച രാവിലെ പത്തിന്. സത്യപ്രതിജ്ഞയ്ക്കുശേഷമാണ് സഭയില്‍ മറ്റു നടപടികള്‍ ഉണ്ടാകൂ.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ മുന്‍ എംപിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയെന്ന് എന്‍ഫോഴ്സ്മെന്റ്. അറസ്റ്റിലായ ബിനാമി ഇടപാടുകാരന് സതീഷ്കുമാറില്‍ നിന്ന് മുന്‍ എം.പി യും പോലീസ് ഉദ്യോഗസ്ഥരും അമടക്കം പലരും പണം കൈപ്പറ്റിയെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കി. സതീഷ് കുമാറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ മുന്‍ എംപിയ്ക്ക് പണം കൈമാറിയതിന്റെ ഫോണ്‍ സംഭാഷണം ലഭിച്ചിരുന്നു.
പുതുപ്പള്ളിയിലെ യുഡിഎഫ് വിജയം എല്‍ഡിഎഫിനേറ്റ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ഏകാധിപത്യത്തിനും കുടുംബാധിപത്യത്തിനും എതിരെ ജനം വോട്ട് ചെയ്തു. അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ ബിജെപി വോട്ടുകളുമായാണ് യുഡിഎഫ് ജയിച്ചതെന്ന് തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. ഏകപക്ഷീയമായ വിധിതിര്പ്പിനില്ല. വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങള്‍ തുടരുമെന്നും ജെയ്ക്ക് പറഞ്ഞു.
ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ടു കുതിക്കാനുമുള്ള ഇന്ധനമാണ് പുതുപ്പള്ളി യുഡിഎഫിന് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യുഡിഎഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിച്ചെന്നും വിഡി സതീശന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പുതുപ്പളളിയില്‍ യുഡിഎഫ് വിജയിച്ചതു സഹതാപ തരംഗംമൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. സുരേന്ദ്രന് പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകേ, മണ്ഡലത്തിലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് ആക്രമിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിപിഎം ഓഫീസിന്റെ മുന്നിലായിരുന്നു സംഘര്‍ഷമുണ്ടായത്.
ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 24 മരുന്നുകളുടെ പ്രത്യേക ബാച്ചുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പരിശോധനയിലാണു ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയത്. ഇവയുടെ പട്ടിക സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്
ഇടുക്കി ഡാമില്‍ കടന്നത് അതിക്രമം നടത്തിയത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പോലീസ് കണ്ടെത്തി. വിദേശത്തേക്ക് കടന്ന ഇയാളെ തിരികെ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. പതിനൊന്ന് സ്ഥലത്താണ് ഇയാള്‍ താഴ് ഉപയോഗിച്ച് പൂട്ടിയത്.
ആലുവയില്‍ എട്ടു വയസുകാരിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെരുമ്പാവൂര്‍ പൊലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റര്‍ചെയ്തത്. ഒരാഴ്ച മുമ്പ് മോഷണശ്രമത്തിനിടെ ഉറങ്ങികിടന്ന കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കേസ്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ ഗൂഡാലോചന ഇല്ലെന്നു സിബിഐ. വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണെന്ന നിഗമനത്തിലാണ് സിബിഐ ഹൈക്കോടതിക്കു റിപ്പോര്‍ട്ടു നല്‍കിയത്.
പുതുപ്പള്ളിക്കു പുറമേ, ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തു ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഉത്തര്‍ പ്രദേശില്‍ ബി ജെ പിയെ ഇന്ത്യാ സഖ്യത്തിന്റെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു. ഝാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിലെ ജെ എം എം സ്ഥാനാര്‍ത്ഥിയാണു ജയിച്ചത്. ബംഗാളില്‍ ബി ജെ പി സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കേവല ഭൂരിപക്ഷത്തിന് വെല്ലുവിളി നേരിട്ട ത്രിപുരയിലും ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ മണ്ഡലത്തിലും ബി ജെ പി സ്ഥാനാര്‍ത്ഥി ജയിച്ചു. സിപിഎമ്മിന് ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഭരിക്കുന്ന കേരളത്തിലും അടക്കം നാലിടത്തു തോല്‍വി. ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണു മല്‍സരിച്ചു തോറ്റത്.
മുംബൈ എക്സ്പ്രസ് വേയില്‍ മെഴ്സിഡസ് ബെന്‍സ് പാല് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിജെപി നേതാവിന്റെ മകന് മരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവായ സത്വീര് ചാന്ദിലയുടെ മകന് ആകാശ് ചാന്ദില (23) ആണ് മരിച്ചത്.
എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ 24കാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ഹൗസ് കീപ്പറായിരുന്ന വിക്രം അത്വാള് അന്ധേരി പൊലീസ് സ്റ്റേഷനിലെ ടോയ്ലറ്റിലാണ് തൂങ്ങിമരിച്ചത്.
യുഎഇയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.