night news hd 6

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്.

കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ചു നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്‍പറേഷന്‍ സെക്രട്ടറിയും നേരിട്ടു ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീറ് സെക്രട്ടറിയെ കോടതി കക്ഷി ചേര്‍ത്തു. കൊച്ചിയിലെ മാലിന്യ സംസ്‌കരണം ജൂണ്‍ ആറിനു മുമ്പ് കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി.

സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങള്‍ താല്‍ക്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലറുടെ നടപടിയെ ചോദ്യം ചെയ്ത് സിന്‍ഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണു വാദം.

സ്‌പോര്‍ട്‌സ് പ്രതിഭ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച നിലമ്പൂര്‍ ആയിഷ, സ്ത്രീ ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മേഖലയില്‍ കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗാസ്ട്രോഎന്‍ട്രോളജി പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവര്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍. വനിതാദിനമായ ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കേരള തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത. രണ്ടു മീറ്റര്‍വരെ തിരമാലകള്‍ ഉയരാം. ജാഗ്രത വേണമെന്നു മുന്നറിയിപ്പ്.

വൈദ്യുതി ചാര്‍ജ് അടച്ചിട്ടും കൃഷിമന്ത്രിയുടെ വീടിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. മന്ത്രി പി. പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ഈ മാസം രണ്ടിന് കട്ടു ചെയ്തത്. വിവാദമായതോടെ ഇന്നലെ ജീവനക്കാരെത്തി വൈദ്യുതി പുസ്ഥാപിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വൈസ് ചാന്‍സലര്‍മാരും പ്രിന്‍സിപ്പല്‍മാരുമില്ലാത്ത ഈജിയന്‍ തൊഴുത്താക്കി തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമാണ് ഉത്തരവാദികള്‍. സിപിഎമ്മിന്റെ കുഴിയാനകളെ നിയമിക്കാനാകാത്തതുകൊണ്ട് സംസ്ഥാനത്തെ സര്‍വകലാശാലകളും സര്‍ക്കാര്‍ കോളജുകളും കടുത്ത പ്രതിസന്ധിയിലാണെന്നും സുധാകരന്‍ പറഞ്ഞു.

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ പാരാച്യട്ട് ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. കുടുങ്ങി ഒന്നര മണിക്കൂറോളം തൂങ്ങിക്കിടന്ന ഇന്‍സ്ട്രക്ടറെയും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയെയും ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവര്‍ കുടുങ്ങിയത്. ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട്ട് രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്മണന്‍ എന്നിവരാണ് മരിച്ചത്.

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്.

കര്‍ണാടകത്തില്‍ ലക്ഷങ്ങളുടെ കൈക്കൂലിക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ചന്നാഗിരി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി. പടക്കം പൊട്ടിച്ചും പൂവിതറിയുമാണ് എം എല്‍ എയെ സ്വീകരിച്ചത്. തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്തും കൈവിശിക്കാണിച്ചുമാണ് വിരൂപാക്ഷപ്പ എത്തിയത്.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 72 കാരനായ നെഫ്യൂ അഞ്ചാം തവണയാണു മുഖ്യമന്ത്രിയാകുന്നത്. മിക്ക കക്ഷികളും പിന്തുണച്ചതോടെ സംസ്ഥാനത്തു പ്രതിപക്ഷം ഇല്ലാതായി. ബിജെപി സഖ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പങ്കെടുത്തു. രാവിലെ മേഘാലയയില്‍ കൊണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.

തമിഴ്‌നാട് ധര്‍മപുരി ജില്ലയിലെ മരന്ദഹള്ളിയില്‍ വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് മൂന്നു കാട്ടാനകള്‍ ചരിഞ്ഞു. റിസര്‍വ് വനമേഖലയോട് ചേര്‍ന്നുള്ള ഫാമിലെ അനധികൃത വൈദുത വേലിയില്‍നിന്നാണ് ഷോക്കേറ്റത്. ഫാമുടമ കെ മുരുകേശകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഖത്തറിന്റെ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഥാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ സാന്നിധ്യത്തിലാണ് അധികാരമേറ്റത്.

വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ സൂമില്‍ കൂട്ടപ്പിരിച്ചുവിടലിനിടെ പ്രസിഡന്റിനും പണി പോയി. സൂം പ്രസിഡന്റ് ഗ്രെഗ് ടോംബിനെയും കമ്പനി പുറത്താക്കി. 1300 ജീവനക്കാരെ ഈയിടെ പിരിച്ചുവിട്ടിരുന്നു.

ലോകത്തെ ഏറ്റവും ക്‌ളേശകരമായ മാരത്തണായ ഓസ്‌ട്രേലിയയിലെ ഡെലീറിയസ് വെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍. 33 കാരനായ സുകാന്ത് സിംഗ് സുകി 102 മണിക്കൂറും 27 മിനിറ്റും കൊണ്ട് 350 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്. ഫെബ്രുവരി എട്ടു മുതല്‍ 12 വരെ നാലു ദിവസം തുടര്‍ച്ചയായി ഓടിയാണ് സുകാന്ത് സിംഗ് മാരത്തണ്‍ പൂര്‍ത്തിയാക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *