1,180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താണെന്ന് സിഎംഡി ബിജു പ്രഭാകര്‍. 1243 ജീവനക്കാര്‍ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. ഫേസ്ബുക്ക് വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഈ വിവരം വെളിപെടുത്തിയത്. ഒരു വിഭാഗം ജീവനക്കാര്‍ കെഎസ്ആര്‍ടിസി അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ബംഗളൂരു പോലുള്ള സ്ഥലങ്ങളില്‍നിന്ന് പതിനായിരം രൂപ ഫീസായി ഈടാക്കാവുന്ന സാധനങ്ങള്‍ ഡ്രൈവര്‍ രണ്ടായിരം രൂപ കൈപ്പറ്റി കടത്തിക്കൊണ്ടുപോകുന്നുണ്ട്.
സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.
മണിപ്പൂരില്‍ വീണ്ടും കലാപം. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ വെടിവയ്പ്. താങ്ബുവില്‍ വീടുകള്‍ക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവച്ചു കൊന്നു. നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചത്. ഇതിനിടെ വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്നു ട്രക്കുകള്‍ക്കു കലാപകാരികളായ മെയ്‌ത്തെയ് സ്ത്രീകള്‍ തീയിട്ടു.
സെക്രട്ടറിയേറ്റില്‍ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം. പൊതു ഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തില്‍ മ്യൂസിക് സിസ്റ്റം വാങ്ങാന്‍ 13,440 രൂപ അനുവദിച്ചു. ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് ഈ പരീക്ഷണം.
നാളെ കര്‍ക്കിടക വാവ്. രാമായണ മാസത്തിനു തുടക്കം. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും അലുവാ മണപ്പുറം, ശംഖുമുഖം അടക്കമുള്ള ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വിശ്വാസികള്‍ എത്തും.
സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസ് പോക്‌സോ കേസ് പ്രതികളെ രക്ഷിക്കാന്‍ പൊലീസുമായി ഒത്തുകളിച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. ഗുരുതര സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് ജോര്‍ജ് എം തോമസിനെ സിപിഎം കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ചമച്ചു വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷനു യോജിച്ചതാണോയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഭാര്യക്കു കെ റെയിലില്‍ ജോലി നേടിയെന്ന കെ സുധാകരന്റെ ആരോപണത്തിനെതിരേയാണ് പ്രതികരണം. വിവാഹത്തിനു മുന്നേ ഭാര്യ റെയില്‍വേ ജോലിക്കാരിയാണ്. ഡെപ്യൂട്ടേഷനില്‍ കെ റെയിലിലേക്ക് അയച്ചത് റെയില്‍വേ ബോര്‍ഡാണ്. ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി അവര്‍ റെയില്‍വേയിലേക്ക് മടങ്ങുകയും ചെയ്തു. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിറ്റ്സ്സ്, ധനനിധി ചിറ്റ്‌സ് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. വയനാട് ജില്ലയിലെ 42 കേസുകളും, കണ്ണൂരിലെ 62 കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേസന്വേഷണത്തിനുള്ള സംഘത്തെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് എഡിജപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
അമിത പലിശ ഈടാക്കിയിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമുടമയ്‌ക്കെതിരെ കേസ്. പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചൈതന്യ ബാങ്കേഴ്‌സ് ഉടമ കുലുക്കല്ലൂര്‍ പന്തലിങ്കല്‍ വീട്ടില്‍ മോഹന്‍ദാസിനെ (65) തിരെയാണ് കേസ്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയ്ക്കുശേഷം ജീവനക്കാരി നെല്ലായ പൊമ്പിലായ നെച്ചിപ്പുറത്ത് വീട്ടില്‍ ബിന്ദു(42) വിനെ പൊലീസ് അറസ്റ്റു ചെയ്തു.
പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു പോയി മടങ്ങിയ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് മൂന്നു പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്കു പരുക്കേറ്റു. ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.
ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവാക്കരണം എസ്റ്റേറ്റിലെ ജയപാലിന്റെ മകന്‍ ജെ.പി. ജസ്റ്റിനാണ് (38) മരിച്ചത്. തിങ്കളാഴ്ച എസ്റ്റേറ്റ് റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റ ദേഹത്ത് ക്രിക്കറ്റ് കളിച്ചരുന്നവര്‍ അടിച്ച പന്ത് വന്നു വീണു. ക്ഷുഭിതനായ ജസ്റ്റിന്‍ പന്തുമായി കളിക്കാരോടു തര്‍ക്കിച്ചു. അതിനിടെ ബന്ധുകൂടിയായ യുവാവിനെ ജസ്റ്റിന്‍ പന്തുകൊണ്ട് ഇടിക്കുകയും ഇയാള്‍ തിരികെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയുമായിരുന്നു.
മലപ്പുറം തിരൂരങ്ങാടിയില്‍ അമിത വേഗതയില്‍ കാര്‍ ഓടിച്ചത് ചോദ്യം ചെയ്തതിന് വടിവാള്‍കൊണ്ട് അക്രമിച്ചു. ചെറുമുക്ക് ജീലാനി നഗറില്‍ മൂന്നു പേരെ വെട്ടിയ തിരൂരങ്ങാടി സ്വദേശി തടത്തില്‍ കരീമിനെ അറസ്റ്റു ചെയ്തു.
അടിമാലിയില്‍ ഏഴര ലക്ഷം രൂപ തട്ടിയെടുത്ത സഹൃദയ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരേ കേസ്.
ഒന്‍പതു പേരുടെ കള്ളയൊപ്പിട്ട് വായ്പ എടുത്തെന്നാണ് കുടുംബശ്രീ അംഗങ്ങളിലൊരാളായ മീരാമ്മ മജീദ് പരാതി നല്‍കിയത്. പ്രസിഡന്റായ രേഖാ രാധാകൃഷ്ണന്‍, സെക്രട്ടറി ഷൈമോളും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിഷാ സന്തോഷും ചേര്‍ന്ന് വനിത വികസന കോര്‍പ്പറേഷനില്‍നിന്നാണു വായ്പയെടുത്തെന്നാണു പരാതി.
നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു. മൂക്കം കൊടിയത്തൂര്‍ കോട്ടമ്മല്‍ ഹാരിസ് ആണു പിടിയിലായത്.
കോഴിക്കോട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നാല്‍പതിനായിരം രൂപ തട്ടിയെടുത്തതു സൈബര്‍ പോലീസ് കണ്ടെത്തി. മഹാരാഷ്ട്ര രത്‌നാകര്‍ ബാങ്കിലെ അക്കൗണ്ട് കേരളാ പൊലീസ് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താന്‍ കോഴിക്കോട് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.
മഹാരാഷ്ട്രയില്‍ ക്ഷേത്രത്തോടു സാദൃശ്യമുണ്ടെന്നു ചിലര്‍ പ്രചരിപ്പിച്ചതിനു പിറകേ, ജില്ലാ കളക്ടര്‍ പുരാതന മുസ്ലിംപള്ളി അടച്ചു. ജല്‍ഗാവ് ജില്ലയിലെ പള്ളി അടച്ചുപൂട്ടിയതിനെതിരെ ജുമ്മ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ ഹര്‍ജി നല്‍കി. ഹര്‍ജി നാളെ പരിഗണിക്കും.
എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ ധനമന്ത്രിയായ മരുമകന്‍ അജിത് പവാറും സഹമന്ത്രിമാരും ശരത് പവാറിനെ സന്ദര്‍ശിച്ചു. അനുഗ്രഹം തേടാന്‍ എത്തിയതാണെന്നാണ് അജിത് പവാര്‍ പക്ഷത്തെ നേതാവായ പ്രഫൂല്‍ പട്ടേല്‍ പ്രതികരിച്ചത്.
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മരുമകളും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന ഷര്‍മിളയെ പോലീസ് അറസ്റ്റു ചെയ്തു. ബുരാന്‍ മുര്‍മു എന്ന 62 കാരനാണു മരിച്ചത്. മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രദേശത്തു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
അമേരിക്കയിലെ അലാസ്‌കയ്ക്കു സമീപം കടലില്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.