എച്ച്ഡിഎഫ്സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ 12,500 കോടി രൂപയുടെ ഐ.പി.ഒക്ക് ജൂണ്‍ 25 ന് തുടക്കമാവുകയാണ്. ഓഹരിക്ക് 700 രൂപ മുതല്‍ 740 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഹ്യുണ്ടായിയുടെ ബ്ലോക്ക്ബസ്റ്റര്‍ ഐപിഒ യ്ക്ക് ശേഷമുള്ള ഏറ്റവും വലിയ എന്‍ബിഎഫ്സി ഐപിഒ ആണിത്. ഐപിഒയില്‍ 2,500 കോടിയുടെ പുതിയ ഓഹരികളും എച്ച്ഡിഎഫ്സി ബാങ്കിന്റെ 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ജൂണ്‍ 27 വെള്ളിയാഴ്ച ഐ.പി.ഒ അവസാനിക്കും. ഇന്ത്യയിലെ ഏഴാമത്തെ വലിയ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്. 2024 മാര്‍ച്ച് 31 വരെ 90,220 കോടി രൂപയാണ് കമ്പനി മൊത്തം വായ്പയായി അനുവദിച്ചിരിക്കുന്നതെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എച്ച്ഡിഎഫ്സി ബാങ്കിന് 94.3 ശതമാനം ഓഹരികളാണ് ഐപിഒയ്ക്ക് മുമ്പായി എച്ച്ഡിബി ഫിനാന്‍ഷ്യലില്‍ ഉളളത്. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ മാനേജ്മെന്റിലുള്ള ആസ്തികള്‍ 1,07,260 കോടി രൂപയാണ്. 2,180 കോടി രൂപയാണ് 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം.
ഐപിഒയ്ക്ക് ഒരുങ്ങി എച്ച്ഡിബി ഫിനാന്‍ഷ്യല്‍
