മകളുടെ പേരില്‍ കേസെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് എക്‌സാലോജിക് കേസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എക്‌സാലോജിക് കേസുമായി ഹൈക്കോടതിയില്‍ പോയ ഷോണ്‍ ജോര്‍ജ്ജിന് ബിജെപി ഭാരവാഹിത്വം നല്‍കി. ബിജെപി കേസുകള്‍ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎല്‍എ തന്നെയാണ് നിയമസഭയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ് എന്നിവയ്ക്കു വേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി ഇനി മുതല്‍ പുതിയ ഫോം ഉപയോഗിക്കണം. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സുണ്ടോയെന്നു സര്‍ക്കാറിനോടു ഹൈക്കോടതി. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടോയെന്ന് മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാണു കോടതി ഉത്തരവ്. കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കളക്ടര്‍ അടച്ച് പൂട്ടിയ പാര്‍ക്ക് സര്‍ക്കാരാണ് തുറന്നു കൊടുത്തത്.
കുസാറ്റില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിനു സുരക്ഷയ്ക്കായി പോലീസിന്റെ സേവനം തേടാന്‍ പ്രിന്‍സിപ്പല്‍ നല്‍കിയ കത്തില്‍ എന്തു നടപടിയെടുത്തെന്ന് യുണിവേഴ്‌സിറ്റി രജ്‌സ്ട്രാറോട് ഹൈക്കോടതി. കേസില്‍ പ്രിന്‍സിപ്പലിനെതിരേ പോലീസ് കേസെടുത്തെങ്കിലും രജിസ്ട്രാര്‍ക്കെതിരേ കേസെടുത്തിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ ഇരുപതു സീറ്റിലും എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ ധനകാര്യ സ്ഥാപനമായ പൂരം ഫിന്‍സെര്‍വിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബഡ്‌സ് ആക്ട് പ്രകാരമാണ് നടപടി. പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് മൂവായിരത്തിലേറെപ്പേരില്‍ നിന്ന് 200 കോടിയിലേറെ സമാഹരിച്ച് തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരും സഹോദരന്മാരുമായ അനില്‍, സുനില്‍ എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്യുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അഡ്വ. ബി.എ ആളൂരിന്റെ അറസ്റ്റ് തിങ്കളാഴ്ചവരെ ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
കേരളത്തിലെ ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ വര്‍ഗീയതയോടു ചേര്‍ന്നു നില്‍ക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരവും പൗരോഹിത്യവും ഒന്നിച്ചാല്‍ ദുരന്തമാണ് സംഭവിക്കുകയെന്നതിന്റെ തെളിവാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പണിതതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി സാഹിത്യ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ആന കുങ്കിനായനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാനാണ് വനംവകുപ്പിന്റെ തിരുമാനം.
വീട് നിര്‍മ്മാണത്തിന് വായ്പാ തിരിച്ചടവ് മുടങ്ങിയതിനു വീട് ജപ്തി ചെയ്യാനിരിക്കേ തൃശൂര്‍ മണലൂര്‍ സ്വദേശി ചെമ്പന്‍ വിനയന്റെ മകന്‍ വിഷ്ണു (25) വീട്ടില്‍ തൂങ്ങി മരിച്ചു. വീടു പണിക്ക് പിതാവ് വിനയന്‍ എട്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ പലിശയും മുതലും സഹിതം 8,74,000 രൂപ തിരിച്ചടച്ചു. ബാക്കിയുള്ള ആറ് ലക്ഷം രൂപ അടക്കാന്‍ ബാങ്ക് ആവശ്യപ്പെട്ട അവധി കഴിഞ്ഞിരുന്നു. ഇന്ന് വീട് ഒഴിഞ്ഞ് താക്കോല്‍ കൈമാറണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബത്തെ ഒഴിപ്പിച്ചില്ലെന്ന് ബാങ്ക് അധികൃതര്‍. എട്ടു വര്‍ഷമായി വായ്പ കുടിശ്ശികയാണ്. അഞ്ചു ലക്ഷം രൂപയുടെ ഇളവു നല്‍കിയിരുന്നെന്നും ബാങ്ക്.
കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുര്‍വേദ ഡോക്ടര്‍ ജീവനൊടുക്കി. ചിറക്കല്‍ സ്വദേശി കരോട്ട് വീട്ടില്‍ ട്രൈസ്സി വര്‍ഗ്ഗീസ് (28) ആണ് മരിച്ചത്.
തലശേരി മാടപ്പീടികയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ ബീം തകര്‍ന്ന് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സിക്കന്ദര്‍ (45) ആണ് മരിച്ചത്.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ അഞ്ചാമത്തെ സമന്‍സും ഗൗനിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കെജ്രിവാള്‍ ആരോപിച്ചു.
ഡല്‍ഹിയിലെ ബിജെപി ഓഫിസിനു സമീപം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ വോട്ട് അസാധുവാക്കി അട്ടിമറി നടത്തിയെന്ന് ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പൊലീസ് ബാരിക്കേഡ് കടന്ന് മാര്‍ച്ചിന് ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പശുവിന്റെ തല പൊതുസ്ഥലത്ത് ഉപേക്ഷിച്ച് മുസ്ലിം യുവാക്കളെ കുറ്റക്കാരാക്കാന്‍ ശ്രമിച്ച ബജ്റംഗ്ദള്‍ ഭാരവാഹികള്‍ അറസ്റ്റില്‍. മൊറാദാബാദ് ബജ്റംഗ്ദള്‍ യൂണിറ്റ് ജില്ലാ മേധാവി ഉള്‍പ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. മോനു എന്ന സുമിത് ബിഷ്ണോയി, രാജീവ് ചൗധരി, രാമന്‍ ചൗധരി, ഷഹാബുദ്ദീന്‍ എന്നിവരെയാണ് പിടികൂടിയത്.
അയോധ്യ രാമക്ഷേത്രത്തില്‍ പത്തു ദിവസം കൊണ്ട് വഴിപാടായും കാണിക്കയായും ലഭിച്ചത് 11 കോടി രൂപ. ഭണ്ഡാരത്തില്‍ ഭക്തര്‍ നേരിട്ട് നിക്ഷേപിച്ചത് എട്ട് കോടി രൂപയിലേറെയാണ്.
കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്ന തുലാഭാരം ഗിന്നസ് ബുക്കില്‍. ഷിര്‍ഹട്ടിയിലെ ഭവൈഖ്യത സന്‍സ്ഥാന്‍ മഹാപീഠം മഠാധിപതി സിദ്ധരാമന്‍ സ്വാമിയുടെയും മഠത്തിലെ ചാമ്പിക എന്ന ആനയുടെയും തുലാഭാരമാണ് നെഹ്റു സ്റ്റേഡിയത്തില്‍ നടത്തിയത്. സിദ്ധരാമന്റെ 75-ാം ജന്മദിനവും ചമ്പിക്കയുടെ മഠത്തിലെ സേവനത്തിന്റെ 60-ാം വര്‍ഷികവുമായിരുന്നു. ആനപുറത്ത് ഇരിക്കാനുള്ള സ്വര്‍ണം പൂശിയ പല്ലക്കില്‍ സിദ്ധരാമന്‍ സ്വാമി ഇരുന്നായിരുന്നു തുലാഭാരം. 10 രൂപ നാണയങ്ങളാണ് തുലാഭാരത്തിന് ഉപയോഗിച്ചത്. 5,555 കിലോ ഭാരത്തിനു തുല്യമായി 10 രൂപ നാണയങ്ങള്‍ നിറച്ച 376 ചാക്കുകളാണ് ഉപയോഗിച്ചത്. 73,40,000 രൂപയുടെ നാണയങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. റിസര്‍വ് ബാങ്കില്‍ നിന്നാണ് ഇത്രയും നാണയങ്ങള്‍ ശേഖരിച്ചത്.