night news hd 10

 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ തത്കാലം അറസ്റ്റു ചെയ്യരുതെന്ന് കര്‍ണാടക ഹൈക്കോടതി. എക്‌സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വീണാ ജോര്‍ജ് നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി. അതുവരെ കടുത്ത നടപടികള്‍ പാടില്ലെന്ന് എസ്എഫ്‌ഐഒയ്ക്കു കോടതി നിര്‍ദേശം നല്‍കി. അറസ്റ്റു ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് എസ്എഫ്‌ഐഒയോട് കോടതി ചോദിച്ചു. രേഖകള്‍ ഹാജരാക്കാന്‍ എക്‌സാലോജിക് സമയം നീട്ടി ചോദിച്ചിട്ടുണ്ടെന്നായിരുന്നു എഎസ്ജിയുടെ മറുപടി. വേിധി പ്രസ്താവിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നു നിര്‍ദേശിച്ച കോടതി എസ്എഫ്‌ഐഒ ചോദിച്ച രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജികിനോടും ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേ നാളെ വ്യാപാരികള്‍ കടയടച്ചിട്ടു സമരം നടത്തും. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണു സമരം. കടുത്ത നിയമങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ചെയ്യാത്ത കുറ്റം ആരോപിച്ചു ഭീമമായ പിഴയുംമൂലം വ്യാപാര സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവാത്ത അവസ്ഥയാണെന്നു വ്യാപാരി നേതാക്കള്‍ ആരോപിച്ചു.

ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ച്. പോലീസ് റോഡില്‍ നിരത്തിയ ബാരിക്കേഡുകളും മുള്ളുവേലികളും ജലപീരങ്കികളും മറികടന്ന് ഡല്‍ഹിയിലേക്കു മാര്‍ച്ചു ചെയ്യുമെന്നാണു കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനു സാധ്യത. ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.

ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്ന’യെ മയക്കുവെടിവച്ച് പിടികൂടാനാകാതെ ദൗത്യം സംഘം. ആന കര്‍ണാടക അതിര്‍ത്തിയിലെ കുറ്റിക്കാട്ടിലാണ്. ആനയെ പിടകൂടാനുള്ള ദൗത്യസേനയെ ഇരുന്നൂറ് അംഗ സേനയായി വികസിപ്പിച്ചു. ദൗത്യ സംഘം പത്ത് ടീമായി പിരിഞ്ഞ് കാട്ടാന എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി.

വയനാട്ടില്‍ കാട്ടാനയുടെ അക്രമത്തില്‍ അജീഷ് കൊല്ലപ്പെട്ടതില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷം. ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സര്‍ക്കാരാണ് ഉത്തരവാദി എന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ആനയെ ആദ്യം കണ്ടെത്തുന്നതില്‍ ചില സങ്കേതികമായ തടസങ്ങളുണ്ടായെന്നും വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമങ്ങളുണ്ടായെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ ആരോപിച്ചു.

മസാലബോണ്ട് കേസില്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. നാളെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. താന്‍ കിഫ്ബി വൈസ് ചെയര്‍മാന്‍ മാത്രമെന്നും തന്നെ എന്തിനു ചോദ്യം ചെയ്യണമെന്നും തോമസ് ഐസക്ക് ചോദിച്ചു.

തൃപ്പൂണിത്തുറയിലെ പടക്കസ്‌ഫോടനത്തില്‍ പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്പല കമ്മിറ്റിയിലെ മറ്റു ഭാരവാഹികള്‍ ഒളിവിലാണ്.

തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ വെടിക്കെട്ടിനു പടക്കം തയാറാക്കിയ കരാറുകാരന്റെ ഗോഡൗണില്‍നിന്നു കഞ്ചാവ് കണ്ടെടുത്തു. പോലീസ് തിരുവനന്തപുരം സ്വദേശിയുടെ പോത്തന്‍കോട് ശാസ്തവട്ടം മടവൂര്‍പാറയിലെ ഗോഡൗണില്‍ റെയ്ഡ് നടത്തിയപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ഗോഡൗണിനു സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തില്‍ വലിയ ഗുണ്ടുകളും കണ്ടെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ഈ ഗതി ഇന ആര്‍ക്കും വരരുതേയെന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ അല്‍ന. അജീഷിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനോടാണ് വൈകാരികമായി പ്രതികരിച്ചത്. ‘ഞാന്‍ കരഞ്ഞതുപോലെ വേറൊരു കൊച്ചും ഇനി കരയാന്‍ പാടില്ല. വയനാട്ടില്‍ ധാരാളം ആളുകള്‍ കടുവയുടെയും ആനയുടേയും ആക്രമണത്തില്‍ മരിക്കുന്നുണ്ട്. ഇതുവരെ അതിനൊരു പരിഹാരമുണ്ടാക്കിയിട്ടില്ല.’ കണ്ണീരോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അല്‍ന പറഞ്ഞു.

മലപ്പുറം നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയിലെ ഏഴു ടണ്ണോളം മാതളനാരങ്ങ നാട്ടുകാരും വഴിയാത്രക്കാരും മോഷ്ടിച്ചു. ഇന്ധന ടാങ്കിലെ ഡീസല്‍പോലും ഊറ്റിയെടുത്തു. ആന്ധ്രപ്രദേശില്‍നിന്ന് പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്ന ലോറി റോഡിന്റെ സുരക്ഷാ മതിലില്‍ ഇടിച്ച് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിരുന്നു. മൈസൂരു സ്വദേശികളായ ഇവര്‍ ആശുപത്രിയിലേക്കു പോയപ്പോഴാണ് ലോറയിലെ സാധനങ്ങള്‍ കൊള്ളയടിച്ചത്.

സംസ്ഥാനത്തെ എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ 180 ദിവസത്തിനു മുകളിലുള്ള എല്ലാ അവധിയിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നു സുപ്രീംകോടതി. ശൂന്യവേതന അവധിയടക്കമുള്ളവയ്ക്ക് ഇതു ബാധകമാണ്. എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് ഈക്കാര്യത്തില്‍ അധികാരമില്ലെന്നും അവധി അപേക്ഷ സര്‍ക്കാരിനു കൈമാറണമെന്നും കോടതി.

ലൊക്കേഷന്‍ സ്‌കെച്ചിന് 500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലന്‍സിന്റെ പിടിയിലായത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണം പൊലീസില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ അജയ് ജ്യുവല്‍ കുര്യാക്കോസും എ ഡി തോമസും മുഖ്യമന്ത്രിക്കു പരാതി നല്‍കി. കോടതി ഇടപെട്ടിട്ടും കേസന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നാണ് പരാതി. പ്രതികളായ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പരാതിയില്‍ പറയുന്നു.

സ്വാശ്രയ കോളജിനെതിരേ സമരം ചെയ്തവരോടുള്ള വഞ്ചനയാണ് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരാനുള്ള നീക്കമെന്ന് കെ.കെ രമ നിയമസഭയില്‍. അന്ന് പരിക്കേറ്റവര്‍ ഇന്നു സഭയിലെത്തിയാല്‍ സിപിഎം നേതാക്കളെ നോക്കി കുലംകുത്തികളെന്ന് വിളിക്കുമെന്നും കെകെ രമ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലിരിക്കേയാണ് ഇങ്ങനെ പ്രസംഗിച്ചത്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴണ് പിണറായി വിജയന്‍ വിവാദ കുലംകുത്തി പ്രയോഗം നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചിരുന്ന കണ്ണൂര്‍ സ്വദേശിജാഫര്‍ ഭീമന്റവിട കണ്ണൂരിലെ വീട്ടില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലകനായിരുന്നെന്ന് എന്‍ഐഎ പറയുന്നു. 2047 ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന ആരോപണം.

കൊച്ചി കത്രിക്കടവ് ഇടശേരി ബാറിനു മുന്നിലുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ പിടിയില്‍. ഷമീര്‍, ദില്‍ഷന്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയില്‍ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്.

തൃശൂര്‍ പെരിഞ്ചേരിയില്‍ ചുവരെഴുത്തിനെച്ചൊല്ലി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്തു. സമരാഗ്‌നി യാത്രയുടെ പ്രചരണത്തിനു ചുവരെഴുത്തു നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ബീച്ചുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ഇസാഫ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന ‘ബീച്ച് ഫോര്‍ ഓള്‍’ ബോധല്‍ക്കരണ പ്രചാരണത്തിന് രാജ്യാന്തര പുരസ്‌കാരം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ അക്കാഡമി ഓഫ് ഡിജിറ്റല്‍ ആര്‍ട്സ് ആന്റ് സയന്‍സസ് ഏര്‍പ്പെടുത്തിയ ആന്തം അവാര്‍ഡ് ഇസാഫിനു വേണ്ടി ബിജില ജോര്‍ജ് സ്വീകരിച്ചു.

ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി. 129 പേര്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ പിന്തുണച്ചു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയശേഷമാണ് വിശ്വാസ പ്രമേയ വോട്ടെടുപ്പിനു നടപടികള്‍ ആരംഭിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *