ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിനിടെ മഞ്ഞുരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണ്‍വിളി. സജി ചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതു സംബന്ധിച്ചു നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. നാളെ വൈകീട്ട് നാലിനാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് മന്ത്രിസ്ഥാനത്തുനിന്ന് ആറുമാസം മാറിനിന്നതെന്ന് സജി ചെറിയാന്‍. തനിക്കെതിരേ കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്നു കണ്ടെത്തിയ കേസിനെച്ചൊല്ലിയാണ് വിവാദം. തനിക്കെതിരേ ഉണ്ടായിരുന്ന രണ്ടു പരാതികളും തീര്‍പ്പായെന്നും സജി ചെറിയാന്‍ അവകാശപ്പെട്ടു.
മകരവിളക്കിനു ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ജനുവരി 11 മുതല്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരില്‍ ഒരു വിഭാഗം മകരവിളക്കു തീരുന്നതുവരെ ശബരിമലയില്‍ തുടരാനാണ് സാധ്യത. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരുക്കും. തീര്‍ഥാടകര്‍ കാടിന്റെ പരിസരത്തു പാചകം ചെയ്യുന്നത് തടയും. തീപിടുത്തം തടയാനാണിത്. പാചകത്തിനുള്ള പാത്രങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടില്ല.
കോഴിക്കോട് ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ കോല്‍ക്കളി വേദിയിലെ കാര്‍പെറ്റില്‍ മത്സരാര്‍ത്ഥി തെന്നി വീണു. മല്‍സരാര്‍ത്ഥികളുടെ രക്ഷിതാക്കളും പരിശീലകരും ബഹളം വച്ചതോടെ മത്സരം കുറച്ചു സമയം നിര്‍ത്തിവച്ചു. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പെറ്റ് നീക്കം ചെയ്യണമെന്നാണ് മല്‍സരാര്‍ഥികള്‍ ആവശ്യപ്പെട്ടത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിയ്യൂരില്‍നിന്ന് എത്തിച്ച കാപ്പ തടവുകാരും കണ്ണൂരിലെ കാപ്പ തടവുകാരും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂരിലെ തടവുകാരനായ തൃശൂര്‍ സ്വദേശി പ്രമോദിനെ വിയ്യൂരില്‍നിന്ന് എത്തിയ തടവുകാര്‍ ആക്രമിക്കുകയായിരുന്നു. കേസെടുത്തിട്ടുണ്ട്.
കോട്ടയത്ത് ഭക്ഷ്യവിഷബാധമൂലം യുവതി മരിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ 429 ഹോട്ടലുകളില്‍ പരിശോധന. വ്യത്തിഹീനമായ 22 കടകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കി.
പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച ഹോട്ടല്‍ പോലീസ് അടപ്പിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിലാണ് സംഭവം.
ഗോവയില്‍നിന്നു എംഡിഎംഎയും, എല്‍എസ്ഡി സ്റ്റാമ്പുകളും കടത്തിയ എട്ടംഗ സംഘം കഴക്കൂട്ടത്ത് പിടിയില്‍.
കൊലക്കേസില്‍ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദര്‍ശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാര്‍, സുബാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്.
മലപ്പുറം മമ്പാട് ആംബുലന്‍സ് ഇരുചക്ര വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൃതദേഹം എടവണ്ണ ഇഎംസി ആശുപത്രിയില്‍.
മലപ്പുറം എടവണ്ണപ്പാറയില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയെന്ന കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. ചീക്കോട് വാവൂര്‍ അബ്ദുല്‍റാഷിദിനെ (29)യാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മോഷണംപോയ നാലുപവന്‍ സ്വര്‍ണം എടവണ്ണപ്പാറയിലെ പണമിടപാടു സ്ഥാപനത്തില്‍നിന്ന് കണ്ടെടുത്തു.
പത്തനംതിട്ട ചുട്ടിപ്പാറയില്‍ അയ്യപ്പന്റെ 133 അടി ഉയരമുള്ള ശില്‍പം സ്ഥാപിക്കും. 25 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 34 കിലോമീറ്റര്‍ അകലേയ്ക്കുവരെ ശില്‍പം കാണാനാകുമെന്നു സംഘാടകരായ ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ട്രസ്റ്റ് പറയുന്നു. യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപമാണു ശില്‍പി ദേവദത്തന്റെ നേതൃത്വത്തില്‍ നിര്‍മിക്കുക.
ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിന്. ‘പ്രാണവായു’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് രോഗിയെ എലി കടിച്ചതിനെക്കുറിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയു ഒബ്‌സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്.
മലപ്പുറം താനൂരില്‍ ചായക്കു മധുരം കുറഞ്ഞതിന് ഹോട്ടലുടമ മനാഫിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. ആക്രമിച്ച സുബൈറിനെ പിന്നീട് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളിലൂടെ പതിനായിരം കോടി രൂപ സമാഹരിക്കും. ഇതിനായി ഡയറക്ടര്‍ ബോര്‍ഡ് നടപടികള്‍ ആരംഭിച്ചതായി എസ്ബിഐ അറിയിച്ചു.
ഒരു റഷ്യന്‍ പൗരന്‍ കൂടി ഒഡിഷയില്‍ മരിച്ച നിലയില്‍. ഇതോടെ മൂന്നാമത്തെ റഷ്യന്‍ പൗരനാണ് ഇവിടെ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. മിയകോവ് സെര്‍ജി എന്നയാളാണു മരിച്ചത്. പാരദീപ് തുറമുഖത്തെ കപ്പലിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് നിന്ന് പരദീപ് വഴി മുംബൈയിലേക്ക് പോവുകയായിരുന്ന എം ബി അല്‍ദ്‌ന എന്ന കപ്പലിലെ ചീഫ് എഞ്ചിനീയറായിരുന്നു 51 കാരനായ മിയകോവ്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളിലായാണ് ഇത്രയും മദ്യം വിറ്റഴിച്ചത്. ഇതില്‍ 610 കോടിയുടെ മദ്യക്കച്ചവടവും ഡിസംബര്‍ 31 നായിരുന്നു.
കോവിഡ് തടയാന്‍ ബൂസ്റ്റര്‍ ഡോസ് രണ്ടാം തവണ എടുക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യ ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും എത്തിക്കാനാണു മുന്‍ഗണനയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെയും അതുവഴി കോണ്‍ഗ്രസിന്റേയും പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടികള്‍ ചിലവിട്ടെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സകലതും വിലക്കെടുത്ത അദാനിക്കും അംബാനിക്കും രാഹുലിനെ വിലക്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രിയങ്ക. ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അവര്‍.