Screenshot 2024 02 27 20 21 14 990 com.android.chrome edit 1

കക്കയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു.കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമിനെയാണ് കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപെട്ടിരുന്നു.

വന്യജീവി ആക്രമണം മൂലമുള്ള സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. ഈ സമിതി സംസ്ഥാന തലത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങൾ കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും.

കോതമംഗലം പ്രതിഷേധത്തിൽ പോലീസ് വീണ്ടും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി. ജാമ്യം കിട്ടി കോടതി വളപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് മറ്റൊരു കേസുമായി പോലീസ് രംഗത്തെത്തിയത്. അറസ്റ്റ് തടയാൻ കോടതിമുറിയിലേക്ക് ഓടിക്കയറിയ ഷിയാസ് മണിക്കൂറുകൾക്കുള്ളിൽ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടി. പ്രതിഭാഗത്തിന്‍റെ വാദത്തിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം 16 വരെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.

സാധാരണക്കാര്‍ക്ക് വേണ്ടിയാണ്ഞങ്ങള്‍ സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജാമ്യമില്ലാത്ത കേസ് മനപൂര്‍വം ഉണ്ടാക്കി കൊലപ്പുള്ളിയെ പോലെയാണ് ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ പൊലീസ് പിടിച്ചുകൊണ്ടു പോയത്. കോടതി ജാമ്യം നല്‍കിയതിനു പിന്നാലെ മറ്റൊരു കേസുണ്ടാക്കി അറസ്റ്റു ചെയ്യാനാണ് പോലീസ് പുറത്ത് കാത്തു നിന്നത്. ഇങ്ങനെയൊന്നും സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കെഎൻഎം ഉപാധ്യക്ഷൻ ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന ഹുസൈൻ മടവൂരിന്റെ പരാമർശത്തിനെതിരെ മുഖാമുഖം പരിപാടിക്കിടയിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ കുടിശ്ശിക നിവാരണത്തിന് ജല അതോറിറ്റി പുതിയ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. റവന്യൂ വരുമാനം മെച്ചപ്പെടുത്താൻ കൂടുതൽ പരിശ്രമിക്കണം. വേനൽക്കാലത്ത് ഉണ്ടാകുന്ന ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് നിയമസഭാ മണ്ഡലം തലത്തിൽ എംഎൽഎമാരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ പങ്കാളിത്തം ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. തിരുവന ന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കരിയര്‍ നഷ്ടപ്പെട്ടു പോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത് എന്നും മന്ത്രി പറഞ്ഞു .

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി. സിദ്ധാർഥന്‍റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാംപസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും ഷീബക്കും നീതി കിട്ടണം എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

തിരുവനന്തപുരം പൂജപ്പുരയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ശേഷം ഉപേക്ഷിച്ചു പോയ രണ്ടു വയസുകാരിയെ മാതാപിതാക്കൾക്ക് കൈമാറി. കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയാണെന്ന ഡിഎന്‍എ ഫലം വന്നതോടെയാണ് പൂജപ്പുരയിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടിയെ മാതാപിതാക്കൾക്ക്‌ കൈമാറിയത്.കുട്ടിയുമായി മാതാപിതാക്കൾ ഇന്ന് തന്നെ ഹൈദരാബാദിലേക്ക് പോകും.

ബിജെപിയിലേക്ക് പോകുമെന്ന വാർത്തയോട് പ്രതികരിച്ച് പത്മജാ വേണുഗോപാൽ രംഗത്തെത്തി. തന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ വാർത്ത നിഷേധിച്ചതാണ്. ഇപ്പോഴും ശക്തമായി നിഷേധിക്കുന്നു. ഭാവിയിൽ പോകുമോ എന്നവർ തന്നോട് ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയുമെന്ന് അവരോട് തമാശയായി പറഞ്ഞു. അത് ഇങ്ങനെ വരുമെന്ന് കരുതിയില്ലെന്നും പത്മജ വേണു​ഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുതിയ വിവരാവകാശ കമ്മീഷണറുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. രാജഭവനിൽ നടന്ന ചടങ്ങിൽ ഇരുവരും പരസ്പരം ഉപചാരം ചൊല്ലി. ചടങ്ങിനു ശേഷം ചായ സൽക്കാരവും നടത്തിയാണ് ഗവർണർ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും യാത്രയാക്കിയത്.

ഫ്ലൈ 91 വിമാന കമ്പനിക്ക് സർവീസ് നടത്താൻ അനുമതി.സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ആണ് എയര്‍ ഓപ്പറേറ്റര്‍ അനുമതി നൽകിയത്. തൃശ്ശൂർ സ്വദേശി മനോജ് ചാക്കോയാണ് ഈ വിമാന കമ്പനിക്ക് നേതൃത്വം നൽകുന്നത്.

ശബരിമലയിൽ അരവണ പായസം തയ്യാറാക്കുന്നതിനായി മായം കലർന്ന ഏലക്കായ വിതരണം ചെയ്ത കരാറുകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ നിർദ്ദേശിച്ച കേരള ഹൈക്കോടതി ഉത്തരവ്സുപ്രീം കോടതി റദ്ദാക്കി.ശബരിമല അരവണയിലെ കീടനാശിനി സംബന്ധിച്ച ഹർജി കേരള ഹൈകോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മാരായ എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ചിന്റെത് ആണ് വിധി.

പിറവം പേപ്പതിയിൽ കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെ മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ച പ്രതിയെ തമിഴ്നാട് കുളച്ചലിൽ നിന്നും പോലീസ് പിടികൂടി. ഒളിവിൽ പോയ പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിലിൽ ആരീഫിനെ (19) ആണ് പോലീസ് പിടികൂടിയത്.ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

കാസർഗോഡ് ജില്ലയിൽ യുവാവിനെ മർദ്ദിച്ചു കൊന്ന മൂന്നുപേർ കസ്റ്റഡിയിൽ.മിയാപദവ് സ്വദേശി ആരിഫ് (21) ആണ് മരിച്ചത്. ആരിഫിന്റെ മരണം കൊലപാതകം ആണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അതിശക്തമായ മർദ്ദനമേറ്റത് മൂലം ഉണ്ടായ ആന്തരിക രക്തസ്രാവം ആണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ.നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസില്‍ തിരുവാണിയൂരിലെ ശാലിനിക്കാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി ജഡ്ജി കെ സോമൻ ആണ് ശിക്ഷ വിധിച്ചത്.

സനാതനധർമ വിരുദ്ധ പരാമർശത്തില്‍ മന്ത്രി ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും, പരാമർശം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് പരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുo.മാർച്ച് നാലിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *