പുതുവത്സരാഘോഷത്തിന്‍റെ സമാപനം ഇന്ന്
ഫോർട്ട് കൊച്ചിയിൽ കാർണിവൽ റാലിയോടെ. വൈകിട്ട് മൂന്നിന് പരേഡ് മൈതാനത്ത് നടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ പങ്കെടുക്കും. കലാരൂപങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന റാലിയില്‍ നിശ്ചല ദൃശ്യങ്ങളുടെ അവതരണവുമുണ്ടാവും.
ആടിയും പാടിയും ആർത്തുല്ലസിച്ചുമാണ് കേരളം പുതുവർഷത്തെ വരവേറ്റത്. കനത്ത സുരക്ഷയിലായിരുന്നു കൊച്ചിയിലെ ആഘോഷം. ഭീമൻ പാപ്പാഞ്ഞി കത്തിച്ച് ഇന്നലെ രാത്രി പുതുവര്‍ഷത്തെ ഫോര്‍ട്ടു കൊച്ചി വരവേറ്റിരുന്നു.
കോഴിക്കോട് ബീച്ചിലായിരുന്നു ആഘോഷങ്ങൾ. തിരുവനന്തപുരത്ത് കോവളം പുതുവത്സരമാഘോഷിക്കാൻ എത്തിയ സ്വദേശികളേയും വിദേശികളേയും കൊണ്ട് നിറഞ്ഞു.
തൃശ്ശൂരും പുത്തനാണ്ടിനെ ആമോദത്തോടെ വരവേറ്റു. ഷോപ്പിങ്ങ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നഗരത്തിൽ ഒരുക്കിയത്.
തേക്കിൻകാട് മൈതാനിയിൽ ചെമ്മീനും തൈക്കുടം ബ്രിഡ്ജും പാട്ടുത്സവം തന്നെ നടത്തി.
ആഘോഷത്തിനിടയിൽ ലഹരി പതയുന്നുണ്ടോയെന്നറിയാൻ കർശന പരിശോധനയുമുണ്ടായിരുന്നു. നേരത്തേ പരാതിയുയർന്ന ഹോട്ടലുകളിൽ മഫ്തിയിൽ പോലീസ് പരിശോധന നടത്തി. ഒപ്പം സ്ത്രീകൾക്ക് എതിരേയുള്ള അക്രമങ്ങൾ കണ്ടുപിടിക്കാനും പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നുണ്ടായിരുന്നു.
കർശന പോലീസ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് ബീച്ചിലേയ്ക്കുള്ള പ്രവേശനത്തിന് വൈകിട്ട് 6 മണിക്ക് തന്നെ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കോഴിക്കോട്ടുകാർ വലിയ പരാതിയോടെയാണ് സ്വീകരിച്ചത്. 12.30 വരെ ബീച്ചിൽ വലിയ തോതിൽ ഉള്ള ജനക്കൂട്ടം ഉണ്ടായിരുന്നു. ബഹളങ്ങളിൽ നിന്ന് മാറി പുതുവത്സരമാഘോഷിക്കാൻ ആയിരകണക്കിന് സഞ്ചാരികൾ വയനാട്ടിലെത്തിയിരുന്നു.
ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചാണ് വയനാട്ടിൽ ആഘോഷ പരിപാടികൾ ഏറെയും നടന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ചുരത്തിൽ ഉൾപ്പെടെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസുകാരെ പലമേഖലകളിലും വിന്യസിച്ചു.
ലഹരിക്കടത്ത് സാധ്യത കണക്കിലെടുത്ത് അതിർത്തി ചെക്ക് പോസ്റ്റുകളിൽ എക്സൈസും പൊലീസും സംയുക്തമായി കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ശബരിമല സന്നിധാനത്തും പുതുവത്സരം ആഘോഷിച്ചു. കർപ്പൂരം തെളിച്ചും അയ്യപ്പ സേവാ സംഘങ്ങൾ തീർത്ഥാടകർക്ക് മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം.