ഓണം പടിവാതിലില്‍ എത്തി നില്‍ക്കെ പുതിയ റെക്കോഡിട്ട് സ്വര്‍ണം. ഇന്ന് ഗ്രാമിന് 85 രൂപ ഉയര്‍ന്ന് 9,705 രൂപയും പവന് 680 രൂപ കൂടി 77,640 രൂപയിലുമെത്തി. ശനിയാഴ്ച കുറിച്ച പവന് 76,960 രൂപയെന്ന റെക്കോഡാണ് ഒറ്റ ദിവസം കൊണ്ട് മറികടന്നത്. ചെറുകാരറ്റുകളുടെ വിലയും ക്രമാനുഗതമായി ഉയര്‍ന്നു. 18 കാരറ്റിന് 65 രൂപ വര്‍ധിച്ച് 6,205 രൂപയും 14 കാരറ്റിന് 6,205 രൂപയുമായി. ഒമ്പതു കാരറ്റിന് 4,005 രൂപയുമായി. വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 130 രൂപയിലെത്തി. കേരളത്തില്‍ ഒരു ഗ്രാമിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. സോളാര്‍ പാനലുകള്‍ക്കും മറ്റും ആവശ്യം വര്‍ധിക്കുന്നതാണ് വെള്ളി വിലയെ ഉയര്‍ത്തുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 77,640 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 82,000 രൂപയ്ക്ക് മുകളിലാലാകും. ഓണക്കാലത്തെ ഈ വിലക്കയറ്റം വ്യാപാരികളെയും ആഭരണ പ്രേമികളെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.