അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്’ ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടര്‍ എത്തി. വിശാഖ് നായര്‍ അവതരിപ്പിക്കുന്ന ‘ചെറിയാന്‍’ എന്ന കഥാപാത്രത്തെയാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നത്. വളരെ വ്യത്യസ്തവും കൗതുകകരവുമായ രീതിയിലാണ് വിശാഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തന്റെ ലോകത്ത് താന്‍ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന, അതിരുകടന്ന ആത്മവിശ്വാസമുള്ള ഒരു കഥാപാത്രമാണ് ചെറിയാന്‍. നിറപ്പകിട്ടാര്‍ന്ന വസ്ത്രധാരണവും കൂളിംഗ് ഗ്ലാസും സ്വര്‍ണ്ണ വാച്ചുമായി, ഒരു ഗുസ്തി ഗോദയുടെ പശ്ചത്താലത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് വിശാഖ് നായര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പറക്കുന്ന കറന്‍സി നോട്ടുകളും സ്പാര്‍ക്കുകളും ഗുസ്തി റിംഗിലെ ചിഹ്നങ്ങളും ചെറിയാന്റെ സ്വഭാവത്തിലെ ആഡംബരവും ഊര്‍ജ്ജവും വിളിച്ചോതുന്നു. നേരത്തെ പുറത്തിറങ്ങിയ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് വിശാഖിന്റെ ഈ പുതിയ ലുക്ക് എത്തുന്നത്.
