മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ കേസെടുക്കുന്നതിൽ നിയമോപദേശത്തിനും കൂടിയാലോചനകൾക്കും ശേഷമാകും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക. അതിവേഗം കേസെടുത്താൽ ബിജെപിയുമായുള്ള ഡീൽ എന്ന ആക്ഷേപം സിപിഎം ഉയർത്തുമെന്നത് സർക്കാറിന് മുന്നിലെ വെല്ലുവിളി.
മാസപ്പടി കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. യഥാർത്ഥ പ്രതി പിണറായി വിജയനാണെന്നും കരിമണൽ കൊള്ളയിലൂടെ ലഭിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി മുഹമ്മദ് റിയാസ്. ഇഡിയുടെ അന്വേഷണത്തിൽ ആരെങ്കിലും പേടിച്ചുപോയി എന്ന് കരുതണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഉപരി കോടതികളിൽ പോയ വിഷയമാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് വിലയിരുത്തി സിപിഎം. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു. ഇത് പ്രകാരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോൺസർ ചെയ്ത് പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിൽ പങ്കാളികളാകാം.
ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും.
പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി. ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.30 യ്ക്കും രാത്രി 12.30 യ്ക്കും ഇടയിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ ഇന്നലെ മൂന്ന് വട്ടമായിരുന്നു വൈദ്യുതി നിയന്ത്രണം.
സംസ്ഥാനത്ത് ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാക്ഷരതയ്ക്ക് പ്രാധാന്യം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി.അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23)ഷാനു (23) എന്നിവരാണ് വനത്തിൽ കുടുങ്ങി കിടക്കുന്നത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു.സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തേക്കും.
12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ.കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റർ കെവി ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിലേക്ക് സംഘടിപ്പിച്ച പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഇൻവെസ്റ്റ് യുപി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജയ് കിരൺ ആനന്ദ് ഐഎഎസുമായി ലഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തി.ഉത്തർപ്രദേശിന്റെ വ്യാവസായിക വളർച്ചയും നിക്ഷേപ സാധ്യതകളും ഇൻവെസ്റ്റ് യുപി സിഇഒ കേരളത്തിൽ നിന്നുള്ള മാധ്യമസംഘവുമായി പങ്കുവെച്ചു
.അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ പ്രതി പിടിയിൽ. യുവതിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്ന പ്രോവത് ദാസ് എന്ന പ്രതിയാണ് പശ്ചിമബംഗാളിൽ നിന്ന് പിടിയിലായത്. പാലക്കാട് നിന്ന് കൊൽക്കത്തയിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊന്നത് തന്റെ ഭാര്യയെയും കുഞ്ഞിനെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി.
വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിത ജയിലിൽ നിന്നും കീർത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഉത്തർപ്രദേശിനെ ലോകത്തിന്റെ ടെക്സ്റ്റൈൽ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘യുപി’ എന്ന പേരിന് ഇപ്പോൾ ‘അൺലിമിറ്റഡ് പൊട്ടൻഷ്യൽ’ എന്നാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തൊഴിൽശക്തിയുടെ പിൻബലത്തിലാണ് ഈ വലിയ ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നതെന്നും യോഗി കൂട്ടിച്ചേർത്തു.
ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജെന്റർ റെസ്പോൺസീവ് ഗവേണൻസ് (Gender-Responsive Governance) വിഷയത്തിലുള്ള ദ്വിദിന ശില്പശാല കോൺഗ്രസ് പ്രതിനിധികൾ പ്രതിഷേധിച്ച് ബഹിഷ്കരിച്ചു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും തോക്കും വ്യാജ ഐഡി കാർഡുകളുമായി രണ്ടു പേരെ പിടികൂടി. 24 കാരനും ഇയാളുടെ സുരക്ഷാ ജീവനക്കാരനെന്ന് കരുതുന്നയാളുമാണ് പിടിയിലായത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം 28 വരെ നീട്ടി. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങൾക്കാണ് ഉത്തരവ് ബാധകം
പൊലീസ് സ്റ്റേഷനിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ കൗശാംബി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രിയങ്ക യാദവ് എന്ന 25കാരിയായ വനിതാ കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്ന മാധ്യമപര്യടനത്തിൻ്റ രണ്ടാം ദിനത്തിൽ, കേരളത്തിൽനിന്നുള്ള മാധ്യമ പ്രതിനിധി സംഘം ബാരാബങ്കി ജില്ലയിലെ ദൗലത്പൂർ ഗ്രാമത്തിൽ പത്മശ്രീ അവാർഡ് ജേതാവും നൂതന കർഷകനുമായ റാം സരൺ വർമ്മയെ സന്ദർശിച്ചു.
ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി സമര പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തികവർഷം പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് നടപ്പാക്കുന്നത് നിർത്തിവെച്ച് കേന്ദ്രസർക്കാർ. പുതിയ ഇൻസെന്റീവ് സ്കീം നടപ്പാക്കുന്നതിനെതിരെ അടക്കം തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സഈദിന്റെ മകൻ ഹാഫിസ് തൽഹ സഈദ്, പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ പരസ്യമായി പുകഴ്ത്തി. അസിം മുനീർ സൈന്യത്തിൽ ‘ജിഹാദ്’ പുനരുജ്ജീവിപ്പിച്ചുവെന്ന് അവകാശപ്പെട്ട തൽഹ, ഇന്ത്യയ്‌ക്കെതിരെ ജീവിച്ചിരിക്കുന്നിടത്തോളം കാലം ജിഹാദ് തുടരുമെന്നും ഭീഷണിപ്പെടുത്തി.
സൗദിയിൽ ഇറാൻ പിന്തുണയുള്ള യെമനി ഹൂതികളുടെ കനത്ത ആക്രമണം. നാല് നഗരങ്ങളെയും സുപ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും ആക്രമിച്ചു. 73 സാധാരണക്കാർക്ക് പരിക്കേറ്റു. ജസാൻ, അബഹ, ഖമീസ് മുഷൈത്ത്, നജ്റാൻ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
