മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ ഉള്ളടക്കവും അവതരണവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘നാരായണീന്റെ മൂന്നാണ്മക്കള്‍’. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരെ ടൈറ്റില്‍ റോളുകളില്‍ അവതരിപ്പിച്ച് ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഫെബ്രുവരി 7 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായം സ്വന്തമാക്കിയെങ്കിലും ചിത്രം ഒരു തിയറ്റര്‍ വിജയമായില്ല. പിന്നീട് പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയി എത്തിയപ്പോള്‍ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയും കൂടുതല്‍ ചര്‍ച്ച സൃഷ്ടിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5 നാണ് ചിത്രം യുട്യൂബില്‍ എത്തിയത്. മൂന്ന് ആഴ്ച കൊണ്ട് 10 ലക്ഷത്തിലധികം കാഴ്ചകളാണ് ചിത്രം നേടിയിട്ടുള്ളത്. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
