Untitled design 20250307 191104 0000

 

കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളാണ് ദീക്ഷിതർ എന്നപേരിൽ അറിയപ്പെടുന്ന മുത്തുസ്വാമി ദീക്ഷിതർ….!!!

ദീക്ഷിതരോടൊപ്പം ത്യാഗരാജസ്വാമികളും ശ്യാമശാസ്ത്രികളും ചേർന്നുള്ള ത്രിമൂർത്തികളിൽ സംസ്കൃതത്തിൽ കാവ്യരചന നടത്തിയത് ദീക്ഷിതർ മാത്രമായിരുന്നു.തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ തിരുവാരൂരിൽ ആണു ഇദ്ദേഹം ജീവിച്ചിരുന്നത്. പ്രസിദ്ധ കർണ്ണാടകസംഗീതജ്ഞനായിരുന്ന രാമസ്വാമി ദീക്ഷിതരുടെ പുത്രനാണ്‌.

 

പിതാവിൽ ‍നിന്ന് സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ചതിനുശേഷം ചിദംബരനാദ യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു.ഗുരുവിന്റെ നിർദ്ദേശപ്രകാരം തിരുത്തണി സുബ്രഹ്മണ്യക്ഷേത്രത്തിൽ ശ്രീകോവിലിനഭിമുഖമായി ഇരുന്ന് ശ്രീസുബ്രഹ്മണ്യധ്യാനത്തിൽ മുഴുകിയ ദീക്ഷിതരുടെ മുമ്പിൽ ദേവൻ ഒരു മഹാപുരുഷന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഒരു കഷണം മധുരം അദ്ദേഹത്തിന്റെ വായിലിട്ടശേഷം അപ്രത്യക്ഷനാകുകയും തൽക്ഷണം അദ്ദേഹത്തിന് `സംഗീതകവിത്വം’ കൈവരികയും `ശ്രീനാരദാദിഗുരുഗുഹ’ എന്ന ആദ്യ കൃതി രൂപംകൊള്ളുകയും ചെയ്തുവെന്നാണ് വിശ്വാസം.

 

വാരാണസീവാസം കൊണ്ട് ഹിന്ദുസ്ഥാനി സംഗീതത്തിൽ അവഗാഹം നേടിയ ഇദ്ദേഹം കർ‌ണാടക സംഗീതത്തിന് മിയാൻ‌കിതോടി, യമൻ‌ കല്യാണി, ഹമീർ‌കല്യാണി തുടങ്ങിയ രാഗങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തു.ഹംസധ്വനി രാഗത്തിലെ പ്രശസ്തമായ വാതാപി ഗണപതിം ഭജേഹം എന്ന കീർത്തനം ഇദ്ദേഹം ചിട്ടപ്പെടുത്തിയതാണ്‌.

 

നവഗ്രഹകീർത്തനങ്ങൾ, കമലാംബാ നവാവരണ കൃതികൾ, അഭയാംബാനവാവരണം, ഷോഡശഗണപതികൃതികൾ, വിഭക്തികൃതികൾ, പഞ്ചലിംഗസ്ഥലകൃതികൾ തുടങ്ങിയ മികച്ച സമൂഹകൃതികളും അദ്ദേഹം കർണാടകസംഗീതത്തിന് സംഭാവന ചെയ്തിട്ടുണ്ട്. “തിരുത്തണി കൃതികൾ“ എന്ന പേരിൽ പ്രശസ്തമായ പത്ത് സുബ്രഹ്മണ്യസ്തുതികൾ ദീക്ഷിതർ രചിച്ചതാണ്.

 

ദീക്ഷിതരുടെ കൃതികളെല്ലാംതന്നെ സാഹിത്യപരമായും സംഗീതപരമായും ഉന്നതനിലവാരം പുലർത്തുന്നവയാണ്. മധ്യമകാലസാഹിത്യം, യതിപ്രയോഗങ്ങൾ, സമഷ്ടിചരണങ്ങൾ തുടങ്ങിയവ ദീക്ഷിതർകൃതികളുടെ പ്രത്യേകതകളാണ്.അമൃതവർഷിണിരാഗത്തിലുള്ള ആനന്ദാമൃതകർഷിണി എന്നു തുടങ്ങുന്ന കൃതിയുടെ സമഷ്ടിചരണത്തിൽ `സലിലം വർഷയ വർഷയ വർഷയ’ എന്ന് അദ്ദേഹം പാടിയപ്പോൾ ഉണങ്ങി വരണ്ടു കിടന്ന ഭൂമിയിലേക്ക് ധാരമുറിയാതെ മഴ പെയ്തുവെന്നും അത് നിർത്തുവാൻ `സലിലം സ്തംഭയ സ്തംഭയ സ്തംഭയ’ എന്ന് അദ്ദേഹംതന്നെ പാടിയെന്നുമുള്ള കഥ പ്രസിദ്ധമാണ്.രാഗഭാവം ശരിക്കും പ്രകടമാവുന്നത് വിളം‌ബിതകാലത്തിലാണെന്ന് വിശ്വസിച്ച ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിരിയ്ക്കുന്നത് ഈ കാലത്തിലാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *