കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്-ഗൃഹോപകരണ രംഗത്തെ വിദേശകമ്പനികളുടെ മേധാവിത്തം അവസാനിപ്പിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വൈസര്‍ എന്ന മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡ് ഇറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതിനായി ആഭ്യന്തര കോണ്‍ട്രാക്ട് മാനുഫാക്ചറിംഗ് കമ്പനികളായ ഡിക്സണ്‍ ടെക്നോളജീസ്, ഒനിഡ, മിര്‍ക് ഇലക്ട്രോണിക്സ് എന്നിവയുമായി ഉത്പാദന കരാര്‍ ഒപ്പുവയ്ക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രാന്‍ഡ് വപിണിയില്‍ സ്വീകര്യതനേടിയശേഷം അധികം വൈകാതെ തന്നെ സ്വന്തം ഉത്പാദന കേന്ദ്രം തുറക്കുമെന്നാണ് സൂചന. അടുത്തിടെ റിലയന്‍സിന്റെ റീറ്റെയ്ല്‍ ഡിവിഷന് വൈസര്‍ ബ്രാന്‍ഡില്‍ എയര്‍ കൂളറുകള്‍ അവതരിപ്പിച്ചിരുന്നു. ടെലിവിഷന്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷ്ണറുകള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍, ചെറിയ ഗൃഹോപകരണങ്ങള്‍ എന്നിവയും ബ്രാന്‍ഡിനു കീഴില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യം. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ബി2ബി വിതരണം നടത്തുന്ന ജിയോമാര്‍ട്ട് ഡിജിറ്റല്‍ വഴിയാകും മറ്റ് സ്റ്റോറുകളില്‍ ഉത്പന്നം എത്തിക്കുക. നിലവില്‍ ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയില്‍ മുന്‍നിരയിലുള്ള എല്‍.ജി, സാംസംഗ്, വേള്‍പൂള്‍ എന്നിവയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് വൈസര്‍ ബ്രാന്‍ഡ് വഴി ലക്ഷ്യമിടുന്നത്. നിലവില്‍ എ.സി വിപണിയില്‍ ടാറ്റയുടെ ബ്രാന്‍ഡായ വോള്‍ട്ടാസ് മുന്നിലാണെങ്കിലും തൊട്ടു പിന്നില്‍ എല്‍.ജി, ഡെയ്കിന് തുടങ്ങിയ വിദേശ ബ്രാന്‍ഡുകളാണുള്ളത്. മുന്‍പ് ഫീച്ചര്‍ ഫോണുകളിലെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മേധാവിത്വം ജിയോഫോണ്‍ ഇറക്കി റിലയന്‍സ് തകര്‍ത്തിരുന്നു, ഈ വിജയം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിലും ആവര്‍ത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഗൃഹോപകരണ വിപണിയിലേക്ക് മുകേഷ് അംബാനി
