web cover 64

◼️ഇന്ന് സ്വാതന്ത്ര്യദിനം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍.

◼️ത്രിവര്‍ണ പതാകകള്‍ ഉയര്‍ന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി 141 കോടി ഇന്ത്യക്കാര്‍. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്നു രാവിലെ ഏഴരയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തിയാണ് ആഘോഷം.

◼️യുവജനങ്ങള്‍ രാജ്യത്തിനും ജനക്ഷേമത്തിനുമായി പ്രവര്‍ത്തിച്ച് 2047 ആകുമ്പോഴേക്കും രാജ്യത്തെ കെട്ടിപ്പടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പവുമായി രാജ്യം മുന്നോട്ടു പോകണം. വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നാം തിരിച്ചുപിടിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാണ്. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

◼️പാലക്കാട് മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്നു. 39 വയസായിരുന്നു. രാത്രി ഒമ്പതിനു സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അലങ്കാരങ്ങള്‍ റോഡരികില്‍ ഒരുക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ ആറുചാമിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഷാജഹാന്‍. ആര്‍എസ്എസ് പ്രവര്‍ത്തകരാണു കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു. മരുതറോഡ് പഞ്ചായത്തില്‍ ഇന്നു സിപിഎം ഹര്‍ത്താല്‍. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സിപിഎം. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല വീതിച്ചു നല്‍കിയാണ് ആദ്യഘട്ട ഒരുക്കങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. ഏകോപനത്തിനു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളേയും ചുമതലപ്പെടുത്തും. പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സംസ്ഥാന കമ്മിറ്റിക്കു നല്‍കണം.

◼️ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്നു രാവിലെ പത്തിന് 50 സെന്റീ മീറ്റര്‍ വീതം തുറക്കും. ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് ഈ നടപടി.

◼️കെ. സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടിതട്ടിയെടുക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഏകാധിപതിയെന്ന ഹുങ്കും അസഹിഷ്ണതയുമാണു നാം കാണുന്നത്. മാറി മാറി വന്ന ഇടത് സര്‍ക്കാരുകള്‍ അന്വേഷിച്ചിട്ട് ഒരു തുമ്പും കണ്ടെത്താത്ത കേസാണിത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ മുതിര്‍ന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ അടയ്ക്കുകയാണ്. ബ്രിട്ടിഷ് ഭരണത്തെപ്പോലും നാണിപ്പിക്കുന്ന അവസ്ഥയാണിതെന്നും ചെന്നിത്തല പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️സംഘപരിവാറിന്റേയും സിപിഎമ്മിന്റേയും ത്രിവര്‍ണ പതാകയോടുള്ള അഭിനവ പ്രേമം കാപട്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. പ്രവൃത്തിയിലാണ് ഇക്കൂട്ടര്‍ ആത്മാര്‍ത്ഥത കാണിക്കേണ്ടത്. ആര്‍എസ്എസിന്റെ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താത്തവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത് പ്രായശ്ചിത്തമെന്ന നിലയില്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

◼️കൊച്ചി നഗരത്തില്‍ വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയില്‍. ട്രാന്‍സ്ജെന്‍ഡര്‍മാരുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നെട്ടൂര്‍ സ്വദേശി ഹര്‍ഷാദ്, മരട് സ്വദേശി സുധീര്‍, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ് ചികില്‍സ തേടി ആശുപത്രിയില്‍നിന്നു മുങ്ങിയ ജോസഫിനേയും പൊലീസ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടിനു കൊച്ചി സൗത്ത് പാലത്തിനു സമീപം കളത്തിപറമ്പില്‍ റോഡിലാണ് കൊലപാതകം നടന്നത്.

◼️

സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരന്‍ ടി പദ്മനാഭന്‍. എ സി ഗോവിന്ദന്റെ സമ്പൂര്‍ണ്ണകൃതികള്‍ കോഴിക്കോട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മഠത്തിലെ ചീത്ത അനുഭവം കന്യാസ്ത്രീ എഴുതിയാല്‍ നല്ല ചെലവാണ്. ഉത്തമ സാഹിത്യ കൃതികള്‍ വാങ്ങാന്‍ ആളുണ്ടാകില്ല’. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും പദ്മനാഭന്‍ പറഞ്ഞു.

◼️വിവാദങ്ങള്‍ കൂസാതെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ മലയാളം അസോസിയേറ്റ് പ്രഫസറായി കണ്ണൂര്‍ സര്‍വകലാശാല നിയമിച്ചു. ഏറ്റവും കുറഞ്ഞ സ്‌കോറുള്ളയാളെയാണു നിയമിച്ചതെന്ന ആരോപണം സര്‍വകലാശാല തള്ളി. നിയമോപദേശം തേടിയിട്ടുണ്ടെന്നും സര്‍വകലാശാല വിശദീകരിച്ചു.

◼️നിലമ്പൂര്‍ വഴിക്കടവില്‍ ചപ്പുചവറുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയില്‍ അറസ്റ്റ്. പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റു ചെയ്തത്. യുവമോര്‍ച്ച നേതാക്കളാണ് പരാതി നല്‍കിയത്.

◼️തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങള്‍ക്കിടയില്‍ ഗാന്ധിജിയുടെ ഫ്രെയിം ചെയ്ത ചിത്രം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ചിത്രം കൊണ്ടുപോയി.

◼️പോക്സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍. ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെ (63) അറസ്റ്റു ചെയ്തു. എടമ്പാടം പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയന്‍.

◼️പത്തനംതിട്ട വള്ളിക്കോട് സ്ലാബില്ലാത്ത ഓടയിലേക്കു ബൈക്കു മറിഞ്ഞ് യുവാവിന് പരിക്ക്. വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് തലയ്ക്ക് പരിക്കേറ്റത്. ചന്ദനപ്പളളി കോന്നി റോഡിലാണ് അപകടമുണ്ടായത്.

◼️കായംകുളം പത്തിയൂരില്‍ എക്സൈസ് റെയ്ഡില്‍ 560 ലിറ്റര്‍ കോടയും 15 ലിറ്റര്‍ ചാരായവും പിടിച്ചു. ഓണത്തിന് മുന്നോടിയായി ചാരായം വാറ്റാന്‍ ഒരുക്കിവച്ചവയാണ് പിടികൂടി നശിപ്പിച്ചത്.

◼️കണ്ണൂര്‍ വിമാനത്താവളത്തില്‍ 1,521 ഗ്രാം സ്വര്‍ണവുമായി ചെര്‍ക്കള, കാഞ്ഞങ്ങാട് സ്വദേശികളായ ഇബ്രാഹിം ഖലീല്‍, അബ്ദുള്‍ ബാസിത് എന്നിവരെ പിടികൂടി. അബുദാബിയില്‍നിന്നാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

◼️മഹാരാഷ്ട്രയില്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനു ആഭ്യന്തര വകുപ്പും ധനകാര്യ വകുപ്പും അടക്കമുള്ള സുപ്രധാന വകുപ്പുകള്‍. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേക്ക് നഗരവികസന വകുപ്പാണ് ലഭിച്ചത്. ഷിന്‍ഡേ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഏറെ നാളുകള്‍ക്കുശേഷമാണ് വകുപ്പ് വിഭജനം നടത്തിയത്.

◼️അരുമ്പാക്കത്ത് ഫെഡ് ബാങ്ക് കൊള്ളയടിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റുചെയ്തു. കൊള്ളയുടെ മുഖ്യസൂത്രധാരനായ മുരുകന്റെ സഹായികളായ ബാലാജി, ശക്തിവേല്‍, സന്തോഷ് എന്നിവരാണ് പിടിയിലായത്. ഫെഡ് ബാങ്ക് ജീവനക്കാരനായ മുരുകനും സുഹൃത്ത് സൂര്യയും ഒളിവിലാണ്.

◼️രാജസ്ഥാനില്‍ അധ്യാപകര്‍ക്കുള്ള പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിനു മര്‍ദ്ദനമേറ്റു ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. പലയിടത്തും സംഘര്‍ഷം. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. കുട്ടിയുടെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

◼️ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചു. 55 പേര്‍ക്കു പൊള്ളലേറ്റു.

◼️അമേരിക്ക സമ്മര്‍ദം ചെലുത്തിയിട്ടും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറിലെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ചത്. അമേരിക്കയ്ക്ക് ഇന്ത്യ വഴങ്ങാത്തതുപോലെ പാക്കിസ്ഥാനും നട്ടെല്ലോടെ നില്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

◼️ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഇത്തവണ ബ്രെന്റ്ഫോര്‍ഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. അതേസമയം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തില്‍ പിഎസ്ജി മോണ്ട്‌പെല്ലിയെറിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലാലിഗയിലെ ആദ്യ മത്സരത്തില്‍ ബാര്‍സിലോനയ്ക്ക് നിരാശപ്പെടുത്തുന്ന തുടക്കം. റയോ വയ്യേക്കാനോയ്‌ക്കെതിരായ മത്സരത്തില്‍ ബാര്‍സ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി.

◼️ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി ജൂലായില്‍ 2.14 ശതമാനം വര്‍ദ്ധിച്ച് 3,627 കോടി ഡോളറിലെത്തി. ഇറക്കുമതി 43.61 ശതമാനം ഉയര്‍ന്ന് 6,627 കോടി ഡോളറായതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി റെക്കാഡ് ഉയരമായ 3,000 കോടി ഡോളറിലെത്തി. 2021 ജൂലായില്‍ വ്യാപാരക്കമ്മി 1,063 കോടി ഡോളറായിരുന്നു. ഏപ്രില്‍-ജൂലായില്‍ കയറ്റുമതി 20.13 ശതമാനം ഉയര്‍ന്ന് 15,744 കോടി ഡോളറാണ്. ഇറക്കുമതി 48.12 ശതമാനം വര്‍ദ്ധിച്ച് 25,643 കോടി ഡോളര്‍; വ്യാപാരക്കമ്മി 4,200 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 9,899 കോടി ഡോളറുമായി. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി ജൂലായില്‍ 70.4 ശതമാനം ഉയര്‍ന്ന് 2,113 കോടി ഡോളറായി. വ്യാപാരക്കമ്മി കൂടാന്‍ മുഖ്യകാരണം ഇതാണ്. കേന്ദ്രം ഇറക്കുമതിച്ചുങ്കം കൂട്ടിയതിനാല്‍ സ്വര്‍ണം ഇറക്കുമതി താഴ്ന്നു. 200 കോടി ഡോളറിന്റേതാണ് കഴിഞ്ഞമാസത്തെ ഇറക്കുമതി; ഇടിവ് 43.6 ശതമാനം.

◼️ചൈനയുടെ യുവാന്‍, ഇന്ത്യയുടെ രൂപ, തുര്‍ക്കിയുടെ ലിറ എന്നീ കറന്‍സികള്‍ വാങ്ങാന്‍ റഷ്യ. വെല്‍ത്ത് ഫണ്ടിലേക്കായാണ് റഷ്യ കറന്‍സി സ്വരൂപിക്കുന്നത്. എണ്ണവിറ്റ് കിട്ടിയ അധിക തുക ഉപയോഗപ്പെടുത്തുന്നതിനായാണ് റഷ്യയുടെ നീക്കം. ചരിത്രത്തിലാദ്യമായാണ് വെല്‍ത്ത് ഫണ്ടിലേക്കായി വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിടുന്നത്. ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഡോളറും യുറോയും വാങ്ങുന്നതിന് റഷ്യക്ക് മുന്നില്‍ പരിമിതികളുണ്ട്. ഇതോടെയാണ് സൗഹൃദ രാജ്യങ്ങളുടെ കറന്‍സി വാങ്ങുന്നതിനായി റഷ്യ ചര്‍ച്ചകള്‍ ആരംഭിച്ചത്. നേരത്തെ അധിക വില്‍പനയിലൂടെ ലഭിച്ച പണം കറന്‍സികളില്‍ നിക്ഷേപിക്കാന്‍ കമ്പനികളെ അനുവദിക്കണമെന്ന് റഷ്യന്‍ സര്‍ക്കാറിനോട് കേന്ദ്രബാങ്ക് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂപയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കറന്‍സി വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിട്ടിരിക്കുന്നത്.

◼️ദുല്‍ഖര്‍ സല്‍മാനെ ടൈറ്റില്‍ കഥാപാത്രമാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത സീതാ രാമത്തിലെ പുതിയ വീഡിയോ സോംഗ് എത്തി. ‘അറിയും തോറും’ എന്നാരംഭിക്കുന്നതാണ് ഗാനത്തിന്റെ മലയാളം വരികള്‍. വിനായക് ശശികുമാര്‍ ആണ് മലയാളം വരികള്‍ എഴുതിയിരിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീത സംവിധാനം. യാസിന്‍ നിസാര്‍ ആണ് പാടിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും ഇതേ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. രാശ്മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.

◼️കുഞ്ചാക്കോ ബോബന്റെ അടുത്തതായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രവും ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒന്നാണ്. തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങിയ ‘ഒറ്റ്’ ആണ് ചിത്രം. ‘രണ്ടകം’ എന്നാണ് തമിഴിലെ പേര്. ചാക്കോച്ചനൊപ്പം അരവിന്ദ് സ്വാമിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2ന് മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദര്‍ശനത്തിന് എത്തും. മോഷന്‍ പോസ്റ്ററിനൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കുന്നത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

◼️പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സിഎന്‍ജി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. വിഎക്‌സ് ഐ, ഇസഡ്എക്‌സ്‌ഐ എന്നിങ്ങനെ സ്വിഫ്റ്റ് എസ്-സിഎന്‍ജിയുടെ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചത്. 7.77 ലക്ഷം രൂപ മുതല്‍ 8.45 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. മാരുതിയുടെ ഒന്‍പതാമത്തെ സിഎന്‍ജി മോഡലാണിത്. ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങിയ മോഡലുകളാണ് മറ്റു സിഎന്‍ജി വേര്‍ഷനുകള്‍. നിലവില്‍ ആഭ്യന്തര വിപണിയില്‍ 10 ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇന്‍ഷുറന്‍സ്, സര്‍വീസ് തുടങ്ങി എല്ലാ സേവനങ്ങളോടെ മാസം തോറും 16,499 രൂപ വീതം അടച്ച് വാഹനം സ്വന്തമാക്കാവുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

◼️ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തില്‍ ജീവിതം ഹോമിച്ച ജ്ഞാതരും അജ്ഞാതരുമായ ആയിരങ്ങളുണ്ട് സ്വാതന്ത്ര്യസമരത്തിന് ധീരോദാത്തമായ നേതൃത്വം നല്‍കിയ നക്ഷത്ര തിളക്കമുള്ള ധീര ദേശാഭിമാനികളുടെ ലഘു ജീവചരിത്രമാണ് ഈ കൊച്ചു പുസ്തകത്തില്‍. ‘സ്വാതന്ത്ര്യസമര സേനാനികള്‍’. ഡോ. കെ കെ രാഹുലന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 57 രൂപ.

◼️ശരീരത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. ഇതിന്റെ അഭാവം പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവത്തിനെ ഹൈപോകാല്‍സീമിയ എന്നു വിളിക്കുന്നു. രക്തപരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുക. മുതിര്‍ന്ന ഒരാളിന്റെ ശരീരത്തിലെ കാല്‍സ്യത്തിന്റെ സാധാരണ അളവ് ഡെസിലീറ്ററിന് 8.8-10.4 മില്ലിഗ്രാം തോതിലായിരിക്കും. ഹൈപോകാല്‍സീമിയ കൊണ്ട് ശരീരത്തില്‍ ഇനി പറയുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. പേശികള്‍ക്ക് വേദനം, പേശീ വലിവ്, നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയ്ക്ക് വേദന, കൈകാലുകളിലും വായ്ക്ക് ചുറ്റും മരവിപ്പ് എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. അമിതമായ ക്ഷീണം, തീരെ ഊര്‍ജമില്ലാത്ത അവസ്ഥ, തലകറക്കം, തലയ്ക്ക് ഭാരമില്ലാത്ത അവസ്ഥ, ബ്രെയ്ന്‍ ഫോഗ്, ആശയക്കുഴപ്പം, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ, മറവി, ഉറക്കമില്ലായ്മ എന്നീ ലക്ഷണങ്ങളും കാല്‍സ്യം അഭാവത്തിന്റേതാണ്. വരണ്ട ചര്‍മം, വരണ്ട് പൊട്ടിപ്പോകുന്ന നഖങ്ങള്‍, പരുക്കനായ മുടി എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. അലോപേസിയ, എക്സീമ, സോറിയാസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കും കാല്‍സ്യം അഭാവം കാരണമാകാം. എല്ലുകള്‍ക്ക് ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതായാല്‍ ഇത് ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപോറോസിസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ശരീരത്തിലെ കാല്‍സ്യം തോത് കുറയുന്നത് ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. 500 മില്ലിഗ്രാം കാല്‍സ്യം രണ്ട് മാസത്തേക്ക് കഴിക്കുക വഴി സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തെ തങ്ങളുടെ മൂഡും ഫ്ളൂയിഡ് നിലനിര്‍ത്താനുള്ള ശേഷിയും മെച്ചപ്പെട്ടുത്താനാവും. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അഭാവം നേരിടുമ്പോള്‍ ഇതിനെ നികത്താനായി ശരീരം പല്ലുകളില്‍ നിന്നുള്ള കാല്‍സ്യം വലിച്ചെടുക്കാന്‍ ശ്രമിക്കും. ഇത് പല്ലുകളെയും അവയുടെ വേരുകളെയും ദുര്‍ബലമാക്കും. കാല്‍സ്യത്തിന്റെ അഭാവം വിഷാദരോഗത്തിലേക്ക് നയിക്കാമെന്ന് മറ്റ് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *