കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി .ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വ്യക്തമായ ആസൂത്രണത്തോടെയാണ് കാര്യമാണ് നടപ്പാക്കുന്നത്. അതിന്റെ ഫലമാണ് ഈ വിജയം. ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി വഴി 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നിലവില്‍ വന്നതിനുശേഷമാണ് . ഇതില്‍ അഞ്ച് കോടി മുതല്‍ മുടക്കില്‍ 141 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി മുതല്‍ മുടക്കില്‍ 386 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി മുതല്‍ മുടക്കില്‍ 446 സ്‌കൂള്‍ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
നാട്ടിലെ എല്ലാ സാധാരണക്കാരുടെയും കുട്ടികൾ പഠിക്കുന്ന സ്കൂളുകളും ഹൈടെക് ആയതോടെ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് ഇപ്പോൾ പത്തര ലക്ഷത്തിലധികം പുതിയ കുട്ടികളാണ് എത്തിയത്. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന തരംഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംഭാവന ചെയ്ത 30 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ വിതരണത്തിന് തയ്യാറായതായി കെ കെ ശൈലജ എം എല്‍ എ അറിയിച്ചു.