മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാൻ. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികൾ ഉണ്ട്. അവ പൂർത്തിയാക്കും. മുൻപ് താൻ കൈകാര്യം ചെയ്ത വകുപ്പുകൾ തനിക്ക് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയിലെ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. സർക്കാർ ചെയ്ത കാര്യങ്ങൾ പൂർണതയിൽ എത്തിക്കണം. മുമ്പ് തുടങ്ങി വച്ചതെല്ലാം പൂർത്തിയാക്കും.
രാജിവെച്ച ശേഷം മാധ്യമങ്ങൾ നല്ല രീതിയിൽ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറോട് ആദരവും സ്നേഹവുമാണ് തനിക്കുള്ളത്. ഗവർണറും സർക്കാരും ഒന്നാണ്. ഗവർണർ സീനിയർ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. പ്രതിപക്ഷം അവരുടെ ധർമ്മം ചെയ്യണം. അവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കേണ്ടതായിരുന്നു. അവരുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.