ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. നാളെ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഉത്രാടപ്പാച്ചിലാണ് നാടും നഗരവും. കേരളത്തിലും വിദേശത്തുമുള്ള മലയാളികൾ ഓണമാഘോഷിക്കാൻ ഒരുങ്ങുകയാണ്. മിക്കവരും വീടണഞ്ഞ് കുടുംബത്തോടൊപ്പം ചേരാനുള്ള തിരക്കിലാണ്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം കാപട്യമാണെന്നും സര്‍ക്കാരിന്‍റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തൃശ്ശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റ സംഭവത്തിൽ, കുന്നംകുളത്തുണ്ടായത് ക്രൂരമര്‍ദനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കേരളത്തിലേത് നാണംകെട്ട പൊലീസ് സേനയാണെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്ക് കവചം ഒരുക്കി പൊലീസ്. പ്രതികളായ പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ടാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡി മർദ്ദനം ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത് വെളിപ്പെടുത്തി. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. ഒപ്പം, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചെന്നും ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു.
തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ വെച്ച് സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്.
കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറയുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസുകാർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
കേരളം സമഗ്രമായ നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായ കേരളാ അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. ‘Aspiring Cities, Thriving Communities’ എന്ന ആശയത്തിലൂന്നി നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് കൊച്ചി ഹയാത്ത് കൺവെൻഷൻ സെന്ററിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കോൺക്ലേവിനോട് അനുബന്ധിച്ച്, കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം സെപ്റ്റംബർ 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു.
ഓണത്തിരക്ക് പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ചുരത്തിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റിൽ കൂട്ടം കൂടി നിൽക്കരുതെന്നും പൊലീസ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഐആർഎഫ് (NIRF) റാങ്കിംഗിൽ സംസ്ഥാന സർവകലാശാലകളിൽ കേരള സർവകലാശാല അഞ്ചാം സ്ഥാനത്ത്. ബംഗാളിലെ ജാവേദ് പൂർ സർവകലാശാലയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. കേരളത്തിലെ കുസാറ്റ് ആറാം സ്ഥാനത്താണ്. എഞ്ചീനിയറിംഗ് രംഗത്തും രാജ്യത്തെ ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം റാങ്ക് ഐഐടി മദ്രാസിനാണ്.
വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. കേസന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പില്‍നിന്നാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾക്ക് വീണ്ടും പരിഷ്കരണ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അധ്യായന വർഷം ക്ലാസിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണം. പുതിയ പരിഷ്കാരം സംബന്ധിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതായി മന്ത്രി പറഞ്ഞു. ഉത്രാടം ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ശിവൻകുട്ടിയും കുട്ട്യോളും എന്ന പരിപാടിയിലായിരുന്നു പുതിയ നിർദ്ദേശത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.
കണ്ണൂരില്‍ സിപിഎം നേതൃത്വത്തിലുള്ള എടക്കാട് സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നടന്ന കോടികളുടെ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവന്ന് മാസങ്ങളായിട്ടും തട്ടിപ്പിനിരകളായവര്‍ക്ക് പണം തിരികെ നല്‍കാനോ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനോ നടപടിയില്ല. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും വ്യാജ വായ്പകളെടുത്തും സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് ഫിഷറീസ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട്.
ജിഎസ്ടി ഇളവിന്റെ ഗുണം എല്ലാവർക്കും ലഭിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാർക്ക് പ്രയോജനം ലഭിക്കണം. കമ്പനികൾ വില കൂട്ടരുതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ നിരീക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നികുതി കുറച്ചതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കണം. ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടിയായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ വിഷയത്തിൽ ഗൗരവമായ ചർച്ച നടന്നില്ല. കേന്ദ്രം അക്കാര്യം ഗൗരവമായി എടുത്തില്ലെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവിയുടെ അഭാവവും പ്രവര്‍ത്തനരഹിതവും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളില്‍ ഇടപെടലുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി സ്വമേധയാ കേസെടുത്തു..2020ല്‍ പോലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീം കോടതി നിര്‍ബന്ധമാക്കിയിരുന്നു.
രണ്ട് മലയാളികൾ അടക്കം അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയിൽ. ദില്ലി പൊലീസ് ക്രൈംബ്രാഞ്ചാണ് മലയാളികള്‍ അടക്കം ആറ് പേരെ പിടികൂടിയത്. പാലക്കാട് സ്വദേശി സുജിൻ, കണ്ണൂർ സ്വദേശി സുഹൈൽ അറസ്റ്റിലായ മലയാളികൾ. അറസ്റ്റിലായവരിൽ നൈജീരിയൻ സ്വദേശികളും ഉള്‍പ്പെടുന്നു. കേരളം അടക്കം തെക്കേന്ത്യയിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാനികളാണ് പിടിയിലായത്. 21 കോടി രൂപയുടെ മൈറ്റാമെറ്റാഫിനും ഇവരില്‍ നിന്ന് കണ്ടെത്തി.
താരിഫുകളും ഉപരോധങ്ങളുമായി ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയോടും ചൈനയോടും നിങ്ങൾ അങ്ങനെ സംസാരിക്കരുതെന്നും ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പുടിൻ പറഞ്ഞു. രണ്ട് ഏഷ്യൻ ശക്തികളെ ദുർബലപ്പെടുത്തുന്നതിനുള്ള തന്ത്രമായാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സമ്മർദ്ദങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പോർച്ചുഗലിലെ ലിസ്ബണിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗ്ലോറിയ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു. 15 പേർ കൊല്ലപ്പെട്ടു. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 18ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ട്രാം പാളം തെറ്റിയാണ് അപകടമുണ്ടായത്.
ദിവസങ്ങൾക്ക് ശേഷം ഓഹരി വിപണിയിൽ മുന്നേറ്റം. ജി.എസ്.ടി പരിഷ്കരണത്തിലൂടെ വൻതോതിൽ നികുതി ഇളവ് പ്രഖ്യാപിച്ചത് നിക്ഷേപകരെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. സെൻസെക്സ് 600 പോയന്റിലേറെ മുന്നേറ്റം നടത്തി. നിഫ്റ്റി 24,910 ത്തിലെത്തി.
ടെലിവിഷൻ നടൻ ആശിഷ് കപൂറിനെ ബലാത്സംഗക്കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് രണ്ടാം വാരം ഡൽഹിയിൽ നടന്ന ഒരു ഹൗസ് പാർട്ടിക്കിടെ ശുചിമുറിയിൽ വെച്ച് .ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നാണ് നടപടി.
റഷ്യയ്ക്കെതിരെ നടപടിയെടുത്തില്ലെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിന് ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകനോട് ട്രംപ് രോഷം പ്രകടിപ്പിച്ചത്.
ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. ജിഎസ്ടി സ്ലാബുകളും നിരക്കുകളും കുറയ്ക്കാന്‍ എട്ടുവര്‍ഷം വേണ്ടിവന്നുവെന്നത് വളരെ വലിയ കാലയളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യത്തെയും ചിദംബരം ചോദ്യം ചെയ്തു.
തായ്‍ലന്‍റ് പ്രധാനമന്ത്രിയെ കോടതി നീക്കി. തെരഞ്ഞെടുപ്പിന് ശേഷം തക്സിൻ ഷിനാവത്രയുടെ പാർട്ടിക്ക് ഇത് രണ്ടാമത്തെ പ്രധാനമന്ത്രിയുടെ സ്ഥാനമാണ് നഷ്ടമാവുന്നത്.നിലവിലെ പ്രസിഡന്‍റിനെ കോടതി പുറത്താക്കിയപ്പോൾ പുതിയൊരു ആളെ പോലും ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാനില്ലാത്ത അവസ്ഥയിലാണ് തായ്‍ലന്‍റിലെ ഫ്യൂയ് തായ് പാര്‍ട്ടി.
ഝാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന് ഏറ്റുമുട്ടലുണ്ടായത്.