നീറ്റ് യുജി പരീക്ഷയുടെ സെന്റർ തിരിച്ചുള്ള പട്ടിക സുപ്രീം കോടതി നിർദ്ദേശ പ്രകാരം എൻടിഎ പ്രസിദ്ധീകരിച്ചു. 12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റിൽ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജിക്കാർ ഇന്നലെ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്.
മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനായി ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലുമണിക്ക് മലപ്പുറത്ത് വീണ്ടും യോഗം ചേരും. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് വിവരം. എന്നാൽ ഫലം വരാൻ കാത്തുനിൽക്കാതെ തന്നെ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
മലപ്പുറം പെരുന്തൽണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ വി.ആർ വിനോദ് വ്യക്തമാക്കി. മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനാ ഫലം വൈകുന്നേരത്തോടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന യോഗം വൈകിട്ട് നടക്കും. വൈകുന്നേരം മാധ്യമങ്ങളെ കൃത്യമായ വിവരങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സൂചന. ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. റഡാർ ഉപയോഗിച്ച് കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നടത്തുന്നത്.
കര്‍ണാടകയിൽ ട്രക്ക് ഡ്രൈവർ അര്‍ജുൻ മണ്ണിനടിയിൽ കുടുങ്ങിയ സംഭവം അറിഞ്ഞത് വളരെ വൈകിയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന് അപകടം സംബന്ധിച്ച് വിവരം കിട്ടിയത് വളരെ വൈകി മാത്രമാണ്. തന്റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന കുടുംബമാണ് അർജുന്റേത്, എന്നാൽ താൻ പോലും വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അറിഞ്ഞതിനുശേഷം വളരെ സജീവമായി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പയ്യോളിക്കും വടകരക്കുമിടയിൽ തീവണ്ടി യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം.
തിരുവനന്തപുരം റൂറൽ എസ്പിയുടെ സർക്കുലറിനെ ചൊല്ലി തർക്കം. കാപ്പാ കേസ് നിർദ്ദേശങ്ങൾ എസ്എച്ച്ഒമാർ സ്വന്തമായി തയ്യാറാകണമെന്നാണ് എസ്പി കിരൺ നാരായണൻ നിർദേശിച്ചത്. എസ്എച്ച്ഒമാർ എഴുതുന്നത് വീഡിയോയിൽ പകർത്തി അയക്കണമെന്നും എസ് പി സർക്കുലറിൽ ആവശ്യപ്പെടുന്നു. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് വിഷയത്തിൽ എസ്എച്ച്ഒമാർ വിമർശിക്കുന്നത്.
ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മയുടെ സമരത്തിന് നേതൃത്വം നൽകിയ സുകുമാരനെ തമിഴ്നാട് പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരണം നടത്തിയതിനുമാണ് സുകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭർത്താവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം നഞ്ചിയമ്മ സമരം നടത്തിയത്.
കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പിൽ വീട്ടിൽ ജിനീഷിനെയാണ് മൂന്നു ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ മാർച്ചിൽ ചിറളയം ശ്രീരാമസ്വാമി ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് യുവാവിനെ നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം.
എസ്എൻഡിപി ക്കെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിഡിജെഎസ് ബിജെപി യിലേക്കുള്ള റിക്രൂട്ട്മെൻറ് ഏജൻസിയായി പ്രവർത്തിക്കുന്നുവെന്നും എസ്എൻഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിച്ചു. എസ്എൻഡിപിയെ ബിജെപിയിൽ കെട്ടാൻ ശ്രമം നടക്കുന്നുണ്ട്. ചാതുർവർണ്യ വ്യവസ്ഥയിലേക്ക്
എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ല. ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് അകലുന്ന എസ്എൻഡിപി യെ ശക്തമായി വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിൽ കാണാതായ പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. നാല് ദിവസം മുമ്പ് ഊരിലേക്ക് പോയതായിരുന്നു ഇരുവരും. പുതൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കുറുംബ വിഭാഗത്തിൽപെട്ട മുരുകൻ. ഇദ്ദേഹവും സുഹൃത്ത് കാക്കനും കൂടി ഊരിലേക്ക് പോകുകയായിരുന്നു.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മുംബൈയിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. വെള്ളം ഉയർന്നതിനെത്തുടർന്ന് മുംബൈ നഗരത്തിലെ പല റോഡുകളും അടച്ചതിനാൽ വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. നഗരത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും അയൽസംസ്ഥാനമായ കർണാടകയിലും കനത്തമഴ തുടരുകയാണ്.
സ്കൂളിൽ നിന്നുളള ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ ഫീസ് സംബന്ധിയായ വിവരങ്ങൾ എഴുതുന്നതിനെതിരെ വിമർശനവുമായി കോടതി. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയാണ് ടിസിയിൽ ഫീസ് വൈകി അടച്ചു എന്നതടക്കമുളള വിവരങ്ങൾ ടിസിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സ്കൂളുകളെ വിലക്കിയത്. ടിസിയിൽ കുട്ടിയുടെ അഡ്മിഷൻ സംബന്ധിയായ വിവരങ്ങളാണ് ഉണ്ടാവേണ്ടത്. ഇതിൽ അനാവശ്യ വിവരങ്ങൾ ഉൾപ്പെടുത്തരുതെന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും നിർദ്ദേശം നൽകാൻ സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സൺ മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വ്യക്തമാക്കിയത്. അഞ്ച് വർഷം കൂടി കാലാവധി ശേഷിക്കെയാണ് രാജി. എന്നാൽ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
ഫാൽക്കൺ സെൻസറിലെ തകരാറ് മൂലം എയർപോർട്ടുകളിൽ വിമാന സർവ്വീസുകൾക്കുണ്ടായ തകരാറ് പരിഹരിച്ചതായി വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു. വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ പരിഹരിച്ചതായാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്. വിമാന സർവ്വീസുകൾ സുഗമമായി നടക്കുന്നതായും കെ രാം മോഹൻ നായിഡു പ്രതികരിച്ചു. വെള്ളിയാഴ്ച ആഗോളതലത്തിലെ മൈക്രോ സോഫ്റ്റ് വിൻഡോസിലെ തകരാറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം തകരാറിലാക്കിയിരുന്നു. മറ്റ് വിമാന സർവ്വീസുകളും റീഫണ്ട് വിഷയവും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും മന്ത്രി വിശദമാക്കി.
പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഇടയിൽ ഉഭയ സമ്മതപ്രകാരം സംഭവിക്കുന്ന ലൈംഗിക ബന്ധം ബലാത്സംഗം ആകില്ലെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബലാത്സംഗ പരാതി തള്ളണമെന്ന ആവശ്യവുമായി എത്തിയ യുവാവിന്റെ പരാതി കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെ യുവതിയുടെ പരാതി കോടതി തള്ളി.
കന്‍വാര്‍ യാത്രയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ എന്‍ഡിഎയിലെ കൂടുതല്‍ കക്ഷികളില്‍ നിന്ന് പ്രതിഷേധം ഉയരുന്നു. യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിലെ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം വിഭജനം ഉണ്ടാക്കുന്നതാണെന്ന് ഘടകകക്ഷികൾ വിമർശിച്ചു. ഇത് വിദ്യാഭ്യാസമുള്ള സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍ പറഞ്ഞു.
സംവരണ നയത്തിനെതിരെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമ സംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു.