mid day hd

പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുമേഖലയിലേക്ക് ഭീകരർ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഹിരാ നഗർ മേഖലകളിലൂടെയാണ് അൻപതിലധികം ഭീകരർ പാക് സൈന്യത്തിന്റെ സഹായത്തോടെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ നീരീക്ഷണത്തിന്റെ ശ്രദ്ധതിരിക്കാനാണോ ഈ ശ്രമമെന്നും ഇന്ത്യൻ സൈന്യം സംശയിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ ഡോഡയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ ഇന്ന് രണ്ടിടങ്ങളിൽ കൂടെ ഏറ്റുമുട്ടലുണ്ടായി.

 

 

 

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

 

 

തൃശൂർ അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. അതിരപ്പള്ളി മുക്കം പുഴയിലാണ് മരം റോഡിലേക്ക് വീണത്. വൈദ്യുതി ലൈനുകളും പൊട്ടിവീണു. മലപ്പുറം പരപ്പനങ്ങാടി ആനങ്ങാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ വരികയായിരുന്ന കണ്ടെയ്നറിനു മുകളിലേക്കാണ് മരം വീണത്. വാഹനം ഭാഗികമായി തകരുകയായിരുന്നു. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് മരം എടുത്ത് മാറ്റിയാണ് ഗതാഗതം പുനരാരംഭിച്ചത്.

 

 

 

 

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വയനാട് മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ശശീന്ദ്രനാഥിനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥന്‍റെ അച്ഛനമ്മമാർ, അധ്യാപകർ, സുഹൃത്തുക്കളും ഉൾപ്പെടെ 28 പേരിൽ നിന്ന് മൊഴിയെടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.

 

 

 

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

 

 

 

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നഗരസഭയുടെ പിന്നിലെ ഗേറ്റ് വഴി അകത്ത് കയറാൻ ശ്രമം നടത്തിയതോടെ ഇതും പൊലീസ് തടഞ്ഞു.

 

 

 

ആലപ്പുഴയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തിയെന്ന് എം വി ഗോവിന്ദൻ. എസ്എൻഡിപി യുടെ വർഗീയ നിലപാടിനെ ചെറുത്തു തോൽപിക്കണമെന്നും, വർണ്ണമില്ലാത്ത എസ്എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റെല്ലാം തിരുത്തി മുന്നോട്ട് പോകുന്ന പ്രസ്ഥാനം തന്നെയാണ് സിപിഎം എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

 

 

 

നടൻ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ സംഗീതഞ്ജൻ രമേഷ് നാരായണിനോട് ഫെഫ്ക മ്യൂസിക് യൂണിയൻ വിശദീകരണം തേടി. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് രമേഷ് നാരായണ്‍ പറഞ്ഞത്. ഇതേകാര്യങ്ങൾ തന്നെയാണ് വിശദീകരണ കുറിപ്പിൽ രമേഷ് അറിയിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും, ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

 

 

 

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെഡി പ്രതാപനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നും നാളെയും കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യത്തെ തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കെ ഡി പ്രതാപനെ ഒരു ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ വിട്ടത്. നിലവിൽ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിലാണ് പ്രതാപൻ.

 

 

 

 

കോട്ടയം വെച്ചൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ പഞ്ചായത്തിൽ പക്ഷികളുടെ വില്‍പന നിരോധിച്ചു. അതോടൊപ്പം പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയിൽ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് കോഴി, താറാവ് കർഷകർ ഇന്നലെ രംഗത്തെത്തിയിരുന്നു. കള്ളിങ് നടത്തിയതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും മന്ത്രിയുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു.

 

 

 

 

 

 

ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പൻ എന്ന കാട്ടാന കാർ തകർത്തു. ചിന്നക്കനാൽ സ്കൂളിന്റെ ഗേറ്റ് തകർത്ത് കോംപൗണ്ടിൽ കയറി സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് ആക്രമിച്ചത്. ചിന്നക്കനാൽ സ്വദേശി മണിയുടെ ഉടമസ്ഥതയിൽ ഉള്ള ടാക്സി കാറാണ് ആക്രമിച്ചത്. റോഡിലൂടെ ആന നടന്നു വരുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആർആർടിയെത്തി ആനയെ വേസ്റ്റുകുഴി ഭാഗത്തേക്ക് തുരത്തിയോടിച്ചു.

 

 

 

 

 

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിൻ്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിലെ കല്ലൂരിൽ നടന്ന സമരം അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തിലെ തീരുമാനം പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഒരു ലക്ഷം രൂപ ഇതിന് പുറമെ ഇൻഷുറൻസായും നൽകാൻ യോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും തീരുമാനമായി.

 

 

 

 

2026 മുതൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു തവണ നടത്തുമെന്ന് സൂചന. പരീക്ഷകൾ വിദ്യാർത്ഥികളിലുണ്ടാക്കുന്ന സമ്മർദം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ മാർച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാൻ കഴിയും. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ ആണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്.

 

 

 

മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.

 

 

 

വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്ന പരാതിയുമായി ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചമ്മ. ഇതേ തുടർന്ന് കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചമ്മ. തര്‍ക്ക ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചമ്മയെയും ബന്ധുക്കളെയും ഇന്നലെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞിരുന്നു. അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് നഞ്ചമ്മ ആരോപിക്കുന്നത്. അതേസമയം, സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു.

 

 

 

 

 

 

 

 

മഴയിൽ സ്കൂട്ടറിൽ നിന്നിറങ്ങി വഴിയോരത്ത് നിൽക്കവെ കൂറ്റൻ മരം വീണ് പരിക്കേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ പവർഹൗസ് വാർഡ് സിയ മൻസിലിൽ ഉനൈസാണ് മരിച്ചത്. ഈ ആഴ്ച വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിക്കാൻ അക്ഷയ കേന്ദ്രത്തിലേക്ക് ഭാര്യ അലീഷയുമായി സ്കൂട്ടറിൽ പോയതിന് പിന്നാലെയായിരുന്നു അപകടം.

 

 

നന്ദിയോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര പരിക്ക്.

ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. വീടിന് അൽപ്പം അകലെയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി.

 

 

 

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രന്‍ സംവിധാനം ചെയ്ത് കാര്‍ത്തി നായകനാകുന്ന സിനിമയിലെ സ്റ്റണ്ട്മാന്‍ ഏഴുമലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

 

 

ശ്രീലങ്കൻ മുൻ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. അമ്പലംഗോഡയിലെ കണ്ട മാവതയിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവം നടക്കുമ്പോൾ നിരോഷണ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം വീട്ടിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

 

 

ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. ബിസിസിഐ നൽകിയ ഹർജിയിൽ ബെംഗളൂരുവിലെ ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടത്. ദേശീയ ടീമിന്‍റെ സ്പോൺസർഷിപ്പ് വകയിൽ 158 കോടി രൂപ ബൈജൂസ് തരാനുണ്ടെന്ന് കാണിച്ചാണ് ബിസിസിഐ ഹർജി നൽകിയത്. ബൈജൂസിന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കും കോടതി പ്രതിനിധിയെ നിയമിച്ചു. ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്‍റെ ക്ലെയിമുകൾ സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകി.

 

 

 

കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് 228 കിലോഗ്രാം സ്വർണം മോഷണം പോയെന്ന ജ്യോതിർമഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദിൻ്റെ ആരോപണത്തിന് മറുപടിയുമായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ്. സ്വാമി അവിമുക്തേശ്വരാനന്ദിൻ്റെ പ്രസ്താവനകൾ ദൗർഭാഗ്യകരമാന്നെന്നും,

ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ തെളിവ് കാണിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

 

കർണാടകയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ കന്നഡ സംവരണം വന്നേക്കും. സ്വകാര്യസ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കർണാടകയിലെ വ്യവസായസ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ.

 

 

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്കെതിരായിരുന്നുവെന്ന വിമർശനം നേരത്തെ നേതാക്കൾ ഉയർത്തിയിരുന്നു. കേന്ദ്ര നേതൃത്ത്വം യുപിയിൽ കാര്യമായി ഇടപെടണമെന്ന് ബിജെപി എംഎൽഎമാരടക്കം ആവശ്യപ്പെടുന്നതായാണ് സൂചന. അമിത ആത്മവിശ്വാസമാണ് തോൽവിക്ക് കാരണമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാൽ സർക്കാറിനേക്കാൾ വലുത് സംഘടനയാണെന്നായിരുന്നു ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം.

 

 

 

 

ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് എസ്പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കസേരയ്ക്ക് വേണ്ടി നേതാക്കൾ തമ്മിലുളള തർക്കം സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കുന്നു. ബിജെപി ആഭ്യന്തര കലാപത്തിന്റെ ചളിക്കുണ്ടിൽ മുങ്ങിയിരിക്കുകയാണ്. മറ്റ് പാർട്ടികളെ അട്ടിമറിച്ച ബിജെപിക്കാർ ഇപ്പോൾ സ്വന്തം പാർട്ടിക്കത്ത് അതിന് ശ്രമിക്കുകയാണെന്നും അഖിലേഷ് പരിഹസിച്ചു.

 

 

 

ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചിലിനായി നാവിക സേന. ഐഎൻഎസ് തേജിനെയും വ്യോമ നീരീക്ഷണത്തിന് പി- 8Iയെയും നിയോഗിച്ചു. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരുമടക്കം 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

 

 

 

ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു.

 

 

 

പ്രൊബേഷണറി ഐ.എ.എസ്. ഉദ്യോഗസ്ഥയായ പൂജ ഖേദ്കര്‍ക്കെതിരെ ഏറ്റവുമൊടുവിലായി റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ വ്യാജമായി നിര്‍മിച്ചതാണെന്ന് ആരോപണം. ഭിന്നശേഷിക്കാരിയെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി വ്യാജവിലാസമാണ്ഇവര്‍ സമര്‍പ്പിച്ചതെന്നും ഇതിനൊപ്പം നല്‍കിയ റേഷന്‍ കാര്‍ഡും വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *