ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പതിനൊന്ന് മണിവരെ 26 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയടക്കം 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് തുടരുന്നത്. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകീട്ട് അഞ്ചിനുശേഷമാണ് പുറത്തുവരുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
ഏഴാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. വിവിപാറ്റുകള്‍ അടക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വെള്ളത്തില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തി. വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികളാണ് യന്ത്രങ്ങള്‍ നശിപ്പിച്ച് കുളത്തില്‍ എറിഞ്ഞതെന്നാണ് സൂചന. എന്നാല്‍, ഇതുമൂലം വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറിയെന്നും, കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടുതുടങ്ങിയതോടെ പാർട്ടി നിഷേധാത്മക പാർട്ടിയായി മാറിയെന്നും അമിത് ഷാ ആരോപിച്ചു. മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് അമിത് ഷായുടെ പരിഹാസം.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
ശക്തമായ മഴയിൽ തൃശൂർ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. അതോടൊപ്പം ഇടുക്കി പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു. ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28ാം മൈൽ പേരിയ മലയിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടായി.
തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുകയാണ്. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഒന്നര മീറ്ററോളം ഉയർത്തിയതിനാൽ തൊടുപുഴ മൂവാറ്റുപുഴ ആറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ വെള്ളിയാമറ്റം പഞ്ചായത്തിലെ നാല് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.
അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസിലെ മുഖ്യകണ്ണിയെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടി. ഹൈദരാബാദ് സ്വദേശിയായ പ്രതാപൻ എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ ആലുവ പൊലീസിന്‍റെ കസ്റ്റഡിയിലാണ് പ്രതി. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ നിന്ന് ഒരാളും ബാക്കിയുള്ളവർ ഹൈദരാബാദ്, തമിഴ്നാട് സ്വദേശികളുമാണ് ഇരയായവരെന്നാണ് വിവരം.
സമസ്തയെ ഒന്നും പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയ്ക്ക് സ്വന്തം നയമുണ്ട്. അത് പാരമ്പര്യമായി പിന്തുടരുന്നുണ്ടെന്നും അത് മാറ്റാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് -സമസ്ത തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം.
അടൂർ മിത്രപുരത്തെ അനധികൃത മണ്ണെടുപ്പിൽ സ്വകാര്യ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. അളവിൽ കൂടുതൽ മണ്ണെടുത്തതോടെ അപകട ഭീഷണിയിലായ വീടിന് സ്വകാര്യവ്യക്തി തന്നെ സംരക്ഷണഭിത്തി കെട്ടണമെന്ന് കളക്ടർ നിർദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത് കാഴ്ച പരിമിതരായ അച്ഛനും മകനും അടക്കം കുടുംബത്തെ അടിയന്തരമായി മാറ്റിപാർപ്പിക്കാനും നിർദേശിച്ചു.
നിയമ നടപടികളുടെ ഭാഗമായി കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് തല്‍ക്കാലത്തേക്ക് കാറും നഷ്ടമാകും. നിലവില്‍ ആര്‍ടിഒയുടെ കസ്റ്റഡിയിലുള്ള കാര്‍ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.
വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് ഉപദേശവും മുന്നറിയിപ്പും നൽകി കൊച്ചി പൊലീസ്. നിങ്ങളുടെ മുമ്പിൽ ജീവിതത്തെത്തന്നെ തകർക്കുന്ന ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞായിരിക്കണം മുന്നോട്ടുള്ള യാത്ര. ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുതെന്നും ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അധ്യാപകരെ അറിയിക്കണമെന്നും എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി.എസ് അറിയിച്ചു.
എറണാകുളം ജില്ലയിലെ നദികളിലെയും തോടുകളിലെയും നീരൊഴുക്ക് സുഗമമാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിക്ക് തുടക്കം. ഇടപ്പള്ളി കനാലാണ് ആദ്യം വൃത്തിയാക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെയും കൊച്ചി കോർപ്പറേഷന്റെയും നേതൃത്വത്തിലാണ് ശുചീകരണം.കഴിഞ്ഞ മഴയിൽ ഇടപ്പള്ളിയിലും കളമശ്ശേരിയിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്നാണ് ഓപ്പറേഷൻ വാഹിനി പദ്ധതി എത്രയും വേഗം നടപ്പാക്കണം എന്ന ആവശ്യമുയർന്നത്.
മൃഗബലി ആരോപണത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോൾ പറയാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താൻ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതിൽ ഉറച്ച് നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലാക്കിയത്. വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അങ്ങനെ നടക്കാനിടയില്ല. വേറെ എവിടെയെങ്കിലും നടന്നോ എന്ന് അന്വേഷിക്കണം. ആരോപണം പരിഹസിച്ച് തള്ളുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല പ്രതികരിച്ചു.
ഇടിമിന്നലേറ്റ് രണ്ട് മരണം. തൃശൂര്‍ വലപ്പാട് കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷയാണ് മരിച്ചത്. വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. അതോടൊപ്പം എരുമപ്പെട്ടി വേലൂർ കുറുമാലിൽ ഗൃഹനാഥൻ മരിച്ചു. കുറുമാൻ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശനാണ് മരിച്ചത്. വീടിനകത്തിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്.
കൊട്ടിയത്ത് കാൽ വഴുതി കുളത്തിൽ വീണ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരൻ മരിച്ചു. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ സഹോദരൻ അഹിയാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം.
ഇന്ത്യ സഖ്യം ജയത്തിന്റെ പടിവാതിലിൽ എന്ന് എം.കെ.സ്റ്റാലിൻ. ബിജെപിയുടെ വ്യാജ പ്രതിഛായ തീവ്ര പ്രചാരണത്തിലൂടെ തകർക്കാനായെന്നും ഇന്ത്യ സഖ്യത്തിന്‍റെ ദില്ലി യോഗത്തിന് മുൻപായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എക്സ്സിൽ കുറിച്ചു.ജൂൺ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കമാകും. വോട്ടെണ്ണൽ ദിനം പ്രവർത്തകർ ജാഗ്രത പാലിക്കണം എന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിൽ മരണം 110 ആയി. തിങ്കളാഴ്ച്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഉഷ്ണ തരംഗം കനക്കുമ്പോള്‍ ദില്ലിയിൽ കുടിവെള്ളക്ഷാമം തുടരുകയാണ്. ദില്ലി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ലഫ് ഗവര്‍ണ്ണര്‍ കുറ്റപ്പെടുത്തി.
നടന്‍ സണ്ണിഡിയോളിനെതിരെ വഞ്ചന കേസ് നല്‍കി നിര്‍മ്മാതാവ്. രണ്ടരക്കോടിയോളം വാങ്ങിയ ശേഷം ഏറ്റ പ്രൊജക്ട് ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്. നിർമ്മാതാവ് സൗരവ് ഗുപ്തയാണ് മുംബൈ ജുഹു പോലീസ് സ്റ്റേഷനിൽ വഞ്ചനയും വ്യാജരേഖ ചമയ്ക്കലും ആരോപിച്ച് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പുനെയിൽ മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പതിനേഴുകാരൻ്റെ അമ്മ ശിവാനി അഗർവാൾ അറസ്റ്റിലായി. 17കാരൻ മദ്യപിച്ചില്ലെന്ന് വരുത്താൻ പ്രതിയുടേതിന് പകരം അമ്മയുടെ രക്തസാംപിളാണ് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു. രക്ത സാംപിളിൽ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് പതിനേഴുകാരന്റെ അമ്മ അറസ്റ്റിലായത്.