സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ട് വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപ നേതാവ് പദവി ഒഴിച്ചിടുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. ഇത് സംബന്ധിച്ച് കൂടുതൽ അറിവിലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ – സിപിഐഎം ചർച്ച സംസ്ഥാന സെക്രട്ടറിമാർ ദേശിയ സെക്രട്ടറിമാർ തമ്മിൽ ആകാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സിപിഎം-സിപിഐ തർക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് കേരളാ കോൺഗ്രസ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പ്രശ്ന പരിഹാര ചർച്ചയാകാമെന്ന് പറയുന്ന ബിനോയ് വിശ്വം, ത്യാഗം ചെയ്യുന്നത് കൊണ്ടാണ് ഇടതുമുന്നണിയിൽ സിപിഐ തുടരുന്നതെന്നും ഓർമ്മിപ്പിച്ചു.
പഴയ സിപിഐ – യുഡിഎഫ് ബന്ധത്തിന്റെ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇരുകൂട്ടർക്കും യോജിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കെ എൻ എ ഖാദർ. ചന്ദ്രികയിലെ ലേഖനം സിപിഐയുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിന്റെ നിരീക്ഷണത്തിൽ എഴുതിയതാണ് യുഡിഎഫിലേക്കുള്ള ക്ഷണമായി അതിനെ കാണേണ്ടതില്ലെന്നും കെ എൻ എ ഖാദർ വ്യക്തമാക്കി.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് എം എ ബേബി പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് യാഥാസ്ഥിതിക കാഴ്ചപ്പാടാണുള്ളതെന്നും വ്യത്യസ്‌ത കാഴ്ചപ്പാട് സമൂഹത്തിനുണ്ടെന്നും മന്ത്രി ഷിബു ബേബി ജോൺ. അദ്ദേഹത്തിന് പറയാൻ അവകാശം ഇല്ലെന്ന് പറയാനാകില്ല, യുക്തിപരമല്ലെന്ന് കാഴ്ചപ്പാടുളളവർ എതിരെ പ്രതികരിക്കുന്നതിനോടും ഒന്നും പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
എസ്എഫ്ഐ സമരത്തിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലാത്തി കൊണ്ട് പ്രധാന സ്ഥാനങ്ങൾ നോക്കി മർദ്ദിച്ചുവെന്നും, പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും പിണറായി പറഞ്ഞു.
ഇന്നലെ നടന്ന എസ്എഫ്ഐയുടെ സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. മന്ത്രിക്ക് കിട്ടിയ വിവരം ശരിയല്ലായിരിക്കാം, തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മെസ്സിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും കെ ജയകുമാർ പ്രതികരിച്ചു.
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ ഇ ഡി പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ 15 ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. ആക്രമിച്ച വാഹനം, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എന്നിവയിൽ പ്രതികളുടെ വിരൽ അടയാളം കണ്ടെത്തിയിട്ടുണ്ട്.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയായി ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് വി.എസ്. സുജിത്ത്. സ്വന്തം മുന്നണി സർക്കാർ അധികാരത്തിലെത്തിയിട്ടും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
അനധികൃതമായി പിടിച്ച മത്സ്യവുമായെത്തിയ ബോട്ട് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. ഐ.എന്‍.ഡി.കെ.എല്‍ 07 എം.എം 5192 നമ്പറിലുള്ള പവിഴം ബോട്ടാണ് കഴിഞ്ഞ ദിവസം രാവിലെ ചെറുതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ അനേകം മത്സ്യങ്ങളുമായി എത്തിയത്.
പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്.
ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള ‘തമിഴ്‌നാട് ഒളിമ്പിക് സിറ്റി’ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഒളിമ്പിക് സിറ്റി യാഥാർത്ഥ്യമാക്കുന്നത്
രാജസ്ഥാനിലും വിജയം കണ്ട് സിജെപി പ്രതിഷേധം. കുട്ടികള്‍ തൊഴുത്തിലിരുന്ന് പഠിക്കേണ്ടി വന്ന രാംപുര സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 18 ലക്ഷം രൂപയും രാജസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചു സ്‌കൂള്‍ ടീക് കരോ ക്യാമ്പയിനിന്റെ ഭാഗമായി സിജെപി പ്രതിനിധികള്‍ സ്‌കൂള്‍ സന്ദര്‍ശിച്ചത്.
ഐസ്‌ക്രീം വിപണിയില്‍ പുതിയൊരു ബ്രാന്‍ഡ് കൂടി അവതരിപ്പിച്ച് റിലയന്‍സ്. ‘ബോംബെ ക്രീമറി’ എന്ന പേരിലാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് പുതിയ ഐസ്‌ക്രീം ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. 10 രൂപ മുതലാണ് ഐസ്‌ക്രീമുകളുടെ വില ആരംഭിക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ മരണം 20 കടന്നു. പല സംസ്ഥാങ്ങളിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കനത്ത മഴയിൽ ഉത്തർപ്രദേശിൽ പതിനാറായിരം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇന്ത്യൻ വ്യോമസേനയിലെ മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ വ്യോമസേനയിൽനിന്ന് വിആർഎസ് എടുത്ത് ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയായ ‘ഫ്ലൈ91’ൽ കൊമേഴ്സ്യൽ പൈലറ്റായി പ്രവേശിച്ചു. ഇന്ത്യൻ സൈന്യം നടത്തിയ ബാലാകോട്ട് ആക്രമണത്തിനിടെ വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതും പിന്നീട് ഇന്ത്യയ്ക്ക് കൈമാറിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. മേഖലയിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും കുവൈത്ത് സൈന്യം വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും കൂടുതൽ സുതാര്യമായി പരീക്ഷകൾ നടത്തുന്നതിനുമുള്ള സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായി നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി.
രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാർ ഉണ്ടെന്ന് കരുതുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അനേകം രാജ്യങ്ങൾ ഇറാനുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് പറഞ്ഞ റൂബിയോ, യുഎസ് ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെടാനായി ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോഴത്തെ യുദ്ധം അധികകാലം നീണ്ടു നില്‍ക്കാനിടയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ഫണ്ടുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഏതൊരു രാജ്യവും അമേരിക്കയില്‍ നിന്നുള്ള ഉപരോധം നേരിടേണ്ടി വരുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.
കളിമതിയാക്കാൻ താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സൂചനകളുമായി 41-കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ക്ലബ്ബ് അൽ നസ്റിന്‍റെ പരിശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് “കീപ് പുഷിങ്” എന്ന അടിക്കുറിപ്പെഴുതിയാണ് റൊണാൾഡോ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട പതിനെട്ടുകാരന്‍ ഫ്രാന്‍സില്‍ പിടിയിലായി. ഫ്രഞ്ച്-സ്വിസ് പൗരത്വമുള്ള ക്ലെമന്റ് എല്‍ ആണ് പോലീസ് വലയിലായത്. ജയിലില്‍ കിടന്നുകൊണ്ടാണ് എംബാപ്പയെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമുള്ള ഗൂഢാലോചന നടത്തിയതെന്ന വിവരവും പുറത്തു വരുന്നു.
അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കാൻ ബിസിസിഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായിചർച്ചകൾ ആരംഭിച്ചു. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
മദ്ധ്യാഹ്ന വാർത്തകൾ
