20251128 141206 0000

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്.

 

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. എറണാകുളം പ്രിന്‍സിപ്പള്‍ സെഷൻസ് കോടതിയുടെ വിധി പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പറഞ്ഞു. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ക്രിമിനൽ ഗൂഢാലോചന തെളിയാകാൻ പ്രോസിക്യൂഷനു തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്. ശിക്ഷാ വിധിയിൽ 12ന് വാദം നടക്കാനിരിക്കെയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്.

 

കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നെന്ന് കോടതിയിൽ നിന്നിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു, തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നത്, തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും ദിലീപ് പറഞ്ഞു.അതേസമയം തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു.

 

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകർ. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു. കോടതി മുറിക്കുള്ളിൽ അഭിഭാഷകർ ദിലീപിനെ കെട്ടിപ്പിടിച്ചു.

 

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കൂടാതെ വെറുതെ വിട്ടത് മൂന്ന് പ്രതികളെ കൂടി. കേസിൽ ദിലീപടക്കം നാല് പേരെ വെറുതെ വിടുകയും ആറ് പേരെ ശിക്ഷിക്കുകയും ചെയ്തു. മൊത്തം 10 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഏഴാം പ്രതി ചാർലി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനിൽ കുമാർ, പത്താം പ്രതി ശരത്.ജി. നായർ എന്നിവരാണ് കുറ്റവിമുക്തരായത്.

 

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിജീവിക്കൊപ്പമാണ് സർക്കാർ, നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നാണ് സിപിഎം നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണെന്നും വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു.

 

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുൽ ഈശ്വറിൻ്റെ ഫെയ്സ്ബുക്ക് പേജിൽ പ്രതികരണം. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുൽ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുൽ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം. നടിയെ ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ താനുണ്ടാകുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

 

സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഢാലോചനയായിരുന്നെന്ന് സുരേഷ്കുമാർ. ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും താനിത് പറഞ്ഞതാണെന്നും ഇതിനൊക്കെ ആര് ഉത്തരം പറയുമെന്നും സുരേഷ്കുമാർ ചോദിച്ചു. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോളെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

 

നടിയെ ആക്രമിച്ചു കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍. മുന്‍പ് ഒരു വേദിയില്‍ അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് അറിയിച്ചുകൊണ്ട് താന്‍ ഉയര്‍ത്തിയ അവള്‍ക്കൊപ്പം എന്ന് എഴുതിയ ബാനറിന്‍റെ ചിത്രമാണ് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എപ്പോഴും, മുന്‍പത്തേതിലും ശക്തമായി, ഇപ്പോള്‍ എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട് റിമ.

 

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി ഡബ്ബിംഗ് ആടിസ്റ്റ് ഭാഗ്യലക്ഷ്മി. മരണം വരെ അവൾക്ക് ഒപ്പമാണ്. അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണെന്നും, അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളിൽ അത് കാണാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഗായിക ചിൻമയി ശ്രീപാദ. കോടതി വിധിയെ പരിഹസിച്ചാണ് ഗായിക ചിൻമയി ശ്രീപാദ പ്രതികരണം അറിിച്ചിരിക്കുന്നത്. Wo Just Wo എന്നാണ് ചിൻമയി ശ്രീപാദ പ്രതികരിച്ചിരിക്കുന്നത്. അതേസമയം കേസിൽ വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ വ്യക്തമാക്കി. നാളെ വോട്ടെടുപ്പ് നടക്കുന്നതിനാലാണ് പ്രതികരിക്കാത്തത്. ദിലീപിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നയാളാണ് ശ്രീലേഖ.

 

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി സാമൂഹ്യ പ്രവർത്തകയായ കെ അജിത. വിധി നീതി നിഷേധമാണെന്നും മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ അജിത പറഞ്ഞു. ദിലീപ് ജയിലിൽ കിടന്നതു തന്നെ വലിയ കാര്യം. മേൽക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. പ്രോസിക്യൂഷൻ ശക്തമായി ഇടപെട്ടു. പൊലീസിന്റെ അന്വേഷണവും തൃപ്തികരമായിരുന്നുവെന്നും കെ അജിത പറഞ്ഞു

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാമത്തെ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

 

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകൾ നാളെ വിധിയെഴുതും. ഇന്ന് രാവിലെ 9 മണി മുതൽ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു തുടങ്ങി. നാളെ രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്.

 

അതിരപ്പിള്ളി പീലാർമുഴി കുടിവെള്ള ടാങ്കിന് സമീപത്തുവെച്ച് 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചത്. ഏറെ നാളായി പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണെന്നാണ് വിവരം.

 

ജമ്മു കശ്മീരിലെ ഡോഡയിൽ ഠത്രി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭലാരാ വനമേഖലയിൽ ഞായറാഴ്ച നടത്തിയ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിൻ്റെ നീക്കത്തിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഡോഡ സന്ദീപ് മേത്തയുടെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു എസ്എൽആർ റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തു.

 

ലോക്സഭയിൽ ഇന്ന് വന്ദേമാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചർച്ച. 10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തിലും ലോക്സഭയിൽ ചർച്ച നടക്കും. ഇരു ചർച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു.

 

തമിഴ്‌നാട്ടിലെ ധർമപുരിയിൽ നടൻ വിജയ്‌യുടെ ടി വി കെ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസുകാരനെ കടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമം. ധർമപുരിയിൽ റിക്രിയേഷൻ സെൻ്ററിൻ്റെയും സമീപത്തെ മദ്യവിൽപ്പന ശാലയുടെയും മറവിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പാർട്ടി പ്രവർത്തകനായ യുവാവാണ് പൊലീസുകാരനെ കടിക്കാൻ ശ്രമിച്ചത്. എന്നാൽ തലനാരിഴയ്ക്ക് പൊലീസുകാരൻ രക്ഷപ്പെട്ടു.

 

തമിഴ്നാട് ഡിഎംകെ മന്ത്രിക്ക് കുരുക്ക്. മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ 1020 കോടി രൂപയുടെ അഴിമതി എന്ന് ഇഡി ആരോപിച്ചു. ടെണ്ടറുകളിൽ വ്യാപകമായി ക്രമക്കേട് കണ്ടെത്തി. കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക് കൈമാറിയെന്നും ഏപ്രിലിലെ റെയ്ഡിൽ നിർണായക തെളിവുകൾ കിട്ടിയെന്നും ഇഡി വ്യക്തമാക്കി.

 

ഹൈദരാബാദിലെ പ്രൈമറി റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലങ്കാന റൈസിംഗ് ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണ് രേവന്ത് റെ‍ഡ്ഡിയുടെ ഈ നീക്കം. നഗരത്തിലെ യുഎസ് കോൺസുലേറ്റ് ജനറലിനോട് ചേർന്നുള്ള പ്രൈമറി റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിടും. യുഎസിന് പുറത്ത് സിറ്റിംഗ് പ്രസിഡന്റിനെ ആദരിക്കുന്ന സംഭവം ആഗോളതലത്തിൽ ആദ്യത്തേതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

 

ഏഴാം ദിനവും ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ റദാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിമാന സർവീസുകൾ വൈകിയതിൽ ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് സമയം നീട്ടി നൽകി. ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നൽകാനാണ് ഡിജിസിഎ നിർദേശം.

 

വിമാന ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ടിക്കറ്റ് നിരക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്നും അമിതമായി ഈടാക്കരുതെന്നുമുള്ള സർക്കാരിന്റെ നിർദ്ദേശം പാലിച്ചുകൊണ്ടാണ് പുതിയ നിരക്കുകൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

 

30 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ടും ഭാര്യ ശ്വേതാംബരി ഭട്ടും അറസ്റ്റില്‍. രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ഉദയ്പൂര്‍ പൊലീസ് മുംബൈയില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുംബൈയിലെ യാരി റോഡ് ഭാഗത്തുള്ള വിക്രം ഭട്ടിന്‍റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.

 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങൾ വീണ്ടും ശ്രമം നടത്തും. തിരുനെല്ലി ക്ഷേത്രം പണം ആവശ്യപ്പെട്ട് ഇന്ന് ബാങ്കുകളെയും സൊസൈറ്റികളെയും സമീപിക്കും. ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ജ്വാലാപൂർ പ്രദേശത്ത് ബജ്‌റംഗ്ദൾ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് സംഘർഷം. പൊലീസും ജില്ലാ അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി. കല്ലെറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് ഉറപ്പ് നൽകി.

 

കംബോഡിയയുടെ അതിർത്തി കടന്ന് വ്യോമാക്രമണം നടത്തി തായ്‍ലൻഡ്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് വ്യോമാക്രമണം നടത്തിയത്. അതിര്‍ സംഘര്‍ഷത്തില്‍ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി കംബോഡിയൻ സൈന്യം സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും കംബോഡിയ ആരോപിച്ചു.

 

ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം, ഓൺലൈൻ സുരക്ഷാ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വിസ അപേക്ഷകൾ നിരസിക്കാൻ യുഎസ് എംബസി ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി. ഈ പുതിയ വിസ നിയന്ത്രണങ്ങൾ ടെക് മേഖലയിലെ വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ, കാര്യമായി ബാധിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മെമ്മോയിൽ നിന്ന് വ്യക്തമാക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *