20251017 141017 0000

തെരുവുനായ വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. സുപ്രീംകോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം അടക്കം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന് കേന്ദ്ര ആവശ്യം തള്ളിയാണ് കോടതി നിർദ്ദേശം.

 

ആർഎസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരദാന വേദിയിൽ സിപിഎം നേതാവ് ജി സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് വി ഡി സതീശൻ പറഞ്ഞു. ജി സുധാകരന് അവാർഡ് നൽകുക എന്ന് പറഞ്ഞാൽ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷനേതാവ് പറ‌ഞ്ഞു. അതേസമയം വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു ജി സുധാകരന്റെ മറുപടി. കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്താൽ എന്താണ് പ്രശ്നമെന്നും ജി സുധാകരൻ ചോദിച്ചു.

 

ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ വിതരണം നവംബർ മുതൽ ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

 

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു.

 

അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സർക്കാർ സൗജന്യ റേഷൻ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ് എന്ന ആരോപണവുമായി ചെറിയാൻ ഫിലിപ്പ്. ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാൽ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാർഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കിൽ സൗജന്യ റേഷനായ അരിയും ഗോതമ്പും നൽകാനാവില്ല. ഖ്യാതി നേടാനുള്ള കേരള സർക്കാരിന്‍റെ കള്ളക്കളിയിൽ ദരിദ്രർ പട്ടിണിയിലാവുകായാണ് എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

 

അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. ക്രെഡിറ്റ് മോദിക്ക് ആണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട് എന്നാല്‍ ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാത്ത രാജ്യമാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം എന്ന് എംബി രാജേഷ് പറഞ്ഞു. ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ലെന്നും ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്, വിശദ മാർഗ്ഗരേഖ പുറത്തിറക്കിയതാണ്. അത് വായിച്ചിരുന്നെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു.

 

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ നടപടി. കണ്ണൂർ ജില്ലയിലെ രണ്ട് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്.

 

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ അറിയിക്കും. മന്ത്രിസഭ തീരുമാനം എന്ന നിലക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. അതേസമയം, പി എം ശ്രീയിൽ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.

 

പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടർ നടപടികൾ എല്ലാം മരവിപ്പിച്ചെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നൽകുമെന്ന് അന്ന് താൻ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം.

 

രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി കൃഷ്ണൻ കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവർ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

 

സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്.

 

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ഇന്ത്യ വൺ എയർ, മെഹൈർ, പിഎച്ച്എൽ, സ്പൈസ് ജെറ്റ് എന്നീ എയർലൈൻസിനാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്. സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ടെന്നും ഇതിൻ്റെ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഗാലറി തകര്‍ന്നത്. എൻസിസി- എൻഎസ്എസ് വിദ്യാർഥികൾക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

 

300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഗണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

 

വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആളുടെ മൃതദേഹം പുറത്തെടുത്തു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) അപകടത്തിൽ മരിച്ചത്.ബന്ധുക്കളെ വിവരം അറിയിച്ച് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

തിരുവനന്തപുരം തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെൽഹിക്ക് വീടൊരുങ്ങി. കോർപ്പറേഷൻ നിർമിച്ചുനൽകുന്ന വീടിന്‍റെ ഗൃഹപ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് പത്ത് ലക്ഷം ചെലവിട്ട് വീട് നിർമിച്ചത്. ജില്ലാ പഞ്ചായത്താണ് സ്ഥലം കണ്ടെത്തിയത്.

 

സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് തുറക്കില്ല. ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവില്‍ പറയുന്നത്. അതേ സമയം ഫാക്ടറി തുറക്കുകയാണെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി.

 

ശബരിമല സ്വർണക്കൊളളക്കേസിൽ രണ്ടാം പ്രതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും.

 

ഇന്ത്യ വിഭജനം മുതല്‍ എസ്ഐആര്‍ വരെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന് കാശ്മീരിനെ ഇന്ത്യയോട് ചേർക്കണമെന്നായിരുന്നു ആഗ്രഹമെന്നും കോണ്‍ഗ്രസും നെഹ്റുവും എതിരുനിന്നത് രാജ്യത്ത് തീവ്രവാദം വളർത്താന്‍ ഇടയാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഭാരതീയ ഐക്യ ദിനാഘോഷത്തിനിടെയായിരുന്നു പ്രതികരണം. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായ സര്‍ദ്ദാർ വല്ലഭായി പട്ടേലിന്‍റെ 150 ജന്‍മദിനം ദേശീയ ഐക്യദിനമായാണ് കൊണ്ടാടുന്നത്.

 

രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖർഗെ പറഞ്ഞു. സർദാർ വല്ലഭായി പട്ടേൽ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിർത്താൻ ഇന്ദിരാഗാന്ധി ജീവൻ നൽകി. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാറിൻറെ ഓർമ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും സർദാറിനെ കോൺഗ്രസ് മറന്നു എന്ന് പറയാൻ സംഘപരിവാറിന് അവകാശമില്ലെന്നും ഖർഗെ പറഞ്ഞു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്കുപ്പെടെ ഖർഗെ മറുപടി നൽകിയത്.

 

ബിഹാർ റാലിയിലെ പ്രധാനമന്ത്രിയുടെ തമിഴ്നാട്‌ പരാമർശത്തില്‍ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മോദി പദവി മറന്ന് സംസാരിക്കരുതന്നും മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണ് എന്ന് ഓർമിപ്പിക്കുന്നതിൽ വേദനയുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.ജനക്ഷേമത്തിൽ ആകണം മോദി ശ്രദ്ധിക്കേണ്ടത് എന്നും സ്റ്റാലിന്‍ പറഞ്ഞു.

 

ആറ് വ്യത്യസ്ത ഇനം നായകളെ വളർത്തുന്നത് നിരോധിച്ചുകൊണ്ട് ഛണ്ഡീഗഡ് മുനിസിപ്പൽ കോർപറേഷൻ ഉത്തരവിറക്കി. അമേരിക്കൻ ബുൾഡോഗ്, അമേരിക്കൻ പിറ്റ്ബുൾ, ബുൾ ടെറിയർ, കെയ്ൻ കോർസോ, ഡോഗോ അർജൻ്റീനോ, റോട്ട്‌വീലർ എന്നിവയെ വളർത്തുന്നതാണ് നിരോധിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

 

സ്‌കൂളിലെ നോട്ടീസ് ബോർഡിൽ നിന്ന് പിൻ എടുത്ത് വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ മരിച്ചു. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദിയിലാണ് സംഭവം. ഫുൽബാനിയിലെ ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥി തുഷാർ മിശ്രയാണ് മരിച്ചത്. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

 

കാനഡയിലെ എഡ്‌മണ്ടണിൽ ഇന്ത്യൻ വംശജനെ മർദിച്ച് കൊലപ്പെടുത്തി. ബിസിനസുകാരനായ അർവി സിംഗ് സാഗു (55)ആണ് കൊല്ലപ്പെട്ടത്. പ്രതി കൈൽ പാപ്പിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അഞ്ചാം ദിവസമാണ് അർവി സിംഗ് സാഗു കൊല്ലപ്പെട്ടത്.

 

ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവില്‍വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. മ്യൂണിക്കില്‍ ഇന്ത്യ മെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ്.

 

ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിഹാറിലെ ജനങ്ങളെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ബിജെപി. നാടന്‍ ഗുണ്ടയേപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. വോട്ടിന് പകരമായി നൃത്തംചെയ്യണമെന്ന് മോദിയോട് പറഞ്ഞാല്‍ അദ്ദേഹം അതും ചെയ്യുമെഅന്വേഷിക്കണമെന്ന്ന്ന് ബിഹാറിലെ തിരഞ്ഞെടുപ്പുറാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.

 

ബജ്റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ 11 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരുവിലെ പ്രത്യേക എൻ‌ഐ‌എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഷെട്ടിയെ 2025 മെയ് ഒന്നിനാണ് ഏഴ് പേർ ചേർന്ന് വെട്ടിക്കൊന്നത്. സമൂഹത്തിൽ ഭയം വളർത്തുന്നതിനും ഭീകരത പടർത്തുന്നതിനും പൊതുജനങ്ങളുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് എൻഐഎ പറഞ്ഞു.

 

കർഷകർക്ക് ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഉടൻ പുതിയൊരു വിത്ത് നിയമം അവതരിപ്പിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കും എതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും കർഷകരെ സംരക്ഷിക്കാൻ കർശനമായ നിയമനിർമ്മാണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

 

അഹമ്മദാബാദിലെ അപകടവും ഇന്ത്യ-പാക് സംഘര്‍ഷവും മൂലം പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യ 10,000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു. ഉടമകളായ ടാറ്റ സണ്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരെയാണ് സമീപിച്ചത്. പാക്‌സ്താന്റെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ മൂലം 4,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

 

റാംപൂർ സിആർപിഎഫ് ക്യാമ്പ് ഭീകരാക്രമണക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ റദ്ദാക്കി അലഹബാദ് കോടതി. കേസിലെ പ്രതികളായ രണ്ട് പാക് പൗരന്മാർ ഉൾപ്പെടെ നാല് പേരെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. 2007 ഡിസംബർ 31 ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ വിചാരണ കോടതി ശിക്ഷിച്ച പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.

 

പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും യു.എസും തമ്മില്‍ ദീര്‍ഘകാല പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്.

 

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ വലിയ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി..തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

 

അതിർത്തി സംഘർഷങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുകയും സമാധാന ചർച്ചകൾ പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങൾ അതിർത്തിക്ക് അപ്പുറത്തേക്ക് കയറ്റുമതി ചെയ്യുകയാണ് പാകിസ്ഥാൻ എന്ന് ഹഖാനി ആരോപിച്ചു. ഫയർഫൈറ്റിംഗ് ഡയറക്ടറേറ്റിന്റെ പരിശീലന സെമിനാറിന്റെ സമാപന സമ്മേളനത്തിൽ വ്യാഴാഴ്ച നടത്തിയ പ്രസംഗം ഇരു രാജ്യങ്ങളും തമ്മി

ലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ സൂചന നൽകുന്നതായിരുന്നു.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *