നിരന്തരമായ പൗഡര് ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്. പ്രകൃതിയിലെ ചില പാറകളില് കാണുന്ന ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് എന്ന പ്രകൃതിദത്ത ധാതുവായ ‘ടാല്ക്’ ആണ് ടാല്ക്കം പൗഡറുകളിലെ പ്രധാന ചേരുവ. ഇവ വളരെ പെട്ടെന്ന് ഈര്പ്പം വലിച്ചെടുക്കുകയും ചര്മം മിനുസമുള്ളതാക്കുകയും ചെയ്യും. ഇവ ശുദ്ധീകരിച്ചാണ് കോസ്മെറ്റിക് ഉപയോഗത്തിനായി എടുക്കുന്നത്. എന്നാല് ഇത് പലപ്പോഴും നടക്കാറില്ല, ഇതില് ആസ്ബറ്റോസ് എന്ന മറ്റൊരു ധാതുവിന്റെ സാന്നിധ്യം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് പഠനങ്ങള് ചൂണ്ടിക്കാണിക്കുന്നു. ടാല്ക്കം പൗഡറിന്റെ നിരന്തര ഉപയോഗം അണ്ഡാശയ അര്ബുദം, മെസോതെലിയോമ തുടങ്ങിയ ഗുരുതരരോഗങ്ങള്ക്ക് കാരണമാകുന്നു. ലേബലില് ‘ടാല്ക്-ഫ്രീ’ അല്ലെങ്കില് ‘ആസ്ബറ്റോസ്-ഫ്രീ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ടാല്ക്കിന് പകരം കോണ്സ്റ്റാര്ച്ച് അടങ്ങിയ പൗഡറുകള് ചര്മത്തിന് കുറച്ചു കൂടി സുരക്ഷിതമാണ്. സെന്സിറ്റീവ് ചര്മം ഉള്ളവര് സുഗന്ധദ്രവ്യങ്ങള് ചേരാത്തവ തിരഞ്ഞെടുക്കാം. കുഞ്ഞുങ്ങള്ക്ക് പരമാവധി പൗഡര് ഉപയോഗിക്കുന്നത് കുറയ്ക്കുക. ബാരിയര് ക്രീമുകള് ഉപയോഗിക്കാം. ഇത്തരം നേര്ത്ത പൊടി ശ്വസിക്കുന്നത് ചിലരില് അക്യൂട്ട് ബ്രോങ്കോസ്പാസ്ം, കെമിക്കല് ന്യൂമോണൈറ്റിസ് അല്ലെങ്കില് ശ്വസന ബുദ്ധിമുട്ടുകള്ക്ക് കാരണമാകും. കുഞ്ഞുങ്ങളില് ഗുരുതരമായ പ്രത്യാഘാതങ്ങള്ക്ക് കാരണമായതായി രേഖപ്പെടുത്തിയിട്ടുണ്ട്. മുതിര്ന്നവര്ക്ക് ഉടനടി ദോഷം സംഭവിക്കണമെന്നില്ലെങ്കിലും, ആവര്ത്തിച്ചുള്ള ഉപയോഗം ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കാം.
