Your paragraph text 43

‎കീം പ്രവേശന പരീക്ഷ എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനം. അംഗീകൃത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിക്കുക.
‎
‎കേരളത്തിൽ വൈദ്യുതി ആവശ്യകത ഉണ്ടെന്നും ദീർഘ കാലത്തേക്ക് വൈദ്യുതി വേണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.  കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം നടത്തുന്നുണ്ടെന്നും, വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും മഹാരാഷ്ട്രയിലെ സിന്നാർ താപ വൈദ്യുതി നിലയത്തിൽ നിന്ന് കൂടുതൽ വൈദ്യതി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‎
‎സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയും, വിദ്യാര്‍ത്ഥി കണ്‍സെഷൻ വര്‍ധനയും ഉണ്ടാവില്ലെന്ന് മന്ത്രി സി പി ജോണ്‍.  ഇതൊഴിച്ച് ബസുടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനക്ക് എതിരാണെന്നാണ് മന്ത്രിയുടെ ന്യായീകരണം.
‎
‎അട്ടപ്പാടി മേഖലയിലെ നവജാത ശിശുമരണ കാരണങ്ങൾ സമഗ്രമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
‎
‎കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ നിരാഹാരസമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പിണറായി വിജയന്‍ സമരപന്തലില്‍. കുട്ടികളെ സസ്പെന്‍ഷനില്‍ നിര്‍ത്തി ഭാവി നശിപ്പിക്കാം എന്ന വ്യാമോഹം വേണ്ടെന്നും, നുണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും അതീവ വൈദഗ്ധ്യം ലഭിച്ചവരാണ് ആര്‍എസ്എസുകാര്‍. അവരുടെ ഇഷ്ട തോഴിയായാണ് ഇപ്പോള്‍ ഇവിടെയുള്ള വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‎
‎2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജീവ-സുയാത്ര മിഷൻ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി നടൻ മമ്മൂട്ടിയെത്തും.
‎
‎മുഖ്യമന്ത്രി വി ഡി സതീശന്‍ മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി ഡി സതീശന്‍ പെരുന്നയിലേക്ക് എത്തുന്നത്. ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ക്ഷണിച്ചു.
‎
‎മുഖ്യമന്ത്രി വി.ഡി. സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നു എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. അത് ഞങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
‎
‎സിപിഐഎമ്മിന്റെ കോഴിക്കോട് നടന്ന വിശാല സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരം പാര്‍ട്ടിക്കെതിരെ വരുന്ന വ്യാജവാര്‍ത്തകളേയും അപവാദ പ്രചാരണങ്ങളേയും പ്രതിരോധിക്കാന്‍ ലീഗല്‍ സെല്‍ രൂപീകരിച്ചു സിപിഐഎം.  300 അഭിഭാഷകര്‍ അടങ്ങിയതായിരിക്കും ലീഗല്‍ സെല്‍.
‎
‎കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല. ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും.
‎
‎കാസർഗോഡ് ജില്ലാ പഞ്ചായത്ത് വളപ്പിൽ എൻഡോസൾഫാൻ ബാധിതരുടെ ഓർമയ്ക്കായി നിർമിച്ച ശിൽപം അനാച്ഛാദനം ചെയ്തു. കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശിൽപം രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് അനാച്ഛാദനം ചെയ്തത്. അതേസമയം ഉദ്ഘാടകനായി നേരത്തെ നിശ്ചയിച്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ പങ്കെടുക്കാത്തതിൽ ശിൽപി അതൃപ്തി അറിയിച്ചു.
‎
‎ഐസിയുവിലും നിരാഹാരം തുടർന്ന് എൽ പി എസ് ടി നേതാവ് വളർമതി. നിരാഹാര സമരം ഇന്ന് പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് നിരാഹാരം തുടരുന്നതിനിടെ വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.
‎
‎യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ ഏനാത്ത് പൊലീസിന്‍റെ വീഴ്ച ആരോപിച്ച് സിസിടിവി ദൃശ്യം പുറത്ത്. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ആത്മഹത്യയിലെ അന്വേഷണത്തിൽ ഏനാത്ത് പൊലീസ് വീഴ്ച്ച വരുത്തിയെന്നാണ് ആരോപണം.
‎
‎തിരുവനന്തപുരത്ത് ചാലയിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ പക്കൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി.  ജ്വല്ലറി അടച്ചശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം സ്വർണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി.
‎
‎തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായതായി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മൂന്നുപേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു.
‎
‎ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ പ്രതിയായ 17കാരന്റെ മൊഴി അന്വേഷണം സംഘം വീണ്ടും രേഖപ്പെടുത്തി. മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ സമ്മതിച്ചതായാണ് വിവരം.
‎
‎ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് സി എസ് കർണൻ. കോടതിയലക്ഷ്യക്കേസിൽ 6 മാസം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് ജസ്റ്റിസ് കർണൻ.
‎
‎പാകിസ്ഥാനിലെ ലാഹോറിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഫാം ജീവനക്കാരനായ 19 -കാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ടിക് ടോക്കറും ഫാം ഉടമയും ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
‎
‎പൊതുഭരണ രംഗത്ത് ഇന്ത്യയ്ക്ക് വലിയ തോതിലുള്ള പുരോഗതി ആവശ്യമാണെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. പൊതുഅടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും ഏറ്റവും താഴ്ന്ന ഘട്ടത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‎
‎പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന. ഗോവയില്‍ 3 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ 2.2 ശതമാനവും കേരളത്തിലും മധ്യപ്രദേശിലും 1.5 ശതമാനവും പുതുച്ചേരിയില്‍ 1.3 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
‎
‎മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പിന്റെ ജലവൈദ്യുത പദ്ധതി നിർമ്മാണ ചെലവിൽ ക്രമക്കേടെന്ന് പരാതി. വന്യജീവി സംരക്ഷണ ഫണ്ട്‌ വെട്ടിക്കാൻ പദ്ധതി ചെലവ് 99 ശതമാനം കുറച്ചു കാണിച്ചുവെന്നാണ് ആരോപണം.  വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
‎
‎2027-ലെ ഹജ്ജ് തീർഥാടനത്തിനായുള്ള ഉഭയകക്ഷി കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിഅയും തമ്മിൽ ജിദ്ദയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് കരാർ ഒപ്പിട്ടത്.
‎
‎യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം. 18 ചെറുവാഹനങ്ങളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
‎
‎ലോകമെമ്പാടുമുള്ള സർക്കാർ ഏജൻസികളെയും സ്ഥാപനങ്ങളെയുമടക്കം ബാധിച്ച് ഒൻപത് മണിക്കൂറിലധികം നീണ്ട മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തകരാർ. ചില സെർവറുകളുടെ ലോഡ് വർധിക്കുകയും തുടർന്ന് ഓഫ്‌ലൈനാവുകയും ചെയ്ത ഒരു കോൺഫിഗറേഷൻ അപ്ഡേറ്റാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം.
‎
‎എൻവിഡിയ സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായിരുന്ന ജെൻസൻ ഹുവാങ് രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നു. യുഎസ് ഇന്റലിജൻസ് ചൈനീസ് ചാരയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്, എൻവിഡിയയുടെ ഹെൽത്ത്കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവൽ എന്നിവരുമായുള്ള ബന്ധം നേരത്തെ പുറത്തു വന്നിരുന്നു
‎
‎പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നപ്പോഴും കർഷകരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി ഡീസൽ വിലവർദ്ധനയുടെ ഭൂരിഭാഗവും സർക്കാർ തന്നെ വഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലിറ്ററിന് 50 രൂപയെങ്കിലും വർദ്ധിപ്പിക്കേണ്ടതായിരുന്നു എന്നാൽ 7 രൂപ മാത്രമാണ് കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
‎
‎സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ സിനിമയാക്കുന്നു. തെലങ്കാന പിസിസിയുടേതാണ് പ്രഖ്യാപനം. ടിപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡിയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. സിനിമയുടെ പ്രാരംഭ നിര്‍മാണത്തിനായി രണ്ട് കോടി രൂപ സംഭാവന ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
‎
‎ക്യൂബയ്‌ക്കെതിരെ സൈനിക നടപടി പരിഗണിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2029-ൽ താൻ അധികാരത്തിൽനിന്ന് മാറുന്നതിന് മുമ്പ് ക്യൂബയുടെ കാര്യം തീർക്കാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.
‎
‎ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി.ടി.ഉഷയുടെ നീക്കത്തിൽ അമ്പരന്ന് എതിർചേരി. എൻഎസ്എഫ് പ്രതിനിധികൾ ഇന്ന് ദില്ലിയിൽ അനൗദ്യോഗിക യോഗം ചേരുമെന്നും, ഉഷ ഇന്നലെ തിരുവനന്തപുരത്തെത്തി ബിജെപി നേതാക്കളെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.
‎
‎തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഭരണഘടനയും നിയമങ്ങളും അനുസരിക്കണമെന്നും ഒളിമ്പിക് ചാര്‍ട്ടറിന് അനുസരിച്ചാകണം തിരഞ്ഞെടുപ്പെന്നാണ് നിര്‍ദേശം. ഉയര്‍ന്ന പരാതികളില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിരാശ രേഖപ്പെടുത്തി.
‎
‎ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 334 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ നാലിന് 53 എന്ന നിലയിലാണ്. ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരെ പുറത്താക്കി മാറ്റ് ഹെന്റി കിവീസിന് മേൽക്കൈ നൽകി.
‎
‎2018ലെ പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. മുൻ സഹതാരം ഉസ്മാൻ ഖവാജയുടെ ആത്മകഥയിലെ വെളിപ്പെടുത്തൽ അസംബന്ധമാണെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു. ടീമിൽ എല്ലാവർക്കും അറിവുണ്ടായിരുന്നു എന്ന വാദം 100 ശതമാനം തെറ്റാണെന്നും ഓസ്‌ട്രേലിയൻ നായകൻ ചൂണ്ടിക്കാട്ടി.
‎
‎ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. കമ്പനിയുടെ ആഡംബര ബ്രാൻഡായ ഡെൻസ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. വാഹനത്തിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇന്ത്യൻ വിപണിയിലെത്താനിരിക്കുന്ന ഈ പ്രീമിയം എംപിവി വാഹനപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.

‎ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ നിർണായക നേട്ടവുമായി ബിഗോസ്. രാജ്യത്ത് പ്രവർത്തനം ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനി. 2022 ഓഗസ്റ്റിലാണ് ബിഗോസ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. 2026 നവംബർ ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരം 1,00,595 ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്.
‎
‎പ്രണയത്തിന്റെ മനോഹരമായ ഈണവുമായി ജോമോൻ ജ്യോതിർ നായകനാകുന്ന ക്യാമ്പസ് പ്രണയചിത്രം ‘പ്രേംപാറ്റ’യിലെ ആദ്യ ഗാനമായ ‘നെഞ്ചാടിയേ…എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. സുഹൈൽ എം. കോയയുടെ വരികൾക്ക് അങ്കിത് മേനോൻ ഈണവും ഓർക്കസ്‌ട്രേഷനും നിർവഹിച്ചപ്പോൾ നിഹാൽ സാദിഖാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‎
‎ഒരു കലണ്ടർ വർഷത്തിൽ 200 കോടി രൂപയിലധികം ആഗോള കളക്ഷൻ നേടുന്ന മൂന്ന് ചിത്രങ്ങൾ നൽകുന്ന താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സൂര്യ. ഈ ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് സിനിമാ താരംകൂടിയാണ് സൂര്യ. പുതിയ ചിത്രമായ ‘സീൻ’ (Scene) റിലീസ് ചെയ്ത് ഏഴുദിവസം പിന്നിട്ടപ്പോഴാണ് അദ്ദേഹംഈ അപൂർവ നേട്ടകൈവരിച്ചത്. സൂര്യ നായകനായി ഈ വർഷം പുറത്തിറങ്ങിയ കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് സീനും 200 കോടി ക്ലബിലെത്തിയത്.
‎
‎തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി ഇലക്കറികൾ പതിവായി കഴിക്കാം. കൂടാതെ മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ഫൈറ്റോകെമിക്കലുകൾ അടങ്ങിയ ബ്ലൂബെറികൾ കഴിക്കുന്നത് ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം എന്നിവ തടയാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും., സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നീർവീക്കത്തെ തടയാനുള്ള മികച്ച കഴിവുണ്ട്. പയർവർഗ്ഗങ്ങളിൽ ഫോളേറ്റും ബി-വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ചുരുങ്ങൽ തടയാനോ അതിന്റെ വേഗത കുറയ്ക്കാനോ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.  ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ അതിലുള്ള ഗുണകരമായ പോഷകങ്ങൾ  തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ ഉടൻ തന്നെ സഹായിക്കുന്നു. സപ്ലിമെന്റുകൾക്ക് പകരം മഞ്ഞൾ നേരിട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.
‎
‎
‎ഇന്നത്തെ വിനിമയ നിരക്ക്
‎
‎ഡോളർ – 94.28,പൗണ്ട് – 124.72
യൂറോ – 104.29, സ്വിസ് ഫ്രാങ്ക് – 112.85
ഓസ്ട്രേലിയൻ ഡോളർ – 64.00
‎ബഹ്റൈൻ ദിനാർ – 250.12, കുവൈത്ത് ദിനാർ – 302.76,ഒമാനി റിയാൽ – 244.60,
‎സൗദി റിയാൽ – 25.12,യു.എ.ഇ ദിർഹം – 25.67,ഖത്തർ റിയാൽ – 25.79, കനേഡിയൻ ഡോളർ – 66.11.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *