20251017 141017 0000

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടുനിറച്ചതിനു പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്.

 

ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.

 

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി.

 

ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്നും രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കുന്നു. കവർച്ച മറയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന നിഗമനത്തിലേക്കാണ് കോടതി എത്തിയിരിക്കുന്നത്.

 

ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിട്ടില്ലെന്നും 2025 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്‍റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ് ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് പ്രതികരിച്ചു. നിലവില്‍ ഉദ്യോഗസ്ഥരെ പഴിച്ചുകൊണ്ട് ബോര്‍ഡിനും തനിക്കും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് പ്രശാന്തിന്‍റെ വാദം.

 

സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണ കുടിശ്ശിക തീർത്ത് തന്നില്ലെങ്കിൽ സ്റ്റോക്ക് തിരിച്ചെടുക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി. നിയമവഴികൾ അടക്കം പരിശോധിക്കാൻ വിതരണക്കാരുടെ യോഗം തീരുമാനിച്ചു. 159 കോടി രൂപയാണ് ഹൃദയ ശസ്ത്രക്രിയ വിതരണക്കാർക്ക് മാത്രം ആരോഗ്യവകുപ്പ് കുടിശ്ശികയായി നൽകാനുണ്ടായിരുന്നത്. ആവർത്തിച്ച് മുന്നറിപ്പുകൾ നൽകിയിട്ടും സമയപരിധി നീട്ടി നൽകിയിട്ടും ഇതിൽ 30 കോടി മാത്രമാണ് സർക്കാർ നൽകാൻ തയാറായത്.

 

കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്നും ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പിഎം ശ്രീയിൽ എതിർപ്പ് തുടരാൻ പാർട്ടി മന്ത്രിമാർക്ക് ബിനോയ് വിശ്വം നിര്‍ദേശം നൽകിയതായാണ് വിവരം.

 

സി പി ഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരാണ് സി പി ഐയെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, നാണം കെട്ട് എന്തിനാണ് ഇങ്ങനെ എൽ ഡി എഫിൽ നിൽക്കുന്നതെന്നും ചോദിച്ചു. എൻ ഡി എയിൽ നിന്നും എൽ ഡി എഫിൽ നിന്നും നിരവധിപാർട്ടികൾ യു ഡി എഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

പിഎം ശ്രീയിൽ ചേർന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന നിലപാട് സംസ്ഥാന സർക്കാറിന് സ്വീകരിക്കാനാകില്ല. എന്തെന്നാൽ എൻഇപി അംഗീകരിക്കണമെന്നാണ് പിഎം ശ്രീ പദ്ധതിയുടെ മാർഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ . എൻഇപി സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന വ്യവസ്ഥ പിഎം ശ്രീയുടെ ധാരണാപത്രത്തിലുമുണ്ട്. ഫണ്ട് വേണം, പക്ഷം നയം നടപ്പാക്കില്ലെന്നതാണ് വിദ്യാഭ്യാസമന്ത്രിയും സിപിഎം നേതാക്കളും ആവർത്തിക്കുന്നത്. എന്നാൽ പിഎം ശ്രീയിൽ ചേർന്നാൽ വിവാദമായ എൻഇപി നടപ്പാക്കാതെ പറ്റില്ല.

 

പി എം ശ്രീ പദ്ധതിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വിഡി സതീശൻ. കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ബി ജെ പിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പി എം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പ്രവാസി സംഗമം 24ന് മസ്കറ്റിൽ. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 26 വർഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്. ഒമാനിലെ പരിപാടികളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങും മലയാളം മിഷനും ലോക കേരള സഭയുമാണ് സംഘാടകർ. മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർ വിൽസൺ ജോർജ്, വ്യവസായികളായ എം എ യൂസഫലി, ഗർഫാർ മുഹമ്മദലി തുടങ്ങിയവരും ഒമാനിലെ പരിപാടികളിൽ പങ്കെടുക്കും.

 

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപേ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലേയും 25 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യപിച്ചത്. 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതെന്ന് ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബ് വ്യക്തമാക്കി. മാങ്ങയാണ് തെരഞ്ഞെടുപ്പ് ചിഹ്നം.

 

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞുനിര്‍ത്തി നിവേദനം നൽകാൻ ശ്രമിച്ചയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റി. കേന്ദ്ര മന്ത്രിയുടെ വാഹനം പെട്ടെന്ന് തടഞ്ഞതോടെ പ്രവര്‍ത്തകരിലൊരാള്‍ നിവേദനം നൽകാനെത്തിയ ആളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി എത്തിയത്. കയ്യിൽ നിവേദനം ഉണ്ടായിരുന്നെങ്കിലും ഒന്നും എഴുതിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.

 

വയനാട്ടിൽ ആദിവാസി വിഭാഗക്കാരായ റെസിഡന്‍ഷ്യല്‍ സ്കൂളിൽ 127 പെണ്‍കുട്ടികള്‍ ജൂലൈ മുതല്‍ താമസിക്കുന്നത് സ്കൂളിലെ മൂന്ന് ക്ലാസുമുറികളില്‍. എല്ലാവർക്കും കൂടി ഉപയോഗിക്കാൻ ആകെ ഒറ്റ ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്. മന്ത്രി ഒ ആർ കേളുവിന്‍റെ പഞ്ചായത്തായ തിരുനെല്ലിയിലാണ് മനുഷ്യത്വമില്ലാത്ത ഈ നടപടി. എന്നാൽ ഹോസ്റ്റല്‍ അപകടാവസ്ഥയിലായത് കൊണ്ടാണ് കുട്ടികളെ ക്ലാസ് മുറികളിലേക്ക് മാറ്റേണ്ടിവന്നതെന്നും സ്കൂള്‍ ആറളത്തേക്ക് മാറ്റാനുള്ള നടപടിയിലാണെന്നും സൂപ്രണ്ട് പറഞ്ഞു.

 

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സിപിഎം നേതാക്കൾ കടയിൽ അതിക്രമിച്ചു കയറി കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനാണ് മർദ്ദനമേറ്റത്. സിപിഎം ലോക്കൽ സെക്രട്ടറി സതീഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് മർദ്ദനം നടത്തിയതെന്നാണ് ആരോപണം. സതീഷ്, സജിത ഉൾപ്പെടെ 6 പേർക്കെതിരെ കോട്ടായി പൊലീസ് കേസെടുത്തിട്ടുണ്ട്.

 

താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ് എടുത്തു. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡന്‍റും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഖം മറച്ചാണ് ആക്രമികൾ സ്ഥലത്തെത്തിയത്. ഭീതിപെടുത്തുന്ന ആക്രമണമാണ് നടന്നതെന്ന് താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികൾ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് കടത്തിവിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.

 

കഴിഞ്ഞ ദിവസം സമാപിച്ച വയനാട് ജില്ല സ്‌കൂള്‍ കായികമേളയിലെ പോള്‍വോള്‍ട്ടില്‍ പോളിന് പകരം മുള ഉപയോഗിച്ച് വലിയ ഉയരം ചാടി ഒന്നാമതെത്തിയ പത്താംക്ലാസുകാരന്‍ അഭിനവിന് ഇനി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വന്തം പോളുമായി മത്സരിക്കാം. മന്ത്രി ഒആര്‍ കേളുവിന്റെ വകയായി താരത്തിന് പുതിയ പോള്‍ സമ്മാനിച്ചാണ് തലസ്ഥാനത്തേക്ക് യാത്രയാക്കിയത്.

 

മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയിൽ തെളിവെടുപ്പ്. അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. മെമ്മറി കാർഡ് വിവാദത്തിൽ ഉൾപ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുക്കുന്നുണ്ട്. ഓഗസ്റ്റ് 21 നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ അന്ന് തീരുമാനമായിരുന്നു.

 

മലപ്പുറം കോട്ടക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിനാണ് നായയുടെ കടിയേറ്റേത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു.

 

പാലക്കാട് കാഞ്ഞിരപ്പുഴയിൽ വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയെ പുലി റാഞ്ചിക്കൊണ്ടുപോയി. വീടിന് തൊട്ടടുത്ത് നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെയാണ് വീട്ടുകാർ അറിഞ്ഞത്. വളർത്തുനായയെ എല്ലായിടത്തും അന്വേഷിച്ചിട്ടും കാണാതെ വന്നപ്പോഴാണ് വീട്ടുകാർ സിസിടിവി പരിശോധിച്ചത്. വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന വളർത്തുനായയെ കടിച്ചെടുത്ത് പുലി ഇരുട്ടിലേക്ക് മറയുന്നത് ദൃശ്യങ്ങളിൽ കാണാം.

 

ഗുരുവായൂരിൽ വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ സ്വദേശി മുസ്തഫയെ (47) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണിയെതുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കൊള്ളപ്പലശിക്കാര്‍ ഭൂമി ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നു റിഷഭ് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സംഗീതസംവിധായകനും കൂടിയായിരുന്ന റിഷഭ് ടണ്ടൻ ഫക്കീർ എന്ന പേരിലാണ് സംഗീതലോകത്ത് അറിയപ്പെട്ടിരുന്നത്.

 

കർണാടകയിലെ പുത്തൂരിൽ അനധികൃത കന്നുകാലികടത്തിനിടെ മലയാളിയായ ലോറി ഡ്രൈവർക്ക് വെടിയേറ്റു. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. പരിശോധനയ്ക്കിടെ നിർത്താതെ പോയതിന് തുടർന്നാണ് പിന്തുടർന്നെത്തിയ പുത്തൂർ റൂറൽ പൊലീസ് സംഘം അബ്ദുള്ളയുടെ കാലിൽ വെടിയുതിർത്തത്.

 

മുൻ പഞ്ചാബ് ഡിജിപി ആയിരുന്ന മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ മന്ത്രിയും ആയിരുന്ന റസിയ സുൽത്താന എന്നിവർക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ മകൻ അഖിൽ അഖ്തർ അഞ്ച് ദിവസം മുൻപാണ് മരിച്ചത്. മരണത്തിന് പിന്നാലെ അഖിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന വീഡിയോകൾ പുറത്ത് വന്നതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വീണ്ടും ഇന്ത്യൻ എംബസി തുറന്നതിനെ സ്വാഗതം ചെയ്ത് താലിബാൻ. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് താലിബാൻ പ്രതിരോധമന്ത്രി മുല്ല യാക്കൂബ് അഫ്ഗാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പാകിസ്ഥാൻ സംഘർഷത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ പ്രചാരണം യാക്കൂബ് തള്ളി. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ടെക്നിക്കൽ മിഷനെയാണ് ഇന്ത്യ എംബസിയായി ഉയർത്തിയത്.

 

ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി എവിടെയെന്ന പരിഹാസവുമായി ജെഡിയു. ഹൈഡ്രജൻ ബോംബിനെ കുറിച്ച് മിണ്ടാട്ടമില്ലെന്നും വോട്ടർപട്ടിക പരിഷ്ക്കരണം പ്രചാരണമാക്കാൻ കോൺഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും ബിഹാറിൽ അക്കാര്യം ഇപ്പോൾ വിഷയമേയല്ലെന്നും ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡൻ്റ് സഞ്ജയ് ഝാ എംപി പറഞ്ഞു. അതേസമയം ബീഹാറിൽ മഹാസഖ്യത്തിലെ തർക്കം തീർക്കാൻ കെ സി വേണുഗോപാൽ തേജസ്വി യാദവുമായി സംസാരിച്ചു.

 

മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച് തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റക്ക് വാര്‍ത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് തേജസ്വി യാദവിനെ കണ്ടു.വാര്‍ത്താ സമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവര്‍ത്തിച്ചാണ് മഹസഖ്യത്തിന്‍റെ മുഖം താന്‍ തന്നെയെന്ന് തേജസ്വിയാദവ് അവകാശപ്പെട്ടത്.

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത് ഷായുടെ 61-ാം ജന്മദിനമാണ് ഇന്ന്. പൊതുസേവനത്തിലുള്ള അദ്ദേഹത്തിന്‍റെ സമർപ്പണവും കഠിനാധ്വാനവും ഏറെ പ്രകീർത്തിക്കപ്പെട്ടതാണെന്നും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഓരോ ഇന്ത്യക്കാരനും സുരക്ഷിതത്വവും അന്തസ്സും നിറഞ്ഞ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അദ്ദേഹം പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും മോദി എക്‌സിൽ കുറിച്ചു.

 

ദില്ലിയിൽ വായുമലിനീകരണ തോതിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. കഴിഞ്ഞ ദിവസത്തെ സംബന്ധിച്ച് മലിനീകരണ തോതിൽ കുറവ് വന്നിട്ടുണ്ടെന്നും മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുണ്ടെന്നും രേഖ ഗുപ്ത അറിയിച്ചു. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ദില്ലിയിലെ വായുമലിനീകരണ തോത് കുത്തനെ ഉയർന്നിരുന്നു. നഗരത്തിൽ ശരാശരി വായുഗുണനിലവാരം 350 ആണ് രേഖപ്പെടുത്തിയത്.

 

വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ഇന്നലെയും സംസാരിച്ചെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് മോദി ഉറപ്പുനൽകിയെന്നും ട്രംപ് ആവർത്തിച്ചു. ഇന്ത്യയുടെ നിലപാട് യുക്രെയ്‌നിലെ സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ താൻ സമാധാനം സ്ഥാപിക്കാൻ ഇടപെട്ടെന്ന അവകാശവാദവും അദ്ദേഹം വീണ്ടും ഉന്നയിച്ചു.

 

ഇന്ത്യ – റഷ്യ ബന്ധത്തിൽ എതിർപ്പ് തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡണ്ട് വിളിച്ചത് ദീപാവലി ആശംസകൾ അറിയിക്കാനാണെന്ന് പ്രധാനമന്ത്രി എക്സിലൂടെ വെളിപ്പെടുത്തി. റഷ്യയിൽ നിന്ന് ‘ഒത്തിരി എണ്ണ’ ഇനി ഇന്ത്യ വാങ്ങില്ലെന്ന ഉറപ്പ് മോദി നൽകിയെന്ന ട്രംപിന്‍റെ പുതിയ അവകാശവാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

 

ബഹിരാകാശത്ത് ചരിത്രം സൃഷ്‍ടിച്ച് ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സ്. സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് പദ്ധതിക്കായി സ്പേസ് എക്‌സ് വിക്ഷേപിച്ച ഉപഗ്രങ്ങളുടെ എണ്ണം പതിനായിരം പിന്നിട്ടു. 28 സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഒക്ടോബർ 19-ന് കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയര്‍ന്നതോടെയാണ് സ്‌പേസ് എക്‌സ് പ്രധാന നാഴികക്കല്ലുകൾ പിന്നിട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *