ബസുകളിലെയടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി നിര്‍ദേശം നൽകി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിര്‍ദേശം നൽകിയത്. വിചിത്ര നിര്‍ദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളര്‍ കയറ്റി എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.
പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്നും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്‍റ് ആയി തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്നും ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിൻ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ല. പാര്‍ട്ടിയോട് തിരുത്താൻ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്‍ററ് സണ്ണി ജോസഫ്. അബിന് കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോയെന്നും കെ സി വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്, കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം. അതിന് എന്താ കുഴപ്പമെന്നും കേരളത്തിൽ നിൽക്കട്ടെ എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പില്ലെന്ന് കെ മുരളീധരന്‍. എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ചോദിച്ചു.യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം .ഓരോ നേതാക്കൾക്കും ഓരോരോ അഭിപ്രായമുണ്ടാകും.എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ അധ്യക്ഷൻ ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പസംഗമത്തിലെ ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ലെന്നും ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്നും ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു. ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നവംബർ പകുതിയോടെയാണ് കേരളത്തിൽ പുതുതായി മറ്റൊരു വന്ദേഭാരത് എക്സ്പ്രസ്സ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്‌സ്പ്രസാണിത്.
മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. വൈകീട്ട് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. 16 ന് ബഹ്റൈനിൽ പ്രവാസി മലയാളി സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.
ശമ്പരിമലയിലെ ദ്വാരപാലകപാളികൾ വിറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെന്നൈയിലേക്ക് കൊണ്ടുപോയത് ഒറിജിനല്ലെന്നും വിഡി സതീശൻ ആരോപിച്ചു. ആർക്കാണ് വിറ്റതെന്ന് അന്നത്തെ മന്ത്രി കടകംപള്ളി പറയണമെന്നും ശബരിമലയിൽ വലിയ കച്ചവടമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും അതിനാൽ പോറ്റിയെ രക്ഷിക്കാൻ ആണ് ഇപ്പോൾ നീക്കമെന്നും സതീശൻ കുറ്റപ്പെടുത്തി.
2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തിൽ നടന്നിട്ടുണ്ട്. 2023-24 വർഷത്തിൽ ഇത് 14ഉം, 2022-23 വർഷത്തിൽ ഇത് 12ഉം ആണ്. ഈ വർഷത്തിൽ നടന്ന 18 ശൈശവ വിവാഹങ്ങളിൽ 10 എണ്ണവും നടന്നിട്ടുള്ളത് തൃശൂർ ജില്ലയിലാണെന്നാണ് വിവരം.
ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സർക്കാർ നയം പരിഷ്‌കരിച്ചതിനെ സ്വാഗതം ചെയ്ത് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സർക്കാർ തീരുമാനം ഉടൻ നടപ്പിലാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെയായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്, അതിനെ മുഖ്യമന്ത്രി തിരുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ ജില്ലാ കളക്ടറോട് നിലവിലെ റോഡിന്‍റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവുവെന്ന സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടികാട്ടി.
പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് നാലാം അഡീഷണൽ ജില്ലാ കോടതി വിധിച്ചു. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാൾ കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
നെൻമാറ പോത്തുണ്ടി സജിത വധക്കേസിൽ കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന കോടതിവിധിയിൽ പ്രതികരണവുമായി കുടുംബം. കനത്ത ശിക്ഷ വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി വിധിയിൽ സന്തോഷമെന്നും സജിതയുടെ കുടുംബം. ഒക്ടോബര്‍ 16നാണ് ശിക്ഷാവിധി. അതേസമയം ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി നാടുവിട്ടു എന്ന് വിവരം. കേസിലെ നിര്‍ണായക സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പയാണ് തമിഴ്നാട്ടിലേക്ക് നാട് വിട്ടത്.
മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ 26 കിലോയോളം ചന്ദന തടികൾ കാണാനില്ലെന്ന് ആക്ഷേപം. ചന്ദനത്തടികൾ ക്ഷേത്രത്തിലെ ഉന്നതർ കടത്തിയെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, ചന്ദനത്തടികൾ ദ്രവിച്ചു പോയതാണെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തിയ മലബാർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ രേഖകൾ പരിശോധിച്ചു.
പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിൽ പുത്തൻപുരയിൽ സരള എന്ന സ്ത്രീ മരിക്കുകയും കൂടെ പണിയെടുത്തിരുന്ന വടക്കതിൽ ശ്രീലതയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ സ്റ്റേ കമ്പി ഫ്യൂസ് കാരിയറിൽ തട്ടിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. ഈ അപകട സാധ്യത കെഎസ്ഇബി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് കണ്ടെത്തൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം രൂപയുടെ ഏലക്ക വാങ്ങിയതായാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏലക്കർഷകനും പന്ത്രണ്ടാം പ്രതിയുമായ ലെനിനെ പൊലീസ് പിടികൂടിയിരുന്നു. തട്ടിയെടുത്ത 80 ലക്ഷത്തിൽ 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
നെടുവത്തൂരിൽ ആത്മഹത്യാ ശ്രമത്തെ തുടർന്നുണ്ടായ കിണർ അപകടത്തിൽ മരിച്ച അർച്ചനയുടെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ജില്ലാ ശിശുക്ഷേമ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കിണറ്റിൽ ചാടിയ അർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞ് അപകടമുണ്ടായത്. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ ആൺസുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.
പാപ്പാൻമാരുടെ കൊടും പീഡനത്തിനിരയായതാണ് കൊമ്പൻ ഗോകുൽ ചരിഞ്ഞതിന് കാരണമെന്ന് ആരോപണം. ആനപ്രേമി സംഘമാണ് ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഉന്നതല അന്വേഷണം വേണമെന്നും ആനപ്രേമികൾ ആവശ്യപ്പെടുന്നു. രണ്ടാഴ്ച മുമ്പ് ഒന്നാം പാപ്പാൻ രാധാകൃഷ്ണൻ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഗോകുലിന് പാപ്പാന്മാരുടെ പീഡനം തുടങ്ങാനിടയായതെന്നാണ് ഉയർന്നിട്ടുള്ള ആരോപണം.
ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകി. തമ്പാനൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ അനന്തുവിന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.പിന്നീട് അനന്തു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി.
മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ദിനബു ഇടുക്കിയിലെ മൂന്നാറിൽ പിടിയിൽ. കൊച്ചി, റാഞ്ചി യുണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥർ മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
തമിഴ്നാട് ദിണ്ടിഗൽ കോടതിയിലെ ജഡ്ജിയെ നിയമ പരിശീലനത്തിനായി സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിലേക്ക് അയക്കാൻ രജിസ്ട്രിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നൽകി. ജഡ്ജി നിയമത്തിലെ അടിസ്ഥാന തത്വങ്ങൾ പഠിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. 2022 മെയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് ദിണ്ടിഗൽ സ്വദേശിയായ യുവാവിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത് വെറും മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും നിയമപരമായ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
ഇന്ത്യയെ പേരെടുത്ത് പറഞ്ഞും പ്രധാനമന്ത്രി മോദിയെ പേര് പറയാതെയും പ്രശംസിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ മഹത്തായ രാജ്യമെന്നും അതിനെ നയിക്കുന്നത് തൻ്റെ പ്രിയ സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിച്ച പ്രഖ്യാപനം നടത്തിക്കൊണ്ട് ലോകനേതാക്കൾക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വേദിയിലുണ്ടായിരുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ നോക്കിക്കൊണ്ട് ട്രംപ് പറഞ്ഞു.
യുവജന പ്രക്ഷോഭത്തെ തുടര്‍ന്ന് മഡഗാസ്‌കറില്‍ സൈനിക അട്ടിമറി. പ്രസിഡന്റ് ആന്‍ഡ്രി രാജോലീന രാജ്യം വിട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുവാക്കളുടെ നേതൃത്വത്തില്‍ മൂന്നാഴ്ചയായി നടന്നുവന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സൈനിക അട്ടിമറിയും പ്രസിഡന്റിന്റെ പലായനവും ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ സെനികര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംപ്രേക്ഷണകേന്ദ്രം പിടിച്ചെടുത്തു. ഇതോടെ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പ്രസിഡന്റിൻ്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.
സ്‌പേസ് എക്‌സിന്‍റെ സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ പതിനൊന്നാം പരീക്ഷണം ഏറെക്കുറെ വിജയം. ‘വേര്‍ഷന്‍ 2’ എന്ന പേരിട്ട് സ്‌പേസ് എക്‌സ് വിളിക്കുന്ന പ്രോട്ടോടൈപ്പിന്‍റെ പരീക്ഷണമാണ് തുടര്‍ച്ചയായ രണ്ടാം വിജയം കണ്ടത്. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് സ്റ്റാര്‍ഷിപ്പ് അടുക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ പരീക്ഷണ വിജയം. ടെക്‌സസിലെ ബൊക്ക ചിക്കയിലുള്ള സ്പേസ് എക്‌സിന്‍റെ സ്വന്തം സ്റ്റാര്‍ബേസില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് അഫ്ഗാൻ അധികൃതർ പ്രവേശനം നിഷേധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ ദിവസങ്ങളിൽ മൂന്ന് തവണ ഇവരുടെ വിസ അപേക്ഷകൾ നിരസിച്ചതായാണ് വിവരം.
