20250930 141121 0000

സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന കായിക ദിനാചരണ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്കരണം.

 

ഉദ്ഘാടനപരിപാടിക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹോൺ അടിച്ച് വന്നതല്ല വിഷയമെന്നും എന്തെങ്കിലും മന്ത്രിയുടെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട ബസ് സ്റ്റാൻഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നെന്നും ഇനി ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണ്‍ വിജയനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ഠറേറ്റ് സമൻസ് അയച്ചത് ലാവലിൻ കേസിൽ. രണ്ടു വര്‍ഷം മുമ്പാണ് ലാവലിൻ കേസിലെ കള്ളപ്പണം വെളിപ്പിക്കൽ പരാതിയുടെ അന്വേഷണത്തിന്‍റെ ഭാഗമായി വിവേക് കിരണ്‍ വിജയന് ഇഡി മൊഴിയെടുക്കുന്നതിനായി സമൻസ് അയച്ചത് എന്നാണ് വിവരം. ഇതിനിടെ, സമൻസ് ഉണ്ടെന്ന് എംഎ ബേബി സ്ഥിരീകരിച്ചത് ആയുധമാക്കുകയാണ് പ്രതിപക്ഷം.

 

മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇ ഡി നോട്ടീസ് കൊടുക്കുമ്പോൾ സിപിഎം അഖിലേന്ത്യ സെക്രട്ടറിക്ക് കൂടി നോട്ടീസ് കൊടുക്കുമോയെന്നും എം എ ബേബി എങ്ങനെ ഇത് അറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. കേസ് ഇല്ലാതായെന്നാണ് എംഎ ബേബി പറഞ്ഞത്. ഇഡി സമന്‍സ് ആവിയായതില്‍ സിപിഎം ബിജെപി ബാന്ധവം ഉണ്ടെന്നും ഇടനിലക്കാരുണ്ടെന്നും അദ്ദേഹം കൂട്ടീച്ചേര്‍ത്തു.

 

പാലക്കാട്ട് പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എത്തും. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് എംഎൽഎയുടെ പരിപാടി. എംഎൽഎയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും അറിയിക്കുന്നത്.

 

തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കത്തോലിക്ക സഭ. സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. അവഗണിക്കുന്നവരെ സഭ തിരിച്ചും അവഗണിക്കുമെന്നും അമ്പതോളം മണ്ഡലങ്ങളിൽ സഭക്ക് ശക്തമായ സ്വാധീനമുണ്ട് ക്രൈസ്തവ സമൂഹത്തെ അവഗണിച്ചാൽ ദോഷമുണ്ടാകുമെന്നും കത്തോലിക്കാ കോൺഗ്രസ്സ് വ്യക്തമാക്കി.

 

സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ ചേര്‍ന്നു. തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കണ്ണൻ ഗോപിനാഥൻ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

 

ശബരിമലയിൽ ദ്വാരപാലക പാളികളും തകിടുകളും സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതിനാൽ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ഹൈദരാബാദിൽ നാഗേഷ് എന്നയാളുടെ അടുത്ത് പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചു.

 

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

മുന്നണി സഹകരണം ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകി സികെ ജാനു. കഴിഞ്ഞ യുഡിഎഫ് യോഗം കത്ത് ചർച്ച ചെയ്തു. രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് അറിയിച്ചു. സി കെ ജാനുവുമായി സഹകരണം ആകാമെന്നാണ് നിലവിലെ യുഡിഎഫ് ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുഡിഎഫിൽ പ്രവർത്തിക്കാനുള്ള താൽപ്പര്യം സി കെ ജാനു അറിയിച്ചിരിക്കുന്നത്.

 

ശബരിമല സ്വർണക്കൊള്ള കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ളയെന്ന് ടി സിദ്ദിഖ് എംഎൽഎ. വലിയ ഗൂഢാലോചനയ്ക്ക് ശേഷമുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നത്. നിയമസഭയിൽ നാല് ദിവസമാണ് ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. പൊലീസ് സംരക്ഷണയിൽ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റി. തന്ത്രിമാർക്കെതിരെ പരസ്യമായി പ്രസംഗിച്ച ആളാണ് പിണറായി വിജയൻ. വിശ്വാസത്തെ തകർക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

 

കൊല്ലം പുനലൂർ വെഞ്ചേമ്പിൽ പച്ചയിൽ മലയിൽ വൻ മണ്ണിടിച്ചിൽ. ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ മണ്ണ് കുത്തിയൊലിച്ചു. വെഞ്ചേമ്പിലിലെ ജനവാസമേഖലയോട് ചേർന്ന പ്രദേശത്താണ് സംഭവം. ടൂറിസം കേന്ദ്രമായ പിനാക്കിൾ പോയിന്‍റിന് സമീപമാണ് വലിയ രീതിയിൽ മലയിൽ നിന്ന് മണ്ണിടിഞ്ഞത്. മലയുടെ ഒരു ഭാഗത്തുനിന്ന് ഇടിഞ്ഞുവീണ മണ്ണ് ഒലിച്ചെത്തി പ്രദേശത്തെ ഏക്കറുകണക്കിന് കൃഷി നശിച്ചു. മണ്ണിടിച്ചിലിനെ മുന്നറിയിപ്പായി കണ്ട് ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

വടകര തോടന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. രാജസ്ഥാൻ സ്വദേശി അനം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതര സംസ്ഥാന തൊഴിലാളി നിസാമുദ്ദീൻ്റെ മകളാണ് മരിച്ച അനം. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം അടക്കം പരിശോധനകൾ നടത്തുമെന്നാണ് വിവരം.

 

 

വാണിയംകുളത്തെ ഡിവൈഎഫ്ഐ ആക്രമണ കേസിലെ മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക് സെക്രട്ടറി രാകേഷ് ഷൊർണൂർ ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. രാകേഷിന്റെ നിർദേശ പ്രകാരമാണ് ഡിവൈഎഫ്ഐ നേതാക്കളായ ഹാരിസും സുർജിത്തും കിരണും വിനേഷിനെതിരെ ആക്രമണം നടത്തിയത്. പ്രതികൾ മർദ്ദിച്ച പനയൂർ സ്വദേശി വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

 

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ. കേരളാ തീരത്തെ ചെറുമത്തികളെ പിടിക്കരുതെന്നാണ് നിയന്ത്രണം. മത്തി ഇനി അധികം വളരില്ലെന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച സിഎംഎഫ്ആർഐ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ഭാവിക്ക് കുഞ്ഞുമീനുകളെ പിടിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.

 

കൊല്ലം നെടുവത്തൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒപ്പം താമസിച്ചിരുന്ന ശിവകൃഷ്ണൻ്റെ മർദ്ദനം കാരണമാണ് അർച്ചന കിണറ്റിൽ ചാടിയതെന്നാണ് നിഗമനം. കിണറ്റിൽ ചാടിയ അർച്ചനയെ ആണ്‍ സുഹൃത്ത് ശിവകൃഷ്ണൻ മർദ്ദിച്ചിരുന്നതായി അർച്ചനയുടെ മക്കൾ പറയുന്നു. കിണറ്റിൽ ചാടിയഅർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് കിണറിൻ്റെ കൈവരി തകർന്ന് മരിച്ചത്.

 

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്. അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് കാട്ടാനകൾ വീടിന്റെ ജനൽ തകർക്കുന്നതറിഞ്ഞ് കുഞ്ഞുമായി രക്ഷപെടാൻ പുറത്തിറങ്ങിയതായിരുന്നു മുത്തശ്ശി. ഈ സമയം വീടിന്റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.

 

തമിഴ്‌നാട്ടിലെ കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

 

സമാധാന കരാറിന്‍റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ഏഴുപേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിച്ചത്. ഇവരെ റെഡ് ക്രോസിന് കൈമാറി. ബാക്കിയുള്ള 13 ഇസ്രയേൽ ബന്ദികളുടെ മോചനവും നടക്കും. ഇവരെ ഇന്ന് തന്നെ മോചിപ്പിക്കും. സമാധാന കരാറിന്‍റെ ഭാഗമായി 1966 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും.

 

കുവൈത്തിലെ ജാബർ അൽ അഹ്മദ് ആശുപത്രിയിലെ രോഗിയിൽ വിദൂര റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. ജഹ്റ ആശുപത്രിയിലിരുന്നാണ് സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് സർജിക്കൽ റോബോട്ടിനെ നിയന്ത്രിച്ചത്. ജാബർ ആശുപത്രിയിലെ ഗൈനക്കോളജിക്കൽ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. വഫാ അൽ ദുവൈസാൻ, ഈ ചരിത്ര സംഭവത്തിൽ പങ്കെടുത്തതിൽ അഭിമാനം രേഖപ്പെടുത്തി.

 

ഐആർസിടിസി അഴിമതി കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മറ്റ് പ്രതികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ദില്ലി കോടതി. ലാലു പ്രസാദ് യാദവ് ഗൂഢാലോചനയിൽ ഏർപ്പെടുകയും സ്ഥാനം ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവരുൾപ്പെടെയുള്ള പ്രതികൾക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

 

രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം. പശ്ചിമബംഗാളിൽ താലിബാൻ ഭരണമാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചോദിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്നത് മമത സർക്കാർ അംഗീകരിക്കുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം, സംസ്ഥാനത്ത് സ്ത്രീകൾക്ക് ജോലിക്ക് പോലും പുറത്തിറങ്ങാൻ പറ്റാതായെന്ന് കുറ്റപ്പെടുത്തി.

 

അതിര്‍ത്തിയിലെ പോരാട്ടത്തില്‍ അവകാശവാദങ്ങള്‍ തുടര്‍ന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. പാക് സൈന്യം 200ലേറെ താലിബാന്‍ ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭീകകരും ഉള്‍പ്പെട്ടെന്നും പാക് സൈന്യം വ്യക്തമാക്കി. താലിബാൻ ക്യാമ്പുകൾ, പോസ്റ്റുകൾ, തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍, അഫ്ഗാൻ പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ശൃംഖലകൾ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ സൈന്യം കൃത്യമായ ആക്രമണങ്ങളും റെയ്ഡുകളും നടത്തിയതായാണ് വിവരം.

 

ജപ്പാനിൽ 4,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇൻഫ്ലുവൻസ പകർച്ചവ്യാധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിവേഗം പടരുന്ന വൈറസ് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സെപ്റ്റംബർ 22ന് ആരംഭിച്ച ആഴ്ചയിൽ രാജ്യത്തുടനീളമുള്ള ഏകദേശം 3,000 ആശുപത്രികളിൽ നിന്നായി 4,030 ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.

 

ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേലിലെത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ടെൽ അവിവ് ബീച്ചിൽ ‘നന്ദി ട്രംപ്’ (Thank you trump) എന്ന് ബാനർ എഴുതിയാണ് ഇസ്രയേൽ ട്രംപിനെ സ്വീകരിച്ചത്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *