20250930 141121 0000

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിന്. ആറ്റിങ്ങൽ ഭഗവതി ഏജൻസി വഴി കൊച്ചിയിൽ ഏജന്‍റ് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഈ മഹാഭാഗ്യം. ഭാഗ്യശാലിയെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് കേരളം’ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്.

 

ശബരിമല സ്വർണപ്പാളി വിവാദങ്ങൾ കൂടുതലായി ഉയരുന്ന സാഹചര്യത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയിൽ നേരിട്ട് ഇടപാടുകൾ നടത്തുമെന്നാണ് തീരുമാനം. 2019ൽ ചെന്നൈയിൽ സ്വർണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാർട്ട്‌ ക്രിയേഷൻസ് വാറന്റി എഴുതിയത്. 40 വർഷത്തേക്കായിരുന്നു വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണ് ബോർഡിന് വരുന്നത്.

 

ശബരിമലയിലെ ദ്വാരപാലകരുടെ ശിൽപത്തിൽ‌ 1999 ൽ സ്വർണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു. 1999 മെയ് 4 നാണ് ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതെന്നാണ് രേഖകൾ. 1999 മാർച്ച് 27 ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് സ്വർണം പൊതിഞ്ഞത്. വീണ്ടും സ്വർണം പൂശാൻ വേണ്ടിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത്. ഹൈക്കോടതിയുടേതാണ് കണ്ടെത്തൽ.

 

വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത് സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമലയില്‍ വിശ്വാസം ഇല്ലാത്തവർ അധികാരത്തിൽ കയറിയതിന്‍റെ പ്രശ്നമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാണിക്ക പോലും അടിച്ചു മാറ്റുകയാണ്, വിജയ് മല്യ കൊടുത്ത സ്വർണ്ണം ചെമ്പ് ആകുന്ന മറിമായം , വസ്തുത പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സുവര്‍ണാവസരമായി പ്രതിപക്ഷവും ബിജെപിയും ഉപയോഗിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ മേഖലയില്‍നിന്നും കിട്ടിയ പിന്തുണ കാരണമാണ് ദേവസ്വംബോര്‍ഡിനെതിരെ ആരോപണങ്ങളുയര്‍ത്തുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

 

ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ വിചിത്രവാദവുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശില്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ലെന്നും സ്വർണ്ണ കളർ ഉള്ള പെയിന്റ് ആയിരുന്നുവെന്നുമാണ് പോറ്റിയുടെ പുതിയ വാദം. ആ പെയിന്റ് മങ്ങിയതുകൊണ്ടാണ് സ്വർണ്ണം പൂശാൻ തന്നെ ഏൽപ്പിച്ചത്. തനിക്ക് കിട്ടിയത് സ്വർണ്ണപ്പാളി അല്ല പെയിന്റ് അടിച്ച ചെമ്പു പാളിയാണ്. പെയിന്റ് ആയതുകൊണ്ടാണ് നിറംമങ്ങുന്നത് എന്നാണ് ദേവസ്വം അധികൃതർ തന്നോട് പറഞ്ഞിരുന്നതെന്നും പോറ്റി പറയുന്നു.

 

ശബരിമലയിലെ ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചുവെന്നും പണപ്പിരിവായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ട്. പെന്തുർത്തിയിലെ അയ്യപ്പക്ഷേത്രം സ്ഥാപിച്ചത് 2020ലാണ്, ശബരിമല മാതൃകയിലുള്ള ക്ഷേത്രം നിർമിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്. ക്ഷേത്രത്തിന് ഉത്തര ആന്ധ്ര ശബരിമല എന്ന പേര് നൽകിയതും ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് വിവരം.

 

ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം പുറത്തുവരട്ടെയെന്ന് നടൻ ജയറാം. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും വർഷങ്ങൾക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ല. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് അന്ന് പൂജയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 

സ്വർണപ്പാളി കാണാതായതിൽ സമഗ്ര അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി സംഘം സെക്രട്ടറി സുരേഷ് വർമ. 1998ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞു എന്നാണ് രേഖകൾ.2019ൽ കൊണ്ടു പോയത് ചെമ്പാണെങ്കിൽ സ്വർണം എവിടെയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിൽ നിന്ന് സാധനങ്ങൾ കൊണ്ടു പോകുന്നതിന് മാർഗ്ഗരേഖയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വർണ്ണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും മാത്രമല്ല തിരുവാഭരണം പൊലീസ് അകമ്പടിയിലാണ് കൊണ്ടുപോയത് കമ്മീഷണറും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

 

ചന്ദനത്തൈകൾ നട്ടുവളർത്തി കർഷകർക്ക് വരുമാനമുണ്ടാക്കാൻ അവസരമൊരുക്കുമെന്ന് വനം-വന്യജീവി സംരക്ഷണവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആദ്യപടിയായി സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽപ്പന നടത്താനുള്ള നിയമനിർമാണം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും ഒരു കോടി ചന്ദനത്തൈകൾ കേരളത്തിലുടനീളം നട്ടുവളർത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

എയിഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണ തീരുമാനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്. വിദ്യാഭ്യാസമന്ത്രിക്ക് ധാർഷ്ട്യത്തിന്റെ ഭാഷയെന്ന് ഗ്ലോബൽ ഡയറക്ടർ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു. എയിഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

 

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം വള്ളംകളി മത്സരം ഇന്ന് മൂവാറ്റുപുഴയാറിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ചടങ്ങിൽ മുഖ്യ സന്ദേശം നൽകും.നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.

 

സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകാൻ പോകുകയാണെന്ന് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയോടൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ദില്ലിയിൽ സന്ദര്‍ശിച്ച ഘട്ടത്തിൽ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയ,ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ,ഗൂഗിൽ കമ്പനി ഭാരവാഹികളടക്കം പതിനൊന്ന് പേർക്കെതിരെ ആണ് കേസ്.

 

തീവ്ര ചുഴലിക്കാറ്റായ ‘ശക്തി’ വടക്ക് കിഴക്കൻ അറബികടലിൽ തുടരുന്നു. തെക്ക് പടിഞ്ഞാറു ദിശയിൽ നിലവിൽ സഞ്ചാരിക്കുന്ന ‘ശക്തി’ തിങ്കളാഴ്ചയോടെ ദിശ മാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ നീങ്ങി ശക്തി കുറയാൻ സാധ്യത. ഇനി മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

 

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. ഗസയിലും പലസ്തീനിലും അടക്കം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിന്‍റെ അടക്കം കാണിച്ചു കൊണ്ടാണ് മൈം അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.

 

കുമ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ വിവാദത്തിൽ എംഎസ്എഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. എസ് എഫ് ഐയും പ്രതിഷേധവുമായി സ്കൂളിലേക്കെത്തി. മണിക്കൂറുകളോളം എംഎസ്എഫ് പ്രതിഷേധിച്ചു. സ്കൂളിൽ രാവിലെ പിടിഎ യോഗം നടന്നിരുന്നു. പരിപാടി നിർത്തിച്ച അധ്യാപകനെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

 

പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തിരുന്നു.

 

കുടുംബവഴക്കിനെ തുടർന്ന് രണ്ടാംഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം കൊക്കയിൽ തള്ളി. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ മൃതദേഹമാണ് 60 കിലോമീറ്റർ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കണ്ടെത്തിയത്. ഭർത്താവ് സാം കെ. ജോർജിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ കുടുംബ വഴക്കും കോടതികളില്‍ കേസും നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജെസിയെ സാം ജോര്‍ജ്ജ് കൊലപ്പെടുത്തി റബര്‍ തോട്ടത്തിലെ കൊക്കയിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചെന്ന് പരാതി. അന്വേഷണത്തില്‍ തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡിഇജി കണ്ടെത്തിയിട്ടുണ്ട്. കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഇത് കണ്ടെത്തിയത്. മധ്യപ്രദേശ് സർക്കാരിന്‍റെ അഭ്യർത്ഥന പ്രകാരമാണ് തമിഴ്നാട് എഫ്ഡിഎ സാമ്പിൾ ശേഖരിച്ചത്. കേന്ദ്ര സംഘങ്ങളുടെ പരിശോധന മേഖലയിൽ തുടരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രധാന ചുവടുവെപ്പ് എന്നാണ് ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായകമായ മുന്നേറ്റം കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നുവെന്നും ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു.

 

പാക് അധിനിവേശ കാശ്മീരിൽ നടന്ന അതിശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ സമരക്കാർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്ഥാൻ സർക്കാർ അംഗീകരിച്ചു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സർക്കാർ അംഗീകരിച്ചു. മുസാഫറാബാദ്, മിർപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയാണ് പ്രക്ഷോഭം നയിച്ചത്.

 

ചുമ സിറപ്പുകൾ കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് കർശന നടപടികളുമായി രാജസ്ഥാൻ സർക്കാർ. വിഷയത്തിൽ സംസ്ഥാന ഡ്രഗ് കൺട്രോളർ രാജാറാം ശർമ്മയെ സസ്‌പെൻഡ് ചെയ്തു. കൂടാതെ, ഡെക്‌സ്‌ട്രോമെത്തോർഫൻ അടങ്ങിയ നിശ്ചിത കഫ് സിറപ്പുകളുടെ വിൽപ്പന സംസ്ഥാനത്ത് നിരോധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 12 കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

 

രാഹുൽ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് ലക്നൗവിലെ കോൺഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ പരിഹാസവുമായി ബിജെപി. വിവരമില്ലാത്തവരാണ് ഇരുവരെയും താരതമ്യം ചെയ്യുന്നതെന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്ക് പറഞ്ഞു.ശ്രീരാമന്‍റെ അസ്തിത്വം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചവരാണ് കോൺഗ്രസുകാരെന്നും , രാജ്യത്തോട് മാപ്പ് പറയണമെന്നും പതക്ക് ആവശ്യപ്പെട്ടു.

 

ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ രാജ്യങ്ങളിലെ പരിശീലകര്‍ക്ക് ദില്ലിയിൽ തെരുവ് നായ്കളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ദില്ലി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് സംഭവം. കെനിയയുടെ സ്പ്രിന്റ് കോച്ചിനും ജപ്പാന്റെ അസിസ്റ്റന്റ് കോച്ചിനുമാണ് കടിയേറ്റത്. ഇരുവരെയും ഉടൻതന്നെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *