മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ടെന്നും അവർ അധാർമികതയുടെ ഏതറ്റം വരെയും പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്ണും ആ സംഭവത്തിന് ചില മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നൽകിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
കൊടകര കുഴല്‍ പണക്കേസ് ലോക് സഭയിലുന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കേസ് അന്വേഷണം ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കേന്ദ്രനേതാക്കളില്‍ നിന്നാണ് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്നും അന്വേഷണം നേതാക്കളിലേക്ക് പോകാതെ കള്ളപ്പണ കേസായി മാത്രം കണ്ട് അട്ടിമറിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. ഇഡി ബിജെപി ഭായി ഭായി എന്ന് വിളിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ ബി ജെ പി അംഗങ്ങളും ബഹളം വച്ചു. സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സംസാരിക്കാന്‍ കൊടിക്കുന്നിലിന് ചെയര്‍ അവസരം നല്‍കിയില്ല. തുടര്‍ന്ന് കോൺഗ്രസ്, യുഡിഎഫ് എംപിമാർ ലോക്സഭയില്‍ നിന്ന് ഇറങ്ങിപോയി.
വന്യമൃഗങ്ങളെ കൊല്ലാൻ പറയാൻ തനിക്കാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. കേരളത്തിലെ വന്യമൃഗ ആക്രമണം സംബന്ധിച്ച് രാജ്യസഭയിൽ ഇടത് എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. കേരളത്തിലെ സ്ഥിതി ഗൗരവമുള്ളതെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. വന്യജീവികളും മനുഷ്യ ജീവനുകളും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ ഇന്ന് വൈകീട്ട്. കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അതോടൊപ്പം
നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സർക്കാർ എല്ലാവരെയും കേൾക്കുമെന്നും ഭൂമി ഏറ്റെടുക്കലിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും കോടതി വിധി തടസമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നിൽ ഉള്ളതെന്നും ഇതിൽ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ടെന്നും ഇതിൽ ആർക്കും യാതൊരു സംരക്ഷണവും നൽകില്ലെന്നും നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം 72 ക്യാമ്പുകളിലാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നതെന്നും ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം നടക്കുന്നത് 89 ക്യാമ്പുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രിൽ മാസം ആരംഭിക്കുന്നതിന്റ റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.2024 ഫെബ്രുവരിയിൽ റവന്യൂ മന്ത്രി കെ രാജനും വനം മന്ത്രി എ കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് കേന്ദ്രാനുമതി ലഭിച്ചത്.
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് ആവശ്യം.പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കിൽ ബസ് സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.
ഒന്നാം ക്ലാസിൽ ചേർക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തുന്നത് കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി വി ശിവൻകുട്ടി. 2026- 27 അധ്യയന വർഷം മുതൽ സ്കൂൾ പ്രവേശന പ്രായം ആറു വയസ്സാകുമെന്നും നിലവിൽ 52 ശതമാനം കുഞ്ഞുങ്ങളും ആറു വയസ്സിലാണ് സ്കൂൾ പ്രവേശനം തേടുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് നിയമസഭയിൽ ചെയ്ത പ്രസംഗം നീണ്ടുപോയപ്പോള്‍ സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎൽഎ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണ് തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയതെന്നും സ്വാഭാവികമായും അൽപം ഉശിര്’ കൂടുമെന്നും അദ്ദേഹത്തിൻ്റെ കുറിപ്പിലുണ്ട്.
ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ പുതുക്കിയതില്‍ വിയോജിപ്പുമായി ജോയിന്‍റ് കൗൺസിൽ.മരണ സമയത്ത് ആശ്രിതനായ കുട്ടിക്ക് 13 വയസ്സ് കഴിഞ്ഞിരിക്കണമെന്ന് നിബന്ധന മാറ്റണമെന്ന് ജോയിന്‍റ് കൗൺസിൽ ജനറൽ സെക്രട്ടറി പറഞ്ഞു. യൂണിഫോം പോസ്റ്റിൽ എത്രശതമാനം എന്ന കാര്യത്തിൽവ്യക്തതയില്ലെന്നും ഒഴിവുകൾ കോമൺപൂളിലേക്ക് മാറ്റുന്നത് സ്വാഗതാർഹമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പിജി ദീപക് കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വെറുതെ വിട്ട അഞ്ചു പ്രതികൾ കുറ്റക്കാരാണെന്നു ഹൈക്കോടതി. ഒന്ന് മുതൽ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് അപ്പീലിൽ ഹൈക്കടോതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. 2015 മാർച്ച് 24 -ാം തീയതി ആണ് ദീപക്ക് കൊല്ലപ്പെട്ടത്.
യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് മാസം തോറും 2100 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒമ്പത്പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇതിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്.
കരുവന്നൂര്‍, കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഖിൽ ജിത്തിനും ജാമ്യം ലഭിച്ചു. വിചാരണ ഇല്ലാതെ ഇവർ 1.5 വർഷമായി റിമാൻഡിലായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.
എം കെ രാഘവൻ ചെയർമാനായ കണ്ണൂർ മാടായി കോളേജ് കോളേജിലെ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകരാണ് ഹർജി നൽകിയത്. രാഘവന്റെ ബന്ധുവിന്റേത് ഉൾപ്പെടെ നാല് നിയമനങ്ങൾ റദാക്കണം എന്നാണ് ആവശ്യം. പണം വാങ്ങിയാണ് നിയമനമെന്നും നടപടിക്രമം പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച ഷഹബാസിന്റെ കുടുംബവും ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു. ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കുള്ള പങ്ക് അന്വേഷിക്കുക, കുട്ടികൾക്ക് രക്ഷിതാക്കൾ നൽകിയ പ്രേരണ അന്വേഷണത്തിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ പോലീസിന് ഉണ്ടായ വീഴ്ച അന്വേഷിക്കുക, പ്രതി യാസിറിന് തക്കതായ ശിക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്.
മലപ്പുറം തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്ന കേസിൽ പ്രതി പിടിയിൽ. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്. വീട്ടിൽ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. മുൻ കാപ്പ കേസ് പ്രതി കൂടിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
പത്തനംതിട്ട കലഞ്ഞൂരിൽ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രദേശവാസിയായ പ്രവീൺ പൊലീസിന്‍റെ പിടിയിലായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്നലെ രാത്രിയാണ് കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിൺ ബാങ്കിൻ്റ എടിഎമ്മിൽ മോഷണശ്രമം ഉണ്ടായത്.
എംഎസ്പി ക്യാമ്പിലെ മലിനജലം സമീപത്തെ ജനവാസ മേഖലയിലെ തോട്ടിലേക്ക് ഒഴുക്കിവിടുന്നുവെന്ന് പരാതി. രൂക്ഷമായ ദുർഗന്ധവും കൊതുക് ശല്യവും കൊണ്ട് പൊറുതിമുട്ടിയെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ സ്പെഷ്യല്‍ പൊലീസിന് നോട്ടീസ് നല്‍കാനാണ് നഗരസഭയുടെ തീരുമാനം.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന്‍റെ വൈക്കത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ആരോപിച്ചാണ് ഇന്ന് രാവിലെയാണ് വൈക്കം കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. സെൻട്രലൈസ്ഡ് ആയി ബില്ലടച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഭൂമി റീസർവേ ചെയ്യുന്നതിന് സർക്കാർ ഫീസ് എന്ന പേരിൽ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിനെതിരേ കേസെടുത്ത് വിജിലൻസ്. തിരുവനന്തപുരം മണക്കാട് വില്ലേജ് ഓഫീസിൽ അസിസ്റ്റന്റായിരുന്ന ഗിരീശനെതിരേയാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നും എഫ്ഐആർ. മൺവെട്ടി ഉപയോഗിച്ച് സന്തോഷിന്‍റെ മുറിയുടെ വാതിൽ തകർത്തുവെന്നും വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം നഗരത്തിൽ കഞ്ചാവിന്റെ മൊത്തവിൽപന നടത്തിയിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. പൂജപ്പുര ,അമ്മു ഭവനില്‍ അരുണ്‍ ബാബു (36), മഞ്ചാടി സ്വദേശിയായ മകം വീട്ടിൽ പാർത്ഥിപൻ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കഞ്ചാവുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ കുടുക്കിയത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്പീക്കർ ശകാരിച്ച സംഭവത്തിൽ ബിജെപി വീഡിയോ പ്രചരിപ്പിച്ചതിൽ കോൺഗ്രസിന് കടുത്ത അതൃപ്തി. സ്പീക്കറോട് ഇക്കാര്യം ഉന്നയിക്കും. എംപിമാർക്ക് ഒരു വിശദീകരണവും നൽകാൻ ഓം ബിർലക്ക് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിലെ രണ്ട് എംപിമാർ മാത്രം വന്നാൽ കാര്യം വിശദീകരിക്കാം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുൽ പ്രിയങ്കയോട് വാത്സല്യം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ബിജെപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഉത്തർപ്രദേശിലെ ലഖ്നൌവിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികളെ പാർപ്പിച്ചിരുന്ന അഭയകേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ. അഭയകേന്ദ്രത്തിൽ അന്തേവാസികളായിരുന്ന മൂന്നു കുട്ടികൾ മരിച്ചു. ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വഷണം തുടങ്ങി.
ത്രിഭാഷ പദ്ധതിയെ എതിര്‍ക്കുന്ന സ്റ്റാലിന്‍സര്‍ക്കാരിന് പ്രകോപനവുമായി കേന്ദ്രസര്‍ക്കാര്‍.ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും.നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഹിന്ദിയിൽ കാലാവസ്ഥ അറിയിപ്പുകൾ നൽകുന്നത്.ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്രനീക്കം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാരഡി ഗാനത്തിലൂടെ പരിഹസിച്ച കൊമീഡിയൻ കുനാൽ കമ്രക്കെതിരെ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.
ഒമാനിലെ മസ്കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം വൈകി. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്‍പ്രസ് IX 550 വിമാനമാണ് നാല് മണിക്കൂറിലേറെ വൈകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മസ്കറ്റില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. കാറിന്റെ നിർമാണം യു.എസിലാണ് നടത്തുന്നതെങ്കിൽ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു. യു.എസിൽ വാഹന നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഗാസയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഗാസയിലെ സെയ്തൂന്‍, ടെല്‍ അല്‍ ഹവ എന്നിവിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 1.42 ലക്ഷം പലസ്തീനികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ആക്രമണം തുടരും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.