വൈദ്യുതി നിരക്ക് യൂണിറ്റിന് 80 പൈസ വരെ നിരക്കില്‍ ജൂലൈ ഒന്നിനു വര്‍ധിപ്പിച്ചേക്കും. കെഎസ്ഇബ സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പു പൂര്‍ത്തിയാക്കി.
വധശിക്ഷക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് നിര്‍ദേശം. ജയിലില്‍ പ്രതികള്‍ക്കു മാറ്റമുണ്ടായിട്ടുണ്ടോയെന്ന് ജയില്‍ ഡിജിപിയോടും റിപ്പോര്‍ട്ട് തേടി.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് 25,000 കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ സംഭവത്തല്‍ പാക് ബോട്ടിന്റെ ലഹരിസംഘം ഇന്ത്യന്‍ നഗരങ്ങളില്‍ ഉണ്ടോയെന്നു പരിശോധിക്കുന്നു. പാക് ലഹരിസംഘം ലക്ഷദ്വീപിലേക്കും ശ്രീലങ്കയിലേക്കും ലഹരി എത്തിക്കാനായിരുന്നു പരിപാടിയിട്ടത്. നാവികസേന പിന്തുടര്‍ന്നതോടെ അന്താരാഷട്ര കപ്പല്‍ ചാലിലേക്ക് ബോട്ട് വഴി മാറ്റുകയായിരുന്നു. മുക്കിയ കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന് ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. ഹാജി സലീം നെറ്റ്വര്‍ക്കാണ് ലഹരി മാഫിയക്കു പിറകില്‍.
കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കായി ഇന്നലെ രാത്രി 11 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ഡോയല്‍. ചികില്‍സയ്ക്കിടെ ഇയാള്‍ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മെഡിക്കല്‍ കോളേജിലെ ഡോ. ഇര്‍ഫാന്‍ ഖാന്റെ പരാതിയില്‍ പറയുന്നത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റു ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ രോഗി പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ വേദനിച്ചെന്ന് പറഞ്ഞ് ബഹളംവച്ച് ആക്രമിക്കുകയായിരുന്നെന്നാണു പരാതി.
കൊട്ടാരക്കര ജനറല്‍ ആശുപത്രിയില്‍ ജോലിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ
പ്രതി സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകും. പ്രതിക്കു വേണ്ടി അഡ്വ. ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു.
ഡോക്ടര്‍ വന്ദനദാസിനു നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസിന്റെ ഉപവാസം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തിലാണ് സമരം.
പാലക്കാട് കോട്ടയ്ക്കു ചുറ്റും നടക്കുന്നവരില്‍നിന്ന് ഫീസ് ഈടാക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ്. പ്രതിവര്‍ഷം 600 രൂപയാണു ഫീസ്. നത്തക്കാര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടും നിരവധി പേരാണ് ഇവിടെ നടക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് അടക്കമുള്ളവര്‍ യുഡിഎഫില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍ എംപി. ‘തെറ്റിദ്ധാരണ മൂലമാണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണം. പക്ഷേ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
സംഭരിച്ച നെല്ലിന്റെ പണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന്. കുട്ടനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പാടശേഖരസമിതികള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. വെള്ളിയാഴ്ച മങ്കൊന്പിലെ പാഡി ഓഫീസിനു മുന്നില്‍ കര്‍ഷക സംഗമം നടത്തും.
കൊച്ചിയില്‍ രാത്രി സിഐ അടക്കമുള്ള പോലീസ് സംഘത്തിനുനേരെ ആക്രമണം നടത്തിയ യുവനടനും എഡിറ്ററും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍രാജ് എന്നിവരാണു പിടിയിലായത്.
പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് തുടക്കമായി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.
ശബരിമലയുടെ ഭാഗമായ പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്നാട് സ്വദേശി നാരായണനെതിരേ കേസ്. അനധികൃതമായി വനത്തില്‍ കയറിയതിനാണ് കേസ്. ശബരിമലയില്‍ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണന്‍.
സിനിമ നിര്‍മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. തൃശൂര്‍ പട്ടിക്കാട്ടെ വീട്ടില്‍ ആയിരുന്നു അന്ത്യം. സൂപ്പര്‍ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ 22 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ ആദ്യ രണ്ടു വര്‍ഷം തനിക്കു മുഖ്യമന്ത്രിയാകണമെന്ന് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്ന ഹൈക്കമാന്‍ഡ് ഫോര്‍മുല തിരുത്തണമെന്നാണ് ആവശ്യം. ശിവകുമാര്‍ സോണിയ ഗാന്ധിയെ കാണാന്‍ ശ്രമിച്ചെങ്കില്‍ അവര്‍ സിംലയിലാണ്. നേതൃത്വത്തന്റെ സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പു നല്‍കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.