നിയമസഭയില്‍ അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതോടെ നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. അടുത്ത ദിവസങ്ങളിലേക്കു നിശ്ചയിച്ചിരുന്ന ധനാഭ്യര്‍ത്ഥനകള്‍ ഉച്ചയ്ക്കു മുമ്പുതന്നെ പാസാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷ സമരത്തെ അവഗണിച്ചു നിഷ്പ്രഭമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭയില്‍ ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും ഭരണപക്ഷം അനുവദിച്ചില്ല.
നിയമസഭക്കുള്ളിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് അഞ്ച് എംഎല്‍എമാരുടെ നിരാഹാര സമരം. ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നീവരാണു സഭയുടെ നടുത്തളത്തില്‍ നിരാഹാര സമരം തുടങ്ങിയത്. ഇന്നും പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തിയത്. പ്രതിപക്ഷ സമരങ്ങള്‍ സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. ധിക്കാരം നിറഞ്ഞ നടപടികളാണ് സര്‍ക്കാരിന്റേതെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുന്‍ സിഇഒ യു വി ജോസിനെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ സന്തോഷ് ഈപ്പനെ യുവി ജോസിനു പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് കഴിഞ്ഞ ദിവസം യു വി ജോസ് മൊഴി നല്‍കിയിരുന്നു. സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് യു.വി ജോസിനെ വീണ്ടും ചോദ്യംചെയ്യുന്നത്.
പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടിക്രമം പാലിക്കാതെ കേസെടുത്തത് നിയമസഭയുടെ അവകാശലംഘനമാണെന്ന് രമേശ് ചെന്നിത്തല. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് നല്‍കിയ തെറ്റായ പരാതി നേരിട്ട് പൊലീസിന് കൈമാറി ഏഴു പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ പ്രകാരം കേസെടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവും സഭയുടെ ചട്ടങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും വിരുദ്ധവുമാണെന്ന് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു കത്ത് നല്‍കി.
നിയമസഭയില്‍ സിപിഎമ്മിനെതിരെ മുന്‍മന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന്‍. തന്നെ ആക്രമിച്ച കേസില്‍ ആര്‍എസ്എസുകാരായ പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മുകാരായ മൂന്നു സാക്ഷികള്‍ കൂറുമാറിയതാണ് കേസ് തള്ളിപ്പോകാന്‍ കാരണമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കേസില്‍ ആരും കൂറുമാറിയിട്ടില്ലെന്ന് കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി പറഞ്ഞപ്പോഴാണ് ചന്ദ്രശേഖരന്‍ തിരുത്തിയത്.
വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും. ഫാരിസിന്റെ ശോഭ ഗ്രൂപ്പ് അടക്കമുള്ളവരുമായുള്ള ഭൂമിയിടപാടുകളില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കൊച്ചിയിലടക്കം പലയിടത്തും തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ ലാന്‍ഡ് ബാങ്ക് സ്വന്തമാക്കിയതിനെക്കുറിച്ചാണ് അന്വേഷണം.
തങ്ങളും മുന്‍പ് ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്, ഇതുപോലെ പ്രതിഷേധം സഭയില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇത് എവിടുത്തെ സമരം ആണെന്നാണ് യുഡിഎഫ് കാലത്ത് നിയമസഭ തല്ലിത്തകര്‍ത്ത മന്ത്രി ശിവന്‍കുട്ടിയുടെ ചോദ്യം.
വിമാനത്തിനുളളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം വിളിച്ചതിന് വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു പോലീസ് എടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. പ്രതികള്‍ക്കെതിരെ വ്യോമയാന വകുപ്പ് ചുമത്തി കേസ് കൂടുതല്‍ ഗുരുതരമാക്കാനാണ് ഈ നീക്കം. ഇതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ വിമാനത്തില്‍ തള്ളി താഴെയിട്ട ഇ.പി.ജയരാജനെതിരായ കേസില്‍ റിപ്പോര്‍ട്ട് കോടതിയില്‍ വൈകാതെ സമര്‍പ്പിക്കും.
മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. യുഡിഎഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. 1968 ലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്.
കറുകുറ്റിയില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണ രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ം കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബെംഗളൂരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.
തിരുവനന്തപുരം പേട്ടയില്‍നിന്ന് കാണാതായ പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ കണിയാപുരത്തുനിന്നും കണ്ടെത്തി. വീട്ടില്‍നിന്ന് ഇന്നു രാവിലെയാണ് കുട്ടിയെ കാണാതായത്. അമ്മ പരാതി നല്‍കിയിരുന്നു.
വിവാഹത്തലേന്ന് കൂട്ടുകാര്‍ക്കൊപ്പം കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് മരണം.
പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറാന പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആന്റോ(29) ആണ് അറസ്റ്റിലായത്.
കര്‍ഷകരുടെ ദേശീയ പ്രക്ഷോഭത്തിനു തീയതി നിശ്ചയിക്കാന്‍ കിസാന്‍ മോര്‍ച്ചയുടെ ദേശീയ നിര്‍വഹക സമിതി മുപ്പതിന് ചേരും. സംസ്ഥാനങ്ങളിലെ സമരങ്ങളുടെ പദ്ധതി പ്രഖ്യാപനവും നടക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കാല്‍നട ജാഥയ്ക്കും ആലോചനയുണ്ട്
ബിജെപിയെ 2024 ല്‍ താഴെയിറക്കാന്‍ ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പ്രയാസമാണെന്നു രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം. ഹിന്ദുത്വ, ദേശീയത, ക്ഷേമവാദം എന്നീ മൂന്ന് നിലകളുള്ള ഒരു തൂണാണ് ബിജെപിക്കുള്ളത്. ഈ രണ്ട് തലങ്ങളെങ്കിലും പ്രതിപക്ഷത്തിനു് ബിജെപിയെ മറികടക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് ബിജെപിയെ തോല്‍പിക്കാന്‍ കഴിയില്ല. പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഡല്‍ഹി മദ്യനയ കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യുന്നു. മാര്‍ച്ച് 11 ന് കവിതയെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രാഷ്ട്രീയമായി വേട്ടയാടുന്നതല്ലാതെ തനിക്കെതിരേ ഒരു തെളിവുമില്ലെന്നു കവിത പറഞ്ഞു.
മുംബൈ വിമാനത്താവളത്തില്‍ 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യന്‍ സ്വദേശി പിടിയില്‍. മുംബൈയിലെ ഹോട്ടലില്‍ ലഹരി മരുന്ന് കൈപറ്റാന്‍ എത്തിയ നൈജീരിയക്കാരനും അറസ്റ്റില്‍.
ബംഗാളില്‍ അനധികൃത പടക്ക നിര്‍മാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിര്‍മാണ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്.
താന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണമെന്നും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ ആറ്റ ബന്ദിയാലിക്കു സന്ദേശം അയച്ചു. തനിക്കെതിരായ കേസുകള്‍ ഒരുമിച്ച് ആക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും. അവിഹിത ബന്ധ വിവരം മറച്ചുവയ്ക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് രഹസ്യമായി പണം നല്‍കിയെന്ന കേസിലാണ് ട്രംപ് കുടുങ്ങുന്നത്. കേസ് കുത്തിപ്പൊക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്നു ട്രംപ് ആരോപിച്ചു.
യുഎസ് ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫ് ആയി ഇന്ത്യന്‍ വംശജയായ നിഷ ദേശായി ബിസ്വാളിനെ നിയമിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് നിഷയുടെ പേര് നിര്‍ദേശിച്ചത്. യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കാണ് ഇന്ത്യന്‍ വംശജയെ ബൈഡന്‍ ശുപാര്‍ശ ചെയ്തത്.