mid day hd 7

 

റോഡ് ക്യാമറ വേട്ട തുടങ്ങി നാലു ദിവസം പിന്നിട്ടിട്ടും മോട്ടോര്‍ വാഹന ലംഘനത്തിനു നോട്ടീസ് അയക്കാനായത് മൂവായിരത്തോളം പേര്‍ക്കു മാത്രം. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങള്‍ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലമാണു നോട്ടീസ് അയക്കാനാകാത്തത്. പ്രശ്‌നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

വിമാനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്‌തെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയില്‍ ജയരാജനെ കുറ്റമുക്തനാക്കാനുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ ഫര്‍സീന്‍ മജീദ് രംഗത്ത്. തെളിവു മറച്ചുവച്ചാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും ഫര്‍സീന്‍ മജീദ്.

സി.പി.എം. ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാന്റിനു സ്റ്റോപ്പ് മെമ്മോ നല്‍കാത്തതില്‍ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവം ഐ.ജി.യുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി.

മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീമഹേഷ് ഭാര്യയേയും കൊലപ്പെടുത്തിയതാണെന്നു സംശയമുണ്ടെന്ന് ഭാര്യയുടെ മാതാപിതാക്കള്‍. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ടു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണന്‍ പറഞ്ഞു. ആത്മഹത്യക്കു ശ്രമിച്ച ശ്രീമഹേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്.

കഞ്ചിക്കോട് കണ്ടയ്‌നര്‍ ലോറിക്കു പിറകില്‍ ബസിടിച്ച് ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരടക്കം പത്തു പേര്‍ക്കു പരിക്കേറ്റു. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

കെ വിദ്യയുടെ പി.എച്ച്ഡി പ്രവേശനത്തില്‍ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കുമെന്നു കാലടി സര്‍വകലാശാല വിസി. സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചോയെന്നാണു പരിശോധിക്കുന്നത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍നിന്നുമായി ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുന്ന 2085 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റിയാസ് അഹമ്മദ്, കോഴിക്കോട് നരിക്കുനി സ്വദേശിയായ സുഹൈല്‍ എന്നിവരില്‍ നിന്നാണ് ക്യാപ്സ്യൂള്‍ സ്വര്‍ണം പിടികൂടിയത്.

തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. അരിക്കൊമ്പന്‍ ജനവാസമേഖലകളില്‍ ഭീഷണിയായപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു.

മൂന്നാം ചന്ദ്രയാന്‍ ദൗത്യം അടുത്ത മാസം പകുതിയോടെയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഗഗന്‍യാന്‍ ദൗത്യത്തില്‍ മനുഷ്യരെ അയക്കുമ്പോള്‍ വെല്ലുവിളികളെല്ലാം കണക്കിലെടുത്ത് അവരെ സുരക്ഷിതരായി തിരിച്ചിറക്കാനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയില്‍ ജെജെപി- ബിജെപി സഖ്യ സര്‍ക്കാരിനു പിന്തുണയുമായി നാലു സ്വതന്ത്ര എംഎല്‍എമാര്‍ ഹരിയാനയുടെ ചുമതലയുള്ള ബിപ്ലബ് ദേബുമായി കൂടിക്കാഴ്ച നടത്തി. ജെജെപി -ബിജെപി ബന്ധം വഷളാകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് എംഎല്‍എമാരുടെ നീക്കം.

മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട ബിജെപി എംഎല്‍എ വുങ്‌സാഗിന്‍ വാള്‍ട്ടെയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഏഴുമാസം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍. ആക്രമണത്തില്‍ ശബ്ദം നഷ്ടമായ എംഎല്‍യുടെ ഓര്‍മ്മയ്ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *